image

4 Jun 2023 9:58 AM GMT

News

ദുരന്ത കാരണം കണ്ടെത്തി; ബുധനാഴ്ചയോടെ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകും: റെയില്‍വേ മന്ത്രി

MyFin Desk

cause of the disaster discovered train services will resume normal
X

Summary

  • 'കവചി'ന് ദുരന്തവുമായി ബന്ധമില്ലെന്ന് വിശദീകരണം
  • ഇലക്ട്രോണിക് ഇന്‍റര്‍ലോക്കിംഗിലെ പ്രശ്നം ദുരന്തത്തിന് വഴിയൊരുക്കി
  • തകര്‍ന്ന കോച്ചുകള്‍ ഇന്നലെ തന്നെ ട്രാക്കില്‍ നിന്ന് നീക്കി


ബാലസോർ ട്രെയിന്‍ ദുരന്തത്തിന്‍റെ മൂലകാരണവും അതിന് ഉത്തരവാദികളായ ആളുകളെയും തിരിച്ചറിഞ്ഞതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. തകരാറിലായ ട്രാക്കുകള്‍ നേരേയാക്കി ബുധനാഴ്ചയോടെ സാധാരണ സർവീസുകൾ പുനഃസ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേ സിഗ്‍നലിംഗിനുള്ള സുപ്രധാന ഉപകരണമായ ഇലക്ട്രിക് പോയിന്റ് മെഷീന്റെയും ഇലക്ട്രോണിക് ഇന്റർലോക്കിംഗിന്റെയും പ്രശ്നമാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് റെയിൽവേ മന്ത്രി അപകടസ്ഥലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ഇലക്ട്രോണിക് ഇന്റർലോക്കിംഗില്‍ വരുത്തിയ, അപകടത്തിന് ഇടയാക്കിയ മാറ്റം തിരിച്ചറിഞ്ഞിട്ടുണ്ട്. ആന്റി-കൊളിഷൻ സിസ്റ്റമായ "കവച്"-ലെ ഏതെങ്കിലും പാളിച്ചയല്ല ദുരന്തത്തിന് ഇടയാക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു. വേഗത്തിലുള്ള റെയിൽവേ സിഗ്നലിംഗ് സാധ്യമാക്കുന്ന ഒരു സുപ്രധാന ഉപകരണമാണ് ഇലക്ട്രിക് പോയിന്റ് മെഷീൻ, ട്രെയിനുകളുടെ സുരക്ഷിതമായ ഓട്ടത്തിൽ ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ മെഷീനുകളുടെ തകരാർ തീവണ്ടി ഗതാഗതത്തെ സാരമായി ബാധിക്കുകയും സുരക്ഷിതമല്ലാത്ത സാഹചര്യങ്ങൾക്ക് കാരണമാവുകയും ചെയ്യും.

2,500 ഓളം യാത്രക്കാരുമായി പോവുകയായിരുന്ന ബെംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസും ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസും ഒരു ഗുഡ്‌സ് ട്രെയിനും ബാലസോറിലെ ബഹനാഗ ബസാർ സ്റ്റേഷന് സമീപം വെള്ളിയാഴ്ച വൈകീട്ട് 7 മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. അപകടത്തിൽ 288 പേർ മരിക്കുകയും 1,100 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

"അപകടത്തെക്കുറിച്ചുള്ള അന്വേഷണം പൂർത്തിയായി, റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) റിപ്പോർട്ട് നൽകിയാലുടൻ എല്ലാ വിശദാംശങ്ങളും അറിയാനാകും. വിശദാംശങ്ങളിലേക്ക് പോകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. റിപ്പോർട്ട് പുറത്തുവരട്ടെ. മൂലകാരണവും ഉത്തരവാദികളെയും തിരിച്ചറിഞ്ഞുവെന്ന് ഞാൻ വ്യക്തമാക്കുന്നു," റെയിൽവേ മന്ത്രി പറഞ്ഞു. അപകടത്തിൽ മരിച്ച മുന്നൂറോളം പേരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. യുദ്ധകാലാടിസ്ഥാനത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പ്രധാന ലൈനുകളിലൊന്നിൽ ട്രാക്കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ട്രാക്കുകള്‍ കഴിയുന്നത്ര വേഗത്തില്‍ ശരിയാക്കുന്നതിനായി ആയിരത്തിലധികം തൊഴിലാളികള്‍ പ്രവര്‍ത്തിച്ചുവെന്ന് റെയില്‍വേ വ്യക്തമാക്കുന്നു. ഏഴ് പൊക്ലെയിൻ മെഷീനുകൾ, രണ്ട് അപകട ദുരിതാശ്വാസ ട്രെയിനുകൾ, മൂന്ന് മുതൽ നാല് വരെ റെയിൽവേ, റോഡ് ക്രെയിനുകൾ എന്നിവ ദുരന്ത സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ട്രാക്കുകളുടെയും ഓവർഹെഡ് ഇലക്ട്രിക് ലൈനുകളുടെയും അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. ട്രാക്കുകളില്‍ നിന്ന് തകര്‍ന്ന കോച്ചുകള്‍ നീക്കം ചെയ്യുന്നത് ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു.