26 March 2026 9:47 PM IST
ഹോട്ടല്‍ ഭക്ഷണം കഴിച്ചാല്‍ മെനുവിലെ വില മാത്രം; അധിക ചാര്‍ജ് ചോദിച്ചാല്‍ എങ്ങനെ പരാതിപ്പെടും?
MyFin Desk
Summary
ബിസിനസ്സ് നടത്തുന്നതിന് ആവശ്യമായ എല്‍പിജി, വൈദ്യുതി, ഇന്ധനം തുടങ്ങിയ ചെലവുകള്‍ സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അത് ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാന്‍ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി
എല്‍പിജി നിയന്ത്രണം മുന്‍നിര്‍ത്തി റെസ്റ്റോറന്റുകളിലും ഹോട്ടലുകളിലും അമിത ചാര്‍ജ് ഈടാക്കുന്നത് നിയമവിരുദ്ധമെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഉപഭോക്തൃ ബില്ലുകളില്‍ ഇത്തരം ഇന്ധനച്ചെലവുകള്‍ ഉള്‍പ്പെടുത്തുന്നത് അന്യായമായ വ്യാപാര രീതിയാണെന്ന് അതോറിറ്റി പ്രഖ്യാപിച്ചു. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും റെഗുലേറ്റര്‍ മുന്നറിയിപ്പ് നല്‍കി.
ഒരു ബിസിനസ്സ് നടത്തുന്നതിന് ആവശ്യമായ എല്‍പിജി, വൈദ്യുതി, ഇന്ധനം തുടങ്ങിയ ചെലവുകള്‍ സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അത് ഉപഭോക്താക്കളുടെ തലയില്‍ കെട്ടിവെക്കാന്‍ പാടില്ലെന്നും അതോറിറ്റി വ്യക്തമാക്കി. മെനു കാര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിലയും ബാധകമായ ജിഎസ്ടിയും മാത്രമേ ബില്ലില്‍ ഉണ്ടാകാവൂ. സര്‍വീസ് ചാര്‍ജ് നിരോധനത്തെ മറികടക്കാന്‍ പല ഹോട്ടലുകളും 'ഗ്യാസ് ചാര്‍ജ്' എന്ന പേരില്‍ പുതിയ വഴികള്‍ കണ്ടെത്തുന്നു എന്ന പരാതികളെത്തുടര്‍ന്നാണ് ഈ സുപ്രധാന നീക്കം.
രാജ്യവ്യാപകമായി ഇത്തരം നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടോ എന്ന് അതോറിറ്റി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഏതെങ്കിലും ഹോട്ടലോ റെസ്റ്റോറന്റോ ഇത്തരം അധിക ചാര്‍ജുകള്‍ ബില്ലില്‍ ചേര്‍ക്കാന്‍ പാടില്ലെന്നും, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് പണം ഈടാക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു.ജില്ലാ കളക്ടര്‍മാര്‍ക്കും സിസിപിഎയ്ക്കും ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രത്യേക അധികാരമുണ്ട്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് റെഗുലേറ്റര്‍ ഉറപ്പുനല്‍കുന്നു.
ഇനി നിങ്ങളുടെ ബില്ലില്‍ ഇത്തരം അനധികൃത നിരക്കുകള്‍ കണ്ടാല്‍ ആദ്യം അത് നീക്കം ചെയ്യാന്‍ ആവശ്യപ്പെടുക. ഹോട്ടല്‍ അധികൃതര്‍ തയ്യാറാകുന്നില്ലെങ്കില്‍ 1915 എന്ന നമ്പറില്‍ വിളിച്ചോ നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ പരാതി നല്‍കാം. കൂടാതെ ഇ-ജാഗൃതി പോര്‍ട്ടല്‍ വഴിയും ജില്ലാ കളക്ടര്‍ക്ക് നേരിട്ടും പരാതി സമര്‍പ്പിക്കാന്‍ സാധിക്കും.
പഠിക്കാം & സമ്പാദിക്കാം
Home
