17 May 2026 1:20 PM IST
Summary
വീണ്ടും ഇന്ധനവില ഉയർന്നേക്കാം. പുതിയ പ്രതിസന്ധി ഉറ്റുനോക്കുകയാണ് എണ്ണ കമ്പനികൾ.
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ധനവില വർദ്ധിപ്പിച്ചിരിക്കുകയാണ്. എന്നിട്ടും പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് ലഭിക്കുമെന്ന് കണക്കാക്കിയ ആശ്വാസം ഇല്ലാതാകാൻ സാധ്യത. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക് നീങ്ങുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം. രൂപയുടെ മൂല്യം ഇനിയും രണ്ട് രൂപ കൂടിയാൽ, നിലവിലെ ഇന്ധനവില വർദ്ധനവിന്റെ ഗുണം പൂർണ്ണമായും നഷ്ടപ്പെടുമെന്ന് കഴിഞ്ഞ ദിവസം എസ്ബിഐ റിസർച്ച് റിപ്പോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.
എണ്ണ വിപണന കമ്പനികളുടെ ഭീമമായ നഷ്ടം നികത്തുന്നതിനായി അടുത്തിടെ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതം വർദ്ധിപ്പിച്ചിരുന്നു. പ്രതിദിനം 1,000 കോടി രൂപയുടെ നഷ്ടമാണ് എണ്ണക്കമ്പനികൾ നേരിടുന്നത്. വിലവർദ്ധനവിലൂടെ വർഷം 52,700 കോടി രൂപയുടെ ആശ്വാസം കമ്പനികൾക്ക് ലഭിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, രൂപയുടെ തളർച്ച ഈ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചേക്കാം എന്ന സൂചനയുണ്ട്. ഇങ്ങനെ വന്നാൽ എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിക്കാനും സാധ്യതയുണ്ട്.
2026-27 സാമ്പത്തിക വർഷത്തിൽ ഡോളറിനെതിരെ രൂപയുടെ ശരാശരി മൂല്യം 94 രൂപയും, ക്രൂഡ് ഓയിൽ വില ബാരലിന് 106 ഡോളറുമാകും എന്നാണ് എസ്ബിഐ കണക്കാക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധം മൂലം ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ നീക്കം കുറഞ്ഞതും, ആഗോളതലത്തിൽ എണ്ണശേഖരം കുറയുന്നതും വിപണിയെ വൻ സമ്മർദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതിച്ചെലവ് ക്രമാതീതമായി ഉയരുകയാണ്.
ഓൺലൈൻ ടാക്സി ഡ്രൈവർമാരും പ്രതിസന്ധിയിൽ
ഇന്ധനവിലയിലുണ്ടായ 3 രൂപയുടെ വർദ്ധനവ് മെയ്-ജൂൺ മാസങ്ങളിലെ പൊതു പണപ്പെരുപ്പ നിരക്കിൽ 15 മുതൽ 20 ബേസിസ് പോയിന്റിന്റെ വരെ വർദ്ധനവിന് കാരണമാകും എന്നാണ് വിലയിരുത്തൽ. രാജ്യം നേരിടുന്ന ഈ ബാഹ്യ സാമ്പത്തിക വെല്ലുവിളികൾ പണപ്പെരുപ്പം കുതിച്ചുയരാനും കാരണമാകും.
രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാൽ എണ്ണക്കമ്പനികളുടെ നഷ്ടം വീണ്ടും വർദ്ധിക്കും. മറ്റൊരു ഇന്ധനവില വർദ്ധനവുണ്ടായാൽ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരും. ഇപ്പോൾ തന്നെ ഇന്ധന വില വർധന മൂലം വരുമാനം കുറയാതിരിക്കാൻ രണ്ട് മണിക്കൂർ മുതൽ നാലു മണിക്കൂർ വരെ അധികം ജോലി ചെയ്യേണ്ട സ്ഥിതിയാണെന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരും ഭക്ഷണ വിതരണ രംഗത്ത് പ്രവർത്തിക്കുന്നവരും പറയുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
