image

7 Dec 2024 11:43 AM IST

News

85 കേന്ദ്രീയ വിദ്യാലയങ്ങള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിനും കിട്ടി ഒരെണ്ണം 

MyFin Desk

Central government grants new Kendriya Vidyalaya to Kerala
X

കേരളത്തിന് പുതിയ കേന്ദ്രീയ വിദ്യാലയം അനുവദിച്ച് കേന്ദ്രസർക്കാർ. ഇടുക്കി തൊടുപുഴയിലാണ് വിദ്യാലയം ആരംഭിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാസമിതി യോഗത്തിലാണ് പുതിയ കേന്ദ്രീയ വിദ്യാലയത്തിന് അംഗീകാരം ലഭിച്ചത്. ഇതോടെ കേരളത്തിലെ കേന്ദ്രീയ വിദ്യാലയങ്ങളുടെ എണ്ണം 39 ആകും. കേരളത്തിലേത് ഉൾപ്പെടെ 85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾക്കാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയത്. നവോദയ വിദ്യാലയ പദ്ധതിക്ക് കീഴിൽ 28 നവോദയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിനും കാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയിട്ടുണ്ട്.

85 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ള കേന്ദ്രീയ വിദ്യാലയങ്ങള്‍ വികസിപ്പിക്കുന്നതിനുമായി ഏകദേശം 5,872.08 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മോസ്കോ, കാഠ്‌മണ്ഡു, ടെഹ്‌റാൻ എന്നിവിടങ്ങളിലടക്കം 1,256 കേന്ദ്രീയ വിദ്യാലയങ്ങള്‍ പ്രവർത്തിക്കുന്നുണ്ട്. ഏകദേശം 13.56 ലക്ഷം വിദ്യാർത്ഥികളാണ് ഈ കേന്ദ്രീയ വിദ്യാലയങ്ങളിലായി പഠിക്കുന്നത്. പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ വരുന്നതോടെ ഏകദേശം 82,560 വിദ്യാർത്ഥികൾക്ക് പ്രയോജനം ലഭിക്കുമെന്നാണ് കണക്കു കൂട്ടുന്നത്. കൂടാതെ 5,388 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്‌ടിക്കപ്പെടും.

സ്ഥലംമാറ്റപ്പെടുന്ന കേന്ദ്ര സർക്കാർ/സൈനിക ജീവനക്കാരുടെ മക്കൾക്ക് രാജ്യത്തുടനീളം ഏകീകൃത നിലവാരത്തിലുള്ള വിദ്യാഭ്യാസ സൗകര്യങ്ങൾ നൽകുന്നതിനായി 1962 നവംബറിൽ കേന്ദ്രസർക്കാർ അംഗീകാരം നൽകിയ പദ്ധതിയാണ് കേന്ദ്രീയ വിദ്യാലയം.