image

30 Jan 2023 10:30 AM GMT

Kerala

വെള്ളിയാകുളം വിനോദസഞ്ചാര ഭൂപടത്തിലേക്ക്

Bureau

velliyakulam
X

Summary

  • മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാകുളത്ത് നടക്കുന്നത്


ചേര്‍ത്തലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറാനൊരുങ്ങി വെള്ളിയാകുളം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുള്‍പ്പടെ മൂന്ന് കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് തണ്ണീര്‍മുക്കം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വെള്ളിയാകുളത്ത് നടക്കുന്നത്. ഇതിന്റെ ഭാഗമായി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 'വഴിയിടം' ടേക്ക് എ ബ്രേക്ക് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 29ന് രാവിലെ 11.30ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു.

ഫുഡ് കോര്‍ട്ട് മുതല്‍ മൂലയൂട്ടല്‍ കേന്ദ്രം വരെ

ആഭ്യന്തര സഞ്ചാരികളെ ലക്ഷ്യംവെച്ച് മികച്ച സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഫുഡ് കോര്‍ട്ട്, വിശ്രമ കേന്ദ്രം, മൂലയൂട്ടല്‍ കേന്ദ്രം, ശുചിമുറികള്‍ തുടങ്ങിയ സൗകര്യങ്ങളാണ് 1165 ചതുരശ്ര അടിയില്‍ നിര്‍മിച്ച കെട്ടിടത്തിലുള്ളത്. 2000 ചതുരശ്ര അടി പാര്‍ക്കിംഗ് സ്ഥലവുമുണ്ട്. 30 ലക്ഷം രൂപ ചെലവിലാണിത് നിര്‍മിച്ചിട്ടുള്ളത്. പൂര്‍ണമായും ഭിന്നശേഷി സൗഹൃദമായാണ് കെട്ടിടത്തിന്റെ നിര്‍മാണം. കുടുംബശ്രീ സംരംഭകര്‍ക്കാണ് ഫുഡ് കോര്‍ട്ടിന്റെ നടത്തിപ്പ് ചുമതല.

പി.എം.കെ.എസ്.വൈ. പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37 ലക്ഷം രൂപ ചെലവില്‍ വെള്ളിയാകുളം കുളത്തിന്റെ ആഴം കൂട്ടി കല്ലുകെട്ടി സംരക്ഷിക്കുന്ന പദ്ധതിയും പുരോഗമിക്കുകയാണ്. പഞ്ചായത്ത് ഫണ്ടും ഇതിനായി വിനിയോഗിക്കുന്നുണ്ട്. ഓപ്പണ്‍ സ്റ്റേജ്, ഓപ്പണ്‍ ജിം, വാക്ക് വേ, കുട്ടികളുടെ പാര്‍ക്ക് തുടങ്ങിയവയും കുളത്തിനു ചുറ്റും നിര്‍മിക്കും

നങ്ങേലിപ്പുര

സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള നങ്ങേലിപ്പുരയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. വ്യവസായ കേന്ദ്രം, ഫിറ്റ്‌നസ് സെന്റര്‍ തുടങ്ങിയവയാണ് നങ്ങേലിപ്പുരയിലുണ്ടാവുക. വിനോദസഞ്ചാര സാധ്യതകളെ ഉള്‍ക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് പഞ്ചായത്ത് മുന്‍ഗണന നല്‍കുന്നത്. എല്ലാ വികസനപദ്ധതികളും പൂര്‍ത്തിയാകുമ്പോള്‍ വെള്ളിയാകുളം വിനോദസഞ്ചാര ഹബ്ബായി മാറുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. മഞ്ജുളയും വൈസ് പ്രസിഡന്റ് പ്രവീണ്‍ ജി. പണിക്കരും പറഞ്ഞു.