image

29 April 2024 5:27 AM GMT

News

ഈ വേനല്‍ക്കാലം കോള കമ്പനികള്‍ക്ക് ചാകര; വില്‍പ്പനയില്‍ പ്രതീക്ഷിക്കുന്നത് 25% വര്‍ധന

MyFin Desk

heat rises and sales of colas and beverages, 25% increase is expected
X

Summary

  • ദഹി, ലസ്സി എന്നിവയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്
  • രസ്‌നയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ചെറിയ പായ്ക്കുകളുണ്ട്
  • പ്രമുഖ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ കമ്പനിയായ ബിസ്‌ലേരി ഈ വര്‍ഷം 200 മില്ലിലിറ്ററിന്റെ കുപ്പി പുറത്തിറക്കി. 5 രൂപയാണ് വില


സംസ്ഥാനത്ത് താപനില ഉയരുമ്പോള്‍, കോള, ബിവറേജസ്, ഡയറി കമ്പനികള്‍ക്ക് വില്‍പ്പനയില്‍ അനുകൂല സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്.

കൊക്ക കോള, രസ്‌ന തുടങ്ങിയ കോള, ശീതളപാനീയ കമ്പനികള്‍ വില്‍പ്പന ഉയരുമെന്ന സാഹചര്യത്തെ തുടര്‍ന്ന് ഉല്‍പ്പാദനം വര്‍ധിപ്പിച്ചു.

2023-ലെ വേനല്‍ക്കാലത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വില്‍പ്പനയില്‍ 25 ശതമാനത്തിന്റെ വര്‍ധനയാണ് പ്രതീക്ഷിക്കുന്നതെന്നു കോള, ഡയറി കമ്പനികള്‍ പറയുന്നു.

ഡയറി കമ്പനികള്‍ പുറത്തിറക്കുന്ന ദഹി, ലസ്സി എന്നിവയ്ക്ക് വിപണിയില്‍ വന്‍ ഡിമാന്‍ഡാണ് അനുഭവപ്പെടുന്നത്.

പ്രമുഖ പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ കമ്പനിയായ ബിസ്‌ലേരി ഈ വര്‍ഷം 200 മില്ലിലിറ്ററിന്റെ കുപ്പി പുറത്തിറക്കി. 5 രൂപയാണ് വില.

10 രൂപയില്‍ താഴെ വില വരുന്ന വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ഉല്‍പ്പന്നങ്ങളുള്ളത് രസ്‌നയ്ക്കാണ്. ഈ വര്‍ഷം വേനല്‍ക്കാലത്തിന്റെ പ്രയോജനം ലഭിക്കാന്‍ രസ്‌ന ആംപന്ന (aampanna), ഷിക്കാന്‍ജി (shikanji ) എന്നീ രണ്ട് ഉല്‍പ്പന്നങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 2 രൂപയാണ് വില.

രസ്‌ന കമ്പനിയുടെ മൊത്തത്തിലുള്ള വരുമാന വളര്‍ച്ചയ്ക്ക് 20 ശതമാനം സംഭാവന ചെയ്യുന്നത് ഇത്തരം ചെറിയ പായ്ക്കുകളാണ്.

രസ്‌നയുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും ചെറിയ പായ്ക്കുകളുണ്ട്. ഏറ്റവും കൂടുതല്‍ വിറ്റഴിക്കുന്നത് 1 രൂപയ്ക്ക് വില്‍ക്കുന്ന 1 കാ 2 (1ka2) രസ്‌നയാണ്.

പുതിയ ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്യുന്നതും ഈ സമയത്ത്

ഒട്ടുമിക്ക കമ്പനികളും പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതും വേനല്‍ക്കാലത്താണ്. ഡല്‍ഹിയിലെ ഒരു പ്രമുഖ ഡയറി കമ്പനി ഈ വേനല്‍ക്കാലത്ത് 30 പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചത്. പ്രധാനമായും ഐസ്‌ക്രീം, തൈര് എന്നിവയായിരിക്കും പുറത്തിറക്കുകയെന്നും കമ്പനി അറിയിച്ചു.

വേനല്‍ക്കാലമെന്ന വരുമാന കാലം

വേനല്‍ക്കാല മാസങ്ങളായ ഏപ്രില്‍, മേയില്‍ വില്‍പ്പനയ്ക്ക് ഏറ്റവും അനുകൂല സാഹചര്യമാണെന്നും ഈ കാലയളവില്‍ തങ്ങളുടെ വില്‍പ്പന പൊതുവേ വര്‍ധിക്കാറുണ്ടെന്നും ബിവറേജസ് ഭീമനായ പെപ്പ്‌സിക്കോ പറഞ്ഞു. പെപ്പ്‌സി, 7അപ്പ്, മൗണ്ടന്‍ ഡ്യു, ഗേറ്റൊരാഡ് & ട്രോപ്പിക്കാന എന്നിവയാണ് പെപ്പ്‌സിക്കോ വിപണിയിലിറക്കിയിരിക്കുന്ന പ്രമുഖ ബ്രാന്‍ഡുകള്‍.

കസ്റ്റമേഴ്‌സിനെ ആകര്‍ഷിക്കാന്‍ കമ്പനി പ്രമുഖ താരങ്ങളായ രണ്‍ബീര്‍ കപൂര്‍, രശ്മി മന്ദാന, ഹൃത്വിക് റോഷന്‍, മഹേഷ് ബാബു, കിയാറ അദാനി, നയന്‍ താര എന്നിവരെ രംഗത്തിറക്കുകയും ചെയ്തു.