9 Dec 2025 10:51 AM IST
Summary
ഇൻഡിഗോക്ക് എതിരെ നടപടിക്കൊരുങ്ങി കേന്ദ്രം; വിമാന സർവീസുകൾ കുറച്ചേക്കും
ഇന്‍ഡിഗോക്ക് എതിരെ കനത്ത നടപടിക്ക് കേന്ദ്രം. എയര്‍ലൈന്‍ൻ്റെ സമീപകാലത്തുണ്ടായ വന്‍തോതിലുള്ള വിമാന റദ്ദാക്കലുകളും പ്രവര്‍ത്തന തടസ്സങ്ങളും കണക്കിലെടുത്ത്, കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനിക്കെതിരെ നടപടിയെടുക്കുമെന്ന് സൂചന നല്‍കി. പ്രവര്‍ത്തന സ്ഥിരത ഉറപ്പാക്കുന്നതിനും യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിനുമായി ഇന്‍ഡിഗോയുടെ ശൈത്യകാല വിമാന ഷെഡ്യൂള്‍ സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമെന്ന് സിവില്‍ വ്യോമയാന മന്ത്രി കെ. റാം മോഹന്‍ നായിഡു വ്യക്തമാക്കി. ഇന്‍ഡിഗോ നിലവില്‍ പ്രതിദിനം 2,200 വിമാന സര്‍വീസുകള്‍ നടത്തുന്നുണ്ടെങ്കിലും 'തീര്‍ച്ചയായും ഇത് കുറയ്ക്കും' എന്നുമാണ് സിവില്‍ ഏവിയേഷന്‍ മന്ത്രി പറഞ്ഞത്.
ഡിസംബര്‍ 1 നും 8 നും ഇടയില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വിമാന റദ്ദാക്കലുകള്‍, നീണ്ട കാത്തിരിപ്പ്, ബാഗേജ് കാലതാമസം എന്നിവ നേരിടേണ്ടി വന്നതിനെ തുടര്‍ന്നാണ് നടപടി. ഈ കാലയളവില്‍ റദ്ദാക്കിയ വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് 745 കോടി രൂപ തിരികെ നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു. എയര്‍ലൈനിൻ്റെ കൈവശമുള്ള ഏകദേശം 9,000 ബാഗുകളില്‍ 6,000 എണ്ണം യാത്രക്കാര്‍ക്ക് എത്തിച്ചു, ബാക്കിയുള്ള ബാഗുകള്‍ ചൊവ്വാഴ്ചയോടെ എത്തിക്കാന്‍ ലക്ഷ്യമിടുന്നു.
ഇന്‍ഡിഗോയുടെ മറുപടി
അതേസമയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എയര്‍ലൈനിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. സാങ്കേതിക തകരാറുകള്‍, ശൈത്യകാല ഷെഡ്യൂള്‍ മാറ്റങ്ങള്‍, മോശം കാലാവസ്ഥ, വിമാന ഗതാഗത തിരക്ക്, പുതിയ ക്രൂ റോസ്റ്ററിംഗ് സിസ്റ്റം എന്നിവ ചൂണ്ടിക്കാട്ടി ഇന്‍ഡിഗോ മറുപടി നല്‍കിയെങ്കിലും, റെഗുലേറ്റര്‍ ഇപ്പോഴും നടപടി പരിഗണിക്കുകയാണ്.
വിമാനക്കമ്പനികളുമായി കേന്ദ്രത്തിൻ്റെ കൂടിക്കാഴ്ച
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇന്ന് എല്ലാ എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാരുടെയും ഉന്നതതല അവലോകന യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോള്‍, എങ്ങനെ സാധാരണ നിലയിലാകും, യാത്രക്കാരുടെ പരിചരണത്തിന്റെയും റീഫണ്ട് നടപടിക്രമങ്ങളുടെയും അവലോകനം, വിമാന ടിക്കറ്റ് പരിധി സംബന്ധിച്ച അപ്ഡേറ്റുകള്‍, ഇന്‍ഡിഗോ നേരിടുന്നതുപോലുള്ള ഭാവിയിലെ തടസ്സങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍, സ്ലോട്ട് വിതരണവും മറ്റ് എയര്‍ലൈനുകള്‍ക്ക് പുതിയ ശേഷി അനുവദിക്കലും സംബന്ധിച്ച തീരുമാനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ച ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
