image

4 Feb 2023 8:45 AM GMT

Business

ബജറ്റ് പ്രഖ്യാപനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കുമോ?

MyFin Bureau

ബജറ്റ് പ്രഖ്യാപനങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കുമോ?
X

Summary

  • 2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍വന്ന ശേഷം അഞ്ചു തവണയാണ് പുതുക്കിയത്


റിയല്‍ എസ്റ്റേറ്റ് മേഖലയെ സംസ്ഥാന ബജറ്റ് ഏറ്റവും ദോഷകരമായി ബാധിക്കുമെന്ന് വിലയിരുത്തല്‍. 2010ല്‍ ഭൂമിയുടെ ന്യായവില നിലവില്‍വന്ന ശേഷം അഞ്ചു തവണയാണ് പുതുക്കിയത്. വിപണി വിലയും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് സര്‍ക്കാര്‍ ശ്രമം. നിലവിലുള്ള ഭൂമിയുടെ ന്യായവില 20 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് വ്യക്തമാക്കിയത്. ചില പ്രദേശങ്ങളിലെ ഭൂമിക്ക് വിപണിവിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. അവിടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കും. ഇക്കാര്യത്തില്‍ വിശദമായ പഠനം നടത്തി പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനാണ് നീക്കം.

ക്രെഡായി പ്രസിഡന്റ് രവി ജാക്കോബ് പറയുന്നു

നോട്ടുനിരോധനവും പിന്നീടു വന്ന കൊവിഡും തകര്‍ത്ത ഈ മേഖലയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് തള്ളിവിടാനേ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ ഉപകരിക്കൂവെന്ന് വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. നിലവില്‍ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും അഞ്ചു ശതമാനമാണ് ന്യായവില. അതാണ് ഇവിടെ 12 ശതമാനമാക്കിയിരിക്കുന്നതെന്ന് ക്രെഡായി പ്രസിഡന്റ് രവി ജാക്കോബ് പറഞ്ഞു. ഫല്‍റ്റുകളുടെ സ്റ്റാമ്പ് ഡ്യൂട്ടി ഏഴു ശതമാനവും ഭൂമിയുടെ ന്യായവില 20 ശതമാനവുമാണ് വര്‍ധിപ്പിച്ചത്.

ഒരു കോടിക്ക് അടക്കേണ്ടത് 12 ലക്ഷം രൂപ

ഒരു കോടി രൂപയുടെ ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് നാലുലക്ഷം രൂപ കൂടുതലായി ചെലവഴിക്കേണ്ട സ്ഥിതിയാണ് ഉണ്ടായിരിക്കുന്നതെന്ന് രവി ചൂണ്ടിക്കാട്ടി. '10 ലക്ഷം രൂപ മുദ്രപത്രത്തിനും രണ്ടു ലക്ഷം രജിസ്‌ട്രേഷന്‍ ഫീസായും വേണ്ടിവരും. ഇങ്ങനെ ഒരു കോടിയുടെ രജിസ്‌ട്രേഷന് 12 ലക്ഷം രൂപ ചെലവുവരും. അതിനാല്‍ ആരും ഭൂമി ഇടപാടിന് മുതിരാത്ത അവസ്ഥയുണ്ടാകാനേ ഇത് വഴിവെക്കൂ. ഞങ്ങളെ പോലുള്ളവര്‍ വെറുതെയിരിക്കേണ്ട അവസ്ഥ വരും.

ഇതിനു പുറമെ പൂട്ടിയ ഫല്‍റ്റുകള്‍ക്കും നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ തീരുമാനം. വിദേശത്ത് കഴിയുന്ന പ്രവാസികളുടെ ഫല്‍റ്റുകളാണ് കൂടുതലായി ഇങ്ങനെ വെറുതെ കിടക്കുന്നത്. സര്‍ക്കാര്‍ നടപടി ഉള്ള ബിസിനസ് കൂടി തകരാനേ ഉപകരിക്കു,' രവി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടി റിയല്‍ എസ്റ്റേറ്റ് മേഖലയെ തകര്‍ക്കുമെന്ന് മലബാര്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റും വ്യവസായിയുമായ ഷെവലിയാര്‍ സിഇ ചാക്കുണ്ണിയും പറഞ്ഞു.

കൂടുതല്‍ ബാധിക്കുക സാധാരണക്കാരെ

വന്‍കിടക്കാരെക്കാള്‍ ചെറിയ വസ്തു ഇടപാടുകള്‍ നടത്തുന്നവരെയാകും പുതിയ തീരുമാനം കൂടുതല്‍ ബാധിക്കുക. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടുന്ന തീരുമാനമാണെങ്കിലും കെട്ടിട നികുതി വര്‍ധനവിനുള്ള ധനമന്ത്രിയുടെ തീരുമാനം സാധാരണക്കാരന്റെ ബജറ്റ് താളംതെറ്റിക്കും.

ഒരുലക്ഷം രൂപയുടെ ഭൂമി ഇടപാട് നടക്കുമ്പോള്‍ 10,000 രൂപയാണ് നികുതി വരുമാനമായി സംസ്ഥാന സര്‍ക്കാരിന് കിട്ടുക. ന്യായവില 20 ശ തമാനം കൂടി ഉയരുമ്പോള്‍ ഒരുലക്ഷം രൂപയായിരുന്ന ഭൂമിയുടെ വില 1,20,000 ആയി ഉയരും. സര്‍ക്കാരിന് കിട്ടുന്ന നികുതി വരുമാനം 10,000ത്തില്‍ നിന്ന് 12,000 ആകും. കുടുംബ സ്വത്തിന്റെ വീതംവയ്പ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഭൂമി ഇടപാടുകള്‍ക്കും ഈ വര്‍ധന ബാധകമാകും.

അതുകൊണ്ടുതന്നെ വന്‍കിട റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരെക്കാള്‍ ചെറുകിടക്കാരെയും ഇടത്തരക്കാരെയും തന്നെയാകും ഭൂമി വില ഉയര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം കാര്യമായി ബാധിക്കുക. വിപണിമൂല്യം കൂടുതലുളള സ്ഥലങ്ങളുടെ വില 30 ശതമാനം കൂട്ടുന്ന കാര്യം പരിഗണിക്കുമെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം നടപ്പായാല്‍ ഭൂമി ഇടപാട് നടത്തുന്നവരുടെ കീശ പിന്നെയും കീറും.

കെട്ടിട നികുതി സമ്പന്നരെ ലക്ഷ്യമിട്ട്

കെട്ടിട നികുതി ഉയര്‍ത്തുമ്പോള്‍ നേട്ടം പ്രാഥമികമായി തദ്ദേശ സ്ഥാപനങ്ങള്‍ക്കാണെങ്കിലും ലൈബ്രറി സെസ് അടക്കം നല്ലൊരു വിഹിതം ഈ ഇനത്തിലും സര്‍ക്കാര്‍ ഖജനാവിലേക്കെത്തും. ഏകീകൃത തദ്ദേശ വകുപ്പ് രൂപീകരണം എന്ന സര്‍ക്കാര്‍ ലക്ഷ്യം നടപ്പായാല്‍ വര്‍ധിപ്പിക്കുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ ഖജനാവിലേക്കു തന്നെ വരും.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുളള ഒന്നിലധികം വീടുകള്‍ക്കും ദീര്‍ഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്കും ഉയര്‍ന്ന നികുതി എന്ന നിര്‍ദേശം സാധാരണക്കാരെക്കാളധികം സമ്പന്നരെയാകും ബാധിക്കുക. അപ്പോഴും ചെറിയ കടമുറികളില്‍ കച്ചവടം നടത്തുന്ന ചെറുകിട കച്ചവടക്കാരെയടക്കം പുതിയ തീരുമാനം ദോഷകരമായി തന്നെ ബാധിക്കും.

കേന്ദ്ര ബജറ്റ് എങ്ങനെ ബാധിച്ചു?

കേന്ദ്ര ബജറ്റിലും റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണ മേഖല വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്നു. സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് സംവിധാനം കൊണ്ടുവരണമെന്ന ദീര്‍ഘകാലത്തെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. നികുതി ഇളവ് നല്‍കുമെന്ന പ്രതീക്ഷയും ധനകാര്യ ബില്ലില്‍ അവഗണിക്കപ്പെട്ടു.

എന്നാല്‍ അടിസ്ഥാന സൗകര്യമേഖലയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റില്‍ മൂലധന ചെലവിലേക്ക് 10 ലക്ഷം കോടി നല്‍കുമെന്നാണ് കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. 33 ശതമാനം വര്‍ധന. ഇത് രാജ്യത്താകെ വികസനം കൊണ്ടുവരുന്ന കാര്യമാണ്. കൂടുതല്‍ നിക്ഷേപം എത്താനും ഇത് സഹായിക്കും. ഇത് വിപണിയിലേക്ക് കൂടുതല്‍ പണമെത്താനും സ്വാഭാവികമായും റിയല്‍ എസ്റ്റേറ്റ് രംഗം ഉണരാനും ഇടയാക്കും.

2 ടയര്‍, 3 ടയര്‍ നഗരങ്ങളിലെ വികസനം

രാജ്യത്തെ 2 ടയര്‍, 3 ടയര്‍ നഗരങ്ങളിലെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നാണ് കേന്ദ്ര ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞത്. ഇത് വീടുനിര്‍മാണ മേഖലയ്ക്ക് അനുകൂലമാണ്. നാഷനല്‍ ഹൗസിംഗ് ബാങ്ക് (എന്‍എച്ച്ബി) വഴി പൊതുമേഖലാ ഏജന്‍സികള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സഹായം നല്‍കുന്നതാണിത്. രാജ്യത്തെ 2 ടയര്‍, 3 ടയര്‍ നഗരങ്ങളിലാണ് ഈ തുക ചെലവഴിക്കുക. സംസ്ഥാനത്ത് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളാണ് 2 ടയര്‍, 3 ടയര്‍ നഗരങ്ങളുടെ പട്ടികയില്‍ വരുന്നത്.

ടയര്‍ മാനദണ്ഡം

ജനസംഖ്യാ കണക്ക് പരിഗണിച്ചാണ് നഗരങ്ങളെ 1 ടയര്‍, 2 ടയര്‍, 3 ടയര്‍ എന്നിങ്ങനെ തരംതിരിക്കുന്നത്. ഒരു ലക്ഷത്തിനു മുകളില്‍ ജനസംഖ്യയുള്ള നഗരങ്ങളാണ് 1 ടയര്‍. അരലക്ഷം മുതല്‍ ഒരുലക്ഷം വരെയുള്ളവ 2 ടയറും 20,000 മുതല്‍ 49,999 വരെ 3 ടയറുമാണ്.