28 April 2025 12:22 PM IST
Summary
തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ ലിബറലുകള്‍ക്കെന്ന് സൂചന
കാനഡ ഇന്ന് തെരഞ്ഞെടുപ്പിലേക്ക്. പുതിയ ഭരണകൂടത്തെ തെരഞ്ഞെടുക്കാനുള്ള പോരാട്ടത്തില്‍ ലിബറലുകളും കണ്‍സര്‍വേറ്റീവുകളും ഏറ്റുമുട്ടുന്നു. ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് പിയറി പൊയിലീവ്രെയും തമ്മിലാണ് പ്രധാന മത്സരം.
കാനഡയില്‍ വോട്ടുചെയ്യാന്‍ യോഗ്യരായ 28 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുണ്ട്. അവര്‍ 343 മണ്ഡലങ്ങളില്‍ പാര്‍ലമെന്റ് അംഗങ്ങളെ തിരഞ്ഞെടുക്കും. രാജ്യത്തിനുള്ളില്‍ ആറ് സമയ മേഖലകള്‍ ഉള്ളതിനാല്‍ കാനഡയുടെ വോട്ടിംഗ് പല സമയങ്ങളിലാണ് അവസാനിക്കുക.
ബ്രിട്ടീഷ് കൊളംബിയയിലെ 43 ഇലക്ടറല്‍ ഡിസ്ട്രിക്റ്റുകള്‍ രാജ്യത്തെ ഏറ്റവും ശക്തമായ പോരാട്ട വേദികളില്‍ ഒന്നാണ്. അവസാന അഭിപ്രായ സര്‍വേ പ്രകാരം കണ്‍സര്‍വേറ്റീവുകള്‍ക്ക് 38.9 ശതമാനവും ലിബറല്‍ പാര്‍ട്ടിക്ക് 43 ശതമാനവുമാണ്.
മുന്‍പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്കെതിരായ ജനരോഷം അദ്ദേഹത്തിന്റെ രാജിയില്‍ കലാശിച്ചിരുന്നു. തുടര്‍ന്ന് ലേബര്‍ പാര്‍ട്ട് കാര്‍ണിയെ നേതാവായി തെരഞ്ഞെടുത്തു.
ജനവിധി ലഭിക്കാത്തപക്ഷം, കനേഡിയന്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി മാര്‍ക്ക് കാര്‍ണി മാറും.
മറുവശത്ത്, അദ്ദേഹത്തിന്റെ എതിരാളിയായ പിയറി പൊയിലീവ്രെ, സാമ്പത്തിക പരിഷ്‌കരണവും കര്‍ശനമായ കുടിയേറ്റ നയങ്ങളും വാഗ്ദാനം ചെയ്ത് 'കാനഡ ഫസ്റ്റ്' സമീപനത്തിലൂടെ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫുകളും കാനഡയെ കൂട്ടിച്ചേര്‍ക്കാനുള്ള ഭീഷണികളുമായിരുന്നു ഇരു നേതാക്കളുടെയും അവസാന പ്രചാരണ വിഷയങ്ങള്‍.
ലിബറല്‍ പാര്‍ട്ടി നേതാവ് മാര്‍ക്ക് കാര്‍ണി ഫെഡറല്‍ കമ്മി കുറയ്ക്കുമെന്നും, ഏറ്റവും താഴ്ന്ന വിഭാഗത്തിനുള്ള മാര്‍ജിനല്‍ നികുതി നിരക്ക് കുറയ്ക്കുമെന്നും, 1 മില്യണ്‍ ഡോളറില്‍ താഴെയുള്ള (കനേഡിയന്‍ ഡോളര്‍) വീടുകള്‍ വാങ്ങുന്നവര്‍ക്ക് ചരക്ക് സേവന നികുതി ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കണ്‍സര്‍വേറ്റീവ് നേതാവ് പൊയ്ലിവ്രെ ഏറ്റവും കുറഞ്ഞ നികുതി ബ്രാക്കറ്റ് 15 ശതമാനം കുറയ്ക്കുമെന്നും, വ്യാവസായിക കാര്‍ബണ്‍ നികുതി റദ്ദാക്കുമെന്നും, ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ഫെഡറല്‍ വില്‍പ്പന നികുതി ഇല്ലാതാക്കുമെന്നും വാഗ്ദാനം ചെയ്തു.
പഠിക്കാം & സമ്പാദിക്കാം
Home
