image

4 May 2024 6:22 AM GMT

News

ഏപ്രിലിലെ മുഴുവന്‍ ശമ്പളവും നല്‍കി ബൈജൂസ്

MyFin Desk

ഏപ്രിലിലെ മുഴുവന്‍ ശമ്പളവും നല്‍കി ബൈജൂസ്
X

Summary

  • കടമെടുത്തും, കമ്പനിക്ക് ലഭിച്ച വരുമാനവും ഉപയോഗിച്ചാണു ശമ്പളം നല്‍കിയത്
  • 12,000-ത്തോളം ജീവനക്കാരാണ് ബൈജൂസിലുള്ളത്
  • മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ കമ്പനി സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ 30 കോടി രൂപ വായ്പയെടുത്തിരുന്നു


സാമ്പത്തിക പ്രതിസന്ധിക്കിടെ ബൈജൂസിലെ ജീവനക്കാര്‍ക്ക് ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കിയതായി റിപ്പോര്‍ട്ട്.

12,000-ത്തോളം ജീവനക്കാരാണ് ബൈജൂസിലുള്ളത്. ഇതില്‍ സെയില്‍സ് വിഭാഗത്തിലുള്ള 4000-ത്തോളം ജീവനക്കാര്‍ക്കൊഴികെ ഉള്ളവര്‍ക്കാണ് ഏപ്രിലിലെ ശമ്പളം നല്‍കിയത്.

ബൈജൂസിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി പ്രതിമാസം 40 മുതല്‍ 50 കോടി രൂപ വരെയാണ് ആവശ്യമായി വരുന്നത്.

ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ടീച്ചിംഗ് സ്റ്റാഫിനും, കുറഞ്ഞ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്കും മാത്രമാണ് മുഴുവന്‍ ശമ്പളവും നല്‍കിയത്. മറ്റ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്ക് ഭാഗികമായിട്ടാണു ശമ്പളം നല്‍കിയത്.

കടമെടുത്തും, കമ്പനിക്ക് ലഭിച്ച വരുമാനവും ഉപയോഗിച്ചാണു ശമ്പളം നല്‍കിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ കമ്പനി സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രന്‍ 30 കോടി രൂപ വായ്പയെടുത്തിരുന്നു.

റൈറ്റ്‌സ് ഇഷ്യുവിലൂടെ സമാഹരിച്ച 200 ദശലക്ഷം ഡോളര്‍ ഉപയോഗിച്ചു ശമ്പള കുടിശ്ശിക തീര്‍ക്കാനും, വെണ്ടര്‍ പേയ്‌മെന്റുകള്‍ അടയ്ക്കാനും അനുവദിക്കണമെന്ന് ബൈജൂസ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലില്‍ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന ഇതുവരെ പരിഗണിച്ചിട്ടില്ല. 2024 ജൂണ്‍ 6 ന് ഇക്കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നത്.