image

3 Feb 2023 2:45 PM GMT

Technology

ഐടിയില്‍ കേമനാര്; തിരുവനന്തപുരമോ കോഴിക്കോടോ അതോ കൊച്ചിയോ?

MyFin Bureau

ഐടിയില്‍ കേമനാര്; തിരുവനന്തപുരമോ കോഴിക്കോടോ അതോ കൊച്ചിയോ?
X

Summary

  • 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയാവുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്


ഐടി രംഗത്ത് കേരളം ഏറെ മുന്നിലെത്തിയിരിക്കുന്നു. സംസ്ഥാനത്ത് 60,000ത്തിലേറെ പേരാണ് ഈ രംഗത്ത് ജോലിചെയ്യുന്നത്. 250ലേറെ ഐടി കമ്പനികള്‍ വിജയഗാഥ രചിച്ച് പ്രവര്‍ത്തിക്കുന്നു. പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ഭൂരിപക്ഷവും സംസ്ഥാനത്തുണ്ട്. തിരുവനന്തപുരം ടെക്നോപാര്‍ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട്ടെ ഗവണ്‍മെന്റ് സൈബര്‍ പാര്‍ക്ക് എന്നിവയിലായി 800ലേറെ പ്രമുഖ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഒരുലക്ഷത്തിലേറെ പ്രൊഫഷനലുകള്‍ ഇവിടെ ജോലി ചെയ്യുന്നു. 2026ഓടെ 15,000 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വേദിയാവുകയാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്.

2016ല്‍ 9,753 കോടി രൂപയുടെ ഐടി കയറ്റുമതി ചെയ്ത കേരളം 2022ഓടെ 17,536 കോടിയുടെ ഐടി കയറ്റുമതി ചെയ്തു പുതിയ റെക്കോര്‍ഡ് സൃഷ്ടിച്ചു. ഐടി കമ്പനികളുടെ എണ്ണം 640ല്‍ നിന്ന് 1,106 ആയി വര്‍ധിച്ചതോടെയാണിത്. തൊഴിലാളികളുടെ എണ്ണം 78,068ല്‍ നിന്ന് 1,35,288 ആയും ഉയര്‍ന്നു. 2021ലേക്കാള്‍ 30 ശതമാനത്തിന്റെ വര്‍ധനയാണ് വരുമാനത്തിലുണ്ടായത്.

ഒരേയൊരു ഐടി പാര്‍ക്

ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഐ ടി പാര്‍ക്കുകളിലൊന്നാണ് ടെക്നോപാര്‍ക്. 1990ല്‍ തലസ്ഥാനത്ത് നിര്‍മിക്കപ്പെട്ട ഈ സ്ഥാപനത്തില്‍ 470 കമ്പനികളിലായി 70,000ത്തിലേറെ ഐടി പ്രഫഷനലുകളാണ് ജോലി ചെയ്യുന്നത്. 766.86 ഏക്കര്‍ പ്രദേശത്ത് വ്യാപിച്ചുകിടക്കുകയാണിത്.

ടെക്നോപാര്‍കിന് 1,600 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കിയിരിക്കുകയാണ്. ടെക്നോപാര്‍കിന്റെ നാലാംഘട്ട കാമ്പസായ ടെക്നോസിറ്റിയുടെ വികസനത്തിനു വേണ്ടിയാണിത്. ഇവിടെ ഒരു ചെറിയ ടൗണ്‍ഷിപ്പ് മാതൃകയിലുള്ള കാമ്പസാണ് നിര്‍മിക്കുന്നത്. ഇതില്‍ ഓഫിസുകള്‍, താമസ-ഷോപ്പിംഗ് സൗകര്യം, ഹോസ്പിറ്റലുകള്‍, സ്‌കൂളുകള്‍, കോലജുകള്‍ തുടങ്ങി എല്ലാം ഉണ്ടാകും. 30 ഏക്കറിലായി 40 ലക്ഷം ചതുരശ്ര അടി സ്ഥലത്താണ് പദ്ധതി വരുന്നത്. 2025 ഓടെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

381 കോടി രൂപ ചെലവില്‍ 5.5 ഏക്കറില്‍ 8.50 ചതുരശ്ര അടിയില്‍ ഐടി കോംപ്ലക്സ് നിര്‍മിക്കും. ഒരേസമയം 6,000 ഐ.ടി പ്രഫഷനലുകള്‍ക്ക് ഇവിടെ ജോലിചെയ്യാന്‍ സാധിക്കും. ടെക്നോപാര്‍കിന്റെ തന്നെ ഭാഗമാണ് നോളജ് സിറ്റിയും. 100 ഏക്കറിലുള്ള ഇത് ഭാവി ടെക്നോളജിക്കു വേണ്ടിയുള്ളതാണ്. ടെക്നോസിറ്റിയും നോളജ്സിറ്റിയും ചേര്‍ന്ന് ഐ.ടി രംഗത്ത് കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെഴുതുമെന്നുറപ്പ്.

ഇന്‍ഫോസിസ്, യു.എസ്.ടി ഗ്ലോബല്‍, ടിസിഎസ്, ഏണസ്റ്റ് ആന്‍ഡ് യംഗ്, അലിയന്‍സ്, ഒറാക്കിള്‍ തുടങ്ങി ഏതാണ്ടെല്ലാ പ്രമുഖ കമ്പനികളും ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നു. എംബസി തൗറസ്, ബ്രിഗേഡ് എന്റര്‍പ്രൈസസ്, കാര്‍ണിവല്‍ ഇന്‍ഫോപാര്‍ക്, സീവ്യൂ, ആംസ്റ്റര്‍ ഹൗസ്, എം-സ്‌ക്വാര്‍ഡ് തുടങ്ങിയ കോ-ഡെവലപര്‍മാരും സഹായത്തിനുണ്ട്.

2020-21ല്‍ ടെക്നോപാര്‍ക് നേടിയത് 8,501 കോടി രൂപയാണ്. ഇത് 2018-19, 19-20 കാലയളവില്‍ യഥാക്രമം 7,000 കോടി, 7890 കോടി രൂപ ആയിരുന്നു.

ഐടി ഹബ്ബാകാന്‍ കോഴിക്കോടും

രണ്ട് ഐടി പാര്‍ക്കുകളുമായി മുന്നേറുകയാണ് കോഴിക്കോട്. കെട്ടിടമുള്‍പ്പെടെ ഭൗതിക സൗകര്യങ്ങളില്ലാത്തതിനാല്‍ മടിച്ചുനിന്നവരെല്ലാം ഇപ്പോള്‍ കോഴിക്കോട്ടേക്ക് പോവുകയാണ്. ഭാവിയിലെ ഐടി ഹബ് എന്ന വിശേഷണം പോലും നഗരം സ്വന്തമാക്കിക്കഴിഞ്ഞു.

കോഴിക്കോട്ടെ രണ്ടു സൈബര്‍ പാര്‍ക്കുകളിലെയും ഐടി കെട്ടിടങ്ങള്‍ നിറഞ്ഞിരിക്കുന്നു. യുഎല്‍ സൈബര്‍ പാര്‍ക്കിലെ 10 നിലയുള്ള കെട്ടിടത്തില്‍ ഇനി സ്ഥലമില്ല എന്നതാണവസ്ഥ. ഏഴു നിലകളുള്ള സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലും ഏതാനും സ്ഥാപനങ്ങള്‍ക്കേ ഇനി ഇടമുള്ളൂ.

ഇവ കൂടാതെ രാമനാട്ടുകര നോളജ് പാര്‍ക്ക്, കാക്കഞ്ചേരി കിന്‍ഫ്ര, ഹൈലൈറ്റ് ബിസിനസ് പാര്‍ക്ക് എന്നിവയിലെല്ലാം ഐടി കമ്പനികള്‍ക്ക് ബിസിനസ് തുടങ്ങാന്‍ സംവിധാനങ്ങളുണ്ട്. സ്റ്റാര്‍ട്ടപ്പ് മാതൃകയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കോ-വര്‍ക്കിംഗ് കേന്ദ്രങ്ങളും തയ്യാറാണ്. എന്‍ഐടിസിയില്‍ തുടക്കക്കാര്‍ക്കുള്ള ടെക്നോളജി ബിസിനസ് ഇന്‍കുബേഷന്‍ കേന്ദ്രവുമുണ്ട്.

സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ നാനൂറോളം കമ്പനികള്‍ കോഴിക്കോടിന്റെ പല ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. 85 ഐടി കമ്പനികളാണ് സര്‍ക്കാര്‍ ഐടി പാര്‍ക്കിലുള്ളത്. 2000ത്തിലേറെ ജീവനക്കാരും. 50,000 ചതുരശ്ര കിലോറ്ററില്‍ സ്ഥിതിചെയ്യുന്ന യുഎല്‍ സൈബര്‍ പാര്‍ക്കില്‍ 90 കമ്പനികളും 1500ലേറെ ജീവനക്കാരുമുണ്ട്. 62,000 ചതുരശ്ര കിലോമീറ്ററിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് പദ്ധതി.

പല ഐടി കമ്പനികളിലും 300-500 ജീവനക്കാര്‍ വരെയുണ്ട്. യുഎസ്എ, യൂറോപ്പ്, ആഫ്രിക്ക, ഗള്‍ഫ് തുടങ്ങി 30ലധികം രാജ്യങ്ങള്‍ കോഴിക്കോട്ടെ ഐടി കമ്പനികളുടെ ഉപഭോക്താക്കളാണ്. സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിലെ ചില സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിദേശനിക്ഷേപം ലഭിച്ചിട്ടുമുണ്ട്.

കോഴിക്കോട്ടെ ഐടി പ്രൊഫഷനലുകളുടെ വേദിയായ കാലികറ്റ് ഫോറം ഫോര്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (കാഫിറ്റ്) ജില്ലയിലെ ഐടി മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നു. ഇവരുടെ വെബ്സൈറ്റില്‍ പ്രമുഖ ഐടി കമ്പനികളിലെ ഒഴിവുകള്‍ അതത് സമയം അപ്ഡേറ്റ് ചെയ്യുന്നുണ്ട്.

2020-21ല്‍ 26.16 കോടിയായിരുന്നു സര്‍ക്കാര്‍ സൈബര്‍ പാര്‍ക്കിന്റെ വരുമാനം. എന്നാലിത് കഴിഞ്ഞ വര്‍ഷം ഇരട്ടിച്ച് 55.7 കോടിയായുയര്‍ന്നു.

കൊച്ചി ഇന്‍ഫോപാര്‍ക്

2004ല്‍ സ്ഥാപിച്ച കൊച്ചി ഇന്‍ഫോപാര്‍ക് 323 ഏക്കറില്‍ പരന്നുകിടക്കുകയാണ്. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വിസസ്, വിപ്രോ, ക്സെറോക്സ്, കെപിഎംജി, ഇവൈ, ബൈജൂസ്, തുടങ്ങി 430 കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. 51,000 ഐടി ജീവനക്കാര്‍ ഇവിടെ ജോലിചെയ്യുന്നുണ്ട്.

2020-21ല്‍ 6,310 കോടി നേടിയ ഇന്‍ഫോപാര്‍ക് കഴിഞ്ഞ 15 മാസംകൊണ്ട് നേടിയത് 8,200 കോടി രൂപയാണ്. 2019-20ല്‍ 5200 കോടി വരുമാനം നേടിയ സ്ഥാനത്താണിത്.