26 Dec 2025 3:31 PM IST
Summary
58 ബില്യണ്‍ ഡോളറിന്റെ വമ്പന്‍ പ്രതിരോധ ബജറ്റിന് മന്ത്രിസഭയുടെ അംഗീകാരം
ചൈനയുമായി വര്‍ധിച്ചുവരുന്ന സംഘര്‍ഷം ചെറുക്കുന്നതിനായി റെക്കോര്‍ഡ് പ്രതിരോധ ബജറ്റുമായി ജപ്പാന്‍. ആക്രമണ ശേഷിയും തീരദേശ പ്രതിരോധവും ശക്തിപ്പെടുത്തുക എന്നതാണ് ലക്ഷ്യം. വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തേക്ക് 5800 കോടി ഡോളറിൻ്റെ പ്രതിരോധ ബജറ്റിനാണ് ടോക്കിയോ രൂപം നല്‍കിയത്. ബജറ്റിന് മന്ത്രിസഭ അംഗീകാരം നല്‍കി.
ജപ്പാന്റെ മിസൈല്‍ ശേഷി ശക്തിപ്പെടുത്തുന്നതിന് ബജറ്റ് 620 കോടി ഡോളര്‍ നീക്കിവച്ചിട്ടുണ്ട്. ഇതില്‍ ഏകദേശം 1,000 കിലോമീറ്റര്‍ ദൂരപരിധിയുള്ള ആഭ്യന്തരമായി വികസിപ്പിച്ച ടൈപ്പ്-12 സര്‍ഫസ്-ടു-ഷിപ്പ് മിസൈലുകള്‍ വാങ്ങുന്നതും ഉള്‍പ്പെടുന്നു.വാര്‍ഷിക ചെലവ് ഏകദേശം 64 ബില്യണ്‍ ഡോളര്‍ ആയി വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ജപ്പാന്റെ അഞ്ച് വര്‍ഷത്തെ പ്രതിരോധ ബില്‍ഡപ്പ് പ്രോഗ്രാമിന്റെ ഭാഗമാണിത്.
ഡ്രോണുകൾക്കായും കൂടുതൽ തുക
യുഎസിനും ചൈനയ്ക്കും ശേഷം പ്രതിരോധമേഖലയിൽ വലിയ തുക ചെലവഴിക്കുന്ന ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ജപ്പാന്‍ മാറുകയാണ്.ഷീല്‍ഡ് സിസ്റ്റത്തിന് കീഴില്‍ നിരീക്ഷണത്തിനും പ്രതിരോധത്തിനുമായി കടല്‍-ഉപരിതല, അണ്ടര്‍വാട്ടര്‍ ഡ്രോണുകള്‍ വിന്യസിക്കുന്നതിനും വലിയ തുക വകയിരുത്തുന്നുണ്ട് . 640 മില്യണ്‍ ഡോളറാണ് ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
ചൈന തായ്വാനെതിരെ നടപടിയെടുത്താല്‍ ജപ്പാന്‍ സൈന്യം ഇടപെടുമെന്ന് നവംബറില്‍ പ്രധാനമന്ത്രി സനേ തകായിച്ചി നടത്തിയ പ്രസ്താവനയ്ക്ക് ശേഷമാണ് ഈ മാറ്റം. ചൈനയുമായുള്ള ജപ്പാന്റെ ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബജറ്റ് പ്രഖ്യാപനം വരുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
