image

4 Nov 2026 11:27 AM IST

Trade

27%ല്‍ നിന്ന് 74.5%ലേക്ക്; ഇന്ത്യയുടെ കയറ്റുമതി ഭൂപടം മാറുന്നു, 329 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍

MyFin Desk

27%ല്‍ നിന്ന് 74.5%ലേക്ക്; ഇന്ത്യയുടെ കയറ്റുമതി ഭൂപടം   മാറുന്നു, 329 ബില്യണ്‍ ഡോളറിന്റെ കരാറുകള്‍
X

Summary

വിപണികള്‍ വൈവിധ്യവത്കരിക്കാനും ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കാനുമായി കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യ എട്ട് വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കി


നിലവിലുള്ള വ്യാപാര ചര്‍ച്ചകള്‍ പൂര്‍ത്തിയായാല്‍ ഇന്ത്യയുടെ വാര്‍ഷിക ചരക്ക് കയറ്റുമതിയുടെ മുക്കാല്‍ ഭാഗത്തോളം മുന്‍ഗണനാ വിപണി പ്രവേശനത്തിന്റെ പരിധിയിലാകും. വാണിജ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, നിലവില്‍ പ്രാബല്യത്തിലുള്ള വ്യാപാര കരാറുകള്‍ കയറ്റുമതിയുടെ 27.4 ശതമാനം മാത്രമാണ് ഉള്‍ക്കൊള്ളുന്നത്. ചര്‍ച്ചയിലുള്ള കരാറുകള്‍ കൂടി പൂര്‍ത്തിയായാല്‍ ഇത് 74.5 ശതമാനമായി ഉയരും. 2025-26 സാമ്പത്തിക വര്‍ഷത്തെ 441.5 ബില്യണ്‍ ഡോളറിന്റെ ചരക്ക് കയറ്റുമതി അടിസ്ഥാനമാക്കിയാല്‍, കരാറുകളുടെ പരിധിയിലുള്ള കയറ്റുമതി മൂല്യം 120.9 ബില്യണ്‍ ഡോളറില്‍നിന്ന് 329 ബില്യണ്‍ ഡോളറായി വര്‍ധിക്കും.

വിപണികള്‍ വൈവിധ്യവത്കരിക്കാനും ആഭ്യന്തര കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ തുറക്കാനുമായി കഴിഞ്ഞ ആറുവര്‍ഷത്തിനിടെ ഇന്ത്യ എട്ട് വ്യാപാര കരാറുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. പത്തിലധികം കരാറുകളില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ ഒമാന്‍, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലാന്‍ഡ് എന്നിവയുമായുള്ള മൂന്ന് സ്വതന്ത്ര വ്യാപാര കരാറുകള്‍ പ്രാബല്യത്തിലായി. 120.9 ബില്യണ്‍ ഡോളറെന്ന കണക്ക് ഈ മൂന്ന് കരാറുകളുടേത് മാത്രമല്ല, നിലവില്‍ പ്രാബല്യത്തിലുള്ള എല്ലാ കരാറുകളും ചേര്‍ന്ന് ഉള്‍ക്കൊള്ളുന്ന കയറ്റുമതി മൂല്യമാണ്.

ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറാണ് അടുത്ത ഘട്ടത്തിലെ ഏറ്റവും നിര്‍ണായക നീക്കം. 2026 ജനുവരി 27-ന് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി പ്രഖ്യാപിച്ച കരാര്‍, 2026 ഡിസംബറില്‍ ഒപ്പുവെച്ച് 2027 തുടക്കത്തില്‍ നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുപുറമേ അമേരിക്കയുമായുള്ള ഉഭയകക്ഷി വ്യാപാര കരാര്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍, മെര്‍കോസൂര്‍, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, ഖത്തര്‍, കാനഡ, ചിലി, ഇസ്രയേല്‍, പെറു, ബംഗ്ലാദേശ്, മാലിദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായും ബ്ലോക്കുകളുമായും ഇന്ത്യ ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.

കരാറുകളുടെ വിപുലീകരണം കയറ്റുമതിക്കൊപ്പം ഇറക്കുമതിയെയും സാരമായി ബാധിക്കും. നിലവിലെ സ്വതന്ത്ര വ്യാപാര കരാറുകള്‍ ഇന്ത്യയുടെ ഇറക്കുമതിയുടെ 33.1 ശതമാനമാണ് ഉള്‍ക്കൊള്ളുന്നത്. എല്ലാ ചര്‍ച്ചകളും പൂര്‍ത്തിയായാല്‍ ഇത് 67 ശതമാനമായി ഉയരും. കയറ്റുമതിയും ഇറക്കുമതിയും ചേര്‍ന്ന മൊത്തം ചരക്കുവ്യാപാരത്തില്‍ മുന്‍ഗണനാ ക്രമീകരണങ്ങളുടെ വിഹിതം നിലവിലെ 31 ശതമാനത്തില്‍നിന്ന് 69.7 ശതമാനത്തിലെത്താനും സാധ്യതയുണ്ട്. ഇതോടെ ഇന്ത്യയുടെ വിദേശവ്യാപാരത്തില്‍ മുന്‍ഗണനാ കരാറുകളുടെ പങ്ക് ഗണ്യമായി വിപുലമാകും.