11 Oct 2026 12:17 PM IST
വ്യാപാര കരാറില്‍ യുഎസ് പിന്നോട്ട്; നിലപാട് കടുപ്പിച്ച് ഇന്ത്യ, മുന്നില്‍ അനിശ്ചിതത്വം
MyFin Desk
Summary
ഇടക്കാല ധാരണയുടെ അടിസ്ഥാനത്തില്‍ കരാര്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുപകരം, മാറിയ താരിഫ് നയങ്ങളും നിയമപരമായ സാഹചര്യങ്ങളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന്റെ ആദ്യഘട്ടം അന്തിമമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുതിയ സാഹചര്യങ്ങള്‍ക്കനുസരിച്ച് മുന്നോട്ടുപോകുകയാണെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ഇടക്കാല ധാരണയുടെ അടിസ്ഥാനത്തില്‍ കരാര്‍ ഉടന്‍ പൂര്‍ത്തിയാക്കുന്നതിനുപകരം, മാറിയ താരിഫ് നയങ്ങളും നിയമപരമായ സാഹചര്യങ്ങളും കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം. ന്യൂഡല്‍ഹിയില്‍ പിഎച്ച്ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി അംഗങ്ങളെ അഭിസംബോധന ചെയ്യവേ, ചില സാഹചര്യങ്ങള്‍ മാറിയിട്ടുണ്ടെന്നും അവ പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരിയില്‍ പ്രഖ്യാപിച്ച ചട്ടക്കൂട് പ്രകാരം, ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള അമേരിക്കയുടെ പരസ്പര താരിഫ് 18 ശതമാനമായി കുറയ്ക്കാനും റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്ന 25 ശതമാനം അധിക പിഴത്തീരുവ ഒഴിവാക്കാനും ധാരണയുണ്ടായിരുന്നു. എന്നാല്‍, അമേരിക്കന്‍ സുപ്രീം കോടതിയുടെ താരിഫ് സംബന്ധിച്ച വിധിയും തുടര്‍ന്ന് വാഷിംഗ്ടണ്‍ പ്രഖ്യാപിച്ച പുതിയ തീരുവ നടപടികളും വ്യാപാര ചര്‍ച്ചകളുടെ പശ്ചാത്തലം മാറ്റി. ഫെബ്രുവരി 20-ലെ കോടതി വിധിക്കുശേഷം അമേരിക്ക പ്രഖ്യാപിച്ച പുതിയ താരിഫ് വ്യവസ്ഥകള്‍ കരാറിലെ തീരുവ സംബന്ധിച്ച നിബന്ധനകള്‍ വീണ്ടും വിലയിരുത്തേണ്ട സാഹചര്യമുണ്ടാക്കി.
അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മറ്റു രാജ്യങ്ങളേക്കാള്‍ അനുകൂലമായ താരിഫ് ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. വ്യാപാര കരാറിന്റെ സങ്കീര്‍ണമായ വിശദാംശങ്ങള്‍ പരിഹരിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കൊപ്പം വിദഗ്ധരുടെ സൂക്ഷ്മമായ വിലയിരുത്തലും അനിവാര്യമാണെന്ന് ഗോയല്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. മില്‍വാക്കിയില്‍ നടന്ന ജി20 വ്യാപാര മന്ത്രിമാരുടെ യോഗത്തിനിടെ അമേരിക്കന്‍ വ്യാപാര പ്രതിനിധി ജാമിസണ്‍ ഗ്രീറുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. അതേസമയം, കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന കാര്യത്തില്‍ അമേരിക്കന്‍ ഭാഗത്തുനിന്ന് ഉറപ്പില്ലാത്ത സൂചനകളാണ് ലഭിക്കുന്നത്.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ക്കൊപ്പം മറ്റു രാജ്യങ്ങളുമായും വ്യാപാരബന്ധം വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇസ്രയേല്‍, ചിലി, ഗള്‍ഫ് സഹകരണ കൗണ്‍സില്‍, യുറേഷ്യന്‍ ഇക്കണോമിക് യൂണിയന്‍ എന്നിവയുമായുള്ള വ്യാപാര കരാര്‍ സാധ്യതകള്‍ ഇന്ത്യ പരിഗണിക്കുന്നു. കാനഡയുമായുള്ള ചര്‍ച്ചകള്‍ വേഗത്തിലാക്കുന്നതിനും മെക്‌സിക്കോയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ദക്ഷിണാഫ്രിക്കന്‍ കസ്റ്റംസ് യൂണിയനുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതിനും ശ്രമം നടക്കുന്നുണ്ട്. യുകെയില്‍നിന്നും കാനഡയില്‍നിന്നുമുള്ള വ്യാപാര മന്ത്രിമാരുടെ ഇന്ത്യാ സന്ദര്‍ശനവും ഈ നീക്കങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നു. മാറുന്ന ആഗോള വ്യാപാര സാഹചര്യത്തില്‍ ഇന്ത്യന്‍ കയറ്റുമതിക്ക് കൂടുതല്‍ വിപണികളും അനുകൂല നിബന്ധനകളും ഉറപ്പാക്കുക എന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യം.
പഠിക്കാം & സമ്പാദിക്കാം
Home
