29 Dec 2025 8:09 PM IST
Summary
ചൈന കയറ്റുമതിയില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ബെയ്ജിംഗിന്റെ ഈ നീക്കം വ്യാപാര സന്തുലിതാവസ്ഥക്കെന്ന് സൂചന
പുതുവര്‍ഷത്തില്‍ ചില ഇറക്കുമതികള്‍ക്ക് കുറഞ്ഞ താരിഫ് നിരക്കുകള്‍ ഏര്‍പ്പെടുത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.935 ഇനങ്ങള്‍ക്കാണ് ഈ താല്‍ക്കാലിക നിരക്ക് ഏര്‍പ്പെടുത്തുക.
ചൈന കയറ്റുമതിയില്‍ അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും ഇത് വലിയ വ്യാപാര മിച്ചത്തിലേക്ക് നയിക്കുന്നുവെന്നും ഉള്ള വിമര്‍ശനത്തെ നേരിടുന്നതിനാണ് ഈ നീക്കം. ചുരുക്കത്തില്‍, കൂടുതല്‍ ഇറക്കുമതി ചെയ്യാനും വ്യാപാര അസന്തുലിതാവസ്ഥ കുറയ്ക്കാനും ചൈന ആഗ്രഹിക്കുന്നു.
2026 ജനുവരി 1 മുതല്‍ പുതിയ താരിഫ് നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് സ്റ്റേറ്റ് കൗണ്‍സിലിന്റെ കസ്റ്റംസ് താരിഫ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
ആഭ്യന്തര, അന്താരാഷ്ട്ര വിപണികള്‍ തമ്മിലുള്ള സമന്വയം വര്‍ദ്ധിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള വസ്തുക്കളുടെ വിതരണം വിപുലീകരിക്കുന്നതിനും ഇത് ലക്ഷ്യമിടുന്നു.
ചൈനയിലെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് പുറത്തുവിട്ട ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം, കയറ്റുമതി ഏകദേശം 3.46 ട്രില്യണ്‍ യുഎസ് ഡോളറും ഇറക്കുമതി 2.37 ട്രില്യണ്‍ യുഎസ് ഡോളറുമാണ്. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്. ഇതില്‍ ചൈനയുടെ കയറ്റുമതിയാണ് കൂടുതല്‍.
വര്‍ഷങ്ങളായി, ലോകത്തേക്കുള്ള കയറ്റുമതിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്തുവെന്ന വിമര്‍ശനം ചൈന നേരിടേണ്ടി വന്നു.
സാമ്പത്തിക, വ്യാപാര സഹകരണം കൂടുതല്‍ ആഴത്തിലാക്കുന്നതിനും പ്രാദേശിക സംയോജനം പ്രോത്സാഹിപ്പിക്കുന്നതിനും പുതുവര്‍ഷത്തില്‍ നടപടി സ്വീകരിക്കും. പങ്കാളി രാജ്യങ്ങളുമായി മുന്‍ഗണനാ വ്യാപാര ക്രമീകരണങ്ങള്‍ക്കും ചൈന തയ്യാറാകും.
ഇറക്കുമതി വര്‍ദ്ധിപ്പിക്കാനും ഉയര്‍ന്ന നിലവാരമുള്ള സാധനങ്ങളുടെ വിതരണം വികസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ചൈനയുടെ വ്യാപാര നയത്തിലെ മാറ്റത്തെ ഈ നീക്കം സൂചിപ്പിക്കുന്നു. സാമ്പത്തിക സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും സന്തുലിത വളര്‍ച്ച പ്രോത്സാഹിപ്പിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്ന ഈ മാറ്റങ്ങള്‍ വ്യാപാരത്തിനും അവശ്യവസ്തുക്കളിലേക്കുള്ള പ്രവേശനത്തിനും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
പഠിക്കാം & സമ്പാദിക്കാം
Home
