27 July 2023 2:26 PM IST
Summary
- നിയമാനുസൃതമായ നിക്ഷേപങ്ങളെ രാജ്യം വിലക്കില്ല
- ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം സൂക്ഷ്മ നിരീക്ഷണത്തിലാണ്
- ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡിയും അപേക്ഷ ഇപ്പോഴും സാധുതയുള്ളത്
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയിലും ചൈനയുടെ നിക്ഷേപത്തിന് ഇന്ത്യ വിലക്കുകല്‍പ്പിച്ചിട്ടില്ലെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഡെപ്യൂട്ടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഏത് കമ്പനിക്കും അവരുടെ ബിസിനസിനായി ഇന്ത്യയില്‍ നിക്ഷേപിക്കാം.,m
നിയമാനുസൃതമായ നിക്ഷേപങ്ങളെ രാജ്യം വിലക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതുവഴി മന്ത്രി നല്‍കിയത്. ചൈനീസ് നിക്ഷേപങ്ങളുടെ കാര്യത്തില്‍ ഇങ്ങനെയൊരു ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. അതാണ് ഇപ്പോള്‍ പരിഹരിച്ചത്. 'ചൈന ഉള്‍പ്പെടെയുള്ള എല്ലാ നിക്ഷേപങ്ങള്‍ക്കും ഇന്ത്യ തുറന്നിരിക്കുന്നു' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള 2020 ലെ അതിര്‍ത്തി സംഘര്‍ഷത്തിന് ശേഷം ന്യൂഡെല്‍ഹി ചൈനീസ് ബിസിനസുകളുടെ സൂക്ഷ്മപരിശോധന വര്‍ധിപ്പിച്ചിരുന്നു. ടിക് ടോക്ക് ഉള്‍പ്പെടെ 300 ലധികം ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചെയ്തു. ഇന്ത്യന്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി പണം വിദേശത്തേക്ക് കടത്തിയതന് പലകമ്പനികള്‍ക്കും പിഴ ചുമത്തുകയും ചെയ്തു. മറ്റു പല കമ്പനികള്‍ ഇന്ത്യയില്‍പ്രവര്‍ത്തിക്കുന്നതിന് സുരക്ഷാകാരണങ്ങളാല്‍ വിലക്കുകയും ചെയ്തു.
ഇപ്പോഴും ചൈനീസ് കമ്പനികളുടെ പ്രവര്‍ത്തനം സൂക്ഷ്മ നിരീക്ഷണത്തിലാണ്. എന്നാല്‍ അവ നിയമങ്ങള്‍ പാലിക്കുന്നുവെങ്കില്‍ പ്രവര്‍ത്തനത്തിന് തടസമുണ്ടാകില്ല എന്നാണ് മന്ത്രി വിശദീകരിച്ചത്.
ചൈനീസ് നിക്ഷേപവുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകള്‍ കാരണം രാജ്യത്ത് നൂറുകോടി ഡോളറിന്റെ ഫാക്ടറി സ്ഥാപിക്കാനുള്ള ചൈനീസ് വാഹന നിര്‍മ്മാതാക്കളായ ബിവൈഡി കോയുടെ നിര്‍ദ്ദേശം ഇന്ത്യ നിരസിച്ചിരുന്നു. എങ്കിലും ബിവൈഡി യുടെ അപേക്ഷ 'തീര്‍ച്ചപ്പെടുത്താത്തതും ഇപ്പോഴും സാധുതയുള്ളതുമാണ്', വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുള്ള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് വാണിജ്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ബിവൈഡി പുതിയ അഭിപ്രായപ്രകടനങ്ങള്‍ നടത്തിയിട്ടുമില്ല.
ഇന്ത്യയില്‍ ഇതിനകം രണ്ട് പ്ലാന്റുകളുള്ള ആപ്പിളിന്റെ ചൈനീസ് കരാര്‍ നിര്‍മ്മാതാക്കളായ ലക്‌സ്‌ഷെയര്‍ പ്രിസിഷന്‍ ഇന്‍ഡസ്ട്രി കോ ലിമിറ്റഡ് രാജ്യത്ത് മറ്റൊരു ഫാക്ടറിക്ക് അനുമതിക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ പദ്ധതിക്ക് ഇതുവരെ അംഗീകാരം നല്‍കിയിട്ടില്ല. ഈ ്അപേക്ഷയെക്കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പഠിക്കാം & സമ്പാദിക്കാം
Home
