15 Jun 2026 3:54 PM IST
Summary
രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 18 ശതമാനം വര്‍ധിച്ച് 45.20 ബില്യണ്‍ ഡോളറിലെത്തി. സേവന കയറ്റുമതി മുന്‍ വര്‍ഷത്തെ 32.46 ബില്യണ്‍ ഡോളറില്‍ നിന്ന് 36.76 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
മെയ് മാസത്തില്‍ ഇന്ത്യയുടെ വ്യാപാരമേഖലയില്‍ ഉണര്‍വ്. എഞ്ചിനീയറിംഗ്, പെട്രോളിയം, ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങളുടെ കുതിപ്പില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 18 ശതമാനം വര്‍ധിച്ച് 45.20 ബില്യണ്‍ ഡോളറിലെത്തി. സേവന കയറ്റുമതിയിലും സമാനമായ വളര്‍ച്ച പ്രകടമാണ്.
അതേസമയം, ഇറക്കുമതി 20.6 ശതമാനം ഉയര്‍ന്ന് 73.41 ബില്യണ്‍ ഡോളറായതോടെ വ്യാപാര കമ്മി 28.21 ബില്യണ്‍ ഡോളറായി വര്‍ധിച്ചു. ആഗോളതലത്തിലെ ഡിമാന്‍ഡ് കുറവും ഉയര്‍ന്ന ലോജിസ്റ്റിക് ചെലവുകളും വെല്ലുവിളിയായി തുടരുന്നുണ്ടെങ്കിലും, സേവനമേഖലയിലെ പ്രകടനം പ്രതീക്ഷ നല്‍കുന്നു.
മെയ് മാസത്തില്‍ സേവന കയറ്റുമതി മുന്‍ വര്‍ഷത്തെ 32.46 ബില്യണ്‍ ഡോളറില്‍ നിന്ന് 36.76 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. അതേസമയം സേവന ഇറക്കുമതി 16.70 ബില്യണ്‍ ഡോളറില്‍ നിന്ന് 19.06 ബില്യണ്‍ ഡോളറായിരുന്നു.
യുഎസ്-ഇറാന്‍ സമാധാന കരാര്‍ ഇന്ത്യക്ക് വലിയ ആശ്വാസമാകും. ഹോര്‍മുസ് കടലിടുക്കിലെ സംഘര്‍ഷം കുറയുന്നത് ചരക്ക് നീക്കത്തിലെ തടസ്സങ്ങള്‍ നീക്കാനും ചെലവ് കുറയ്ക്കാനും സഹായിക്കും. ഇത് പ്രത്യേകിച്ച് ചെറുകിട ബിസിനസുകള്‍ക്കും ഗള്‍ഫ് മേഖലയെ ആശ്രയിക്കുന്ന കയറ്റുമതിക്കാര്‍ക്കും വലിയ ഗുണം ചെയ്യും.
2031-ഓടെ മൊത്തം കയറ്റുമതി 2 ട്രില്യണ്‍ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇന്ത്യ. ഇതിനായി എംഎസ്എംഇ മേഖലയ്ക്കും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്കും കൂടുതല്‍ മുന്‍ഗണന നല്‍കാനും ബ്രാന്‍ഡ് ഇന്ത്യ ആഗോളതലത്തില്‍ കൂടുതല്‍ ശക്തമാക്കാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.
പഠിക്കാം & സമ്പാദിക്കാം
Home
