1 April 2026 9:01 AM IST
Summary
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്
രാജ്യത്ത് പാചക വാതക സിലിണ്ടറിന് വീണ്ടും വില കൂടി. വാണിജ്യാവശ്യത്തിന് നല്‍കുന്ന 19 കിലോഗ്രാം എല്‍പിജി സിലിണ്ടറിന്റെ വിലയാണ് 195.50 രൂപ കൂട്ടിയത്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സിലിണ്ടറിന്റെ വില കൂടിയത്. അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.വിമാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഏവിയേഷന്‍ ഇന്ധനത്തിന്റെ വിലയും പരിഷ്‌കരിച്ചിട്ടില്ല.
പുതിയ നിരക്ക് പ്രാബല്യത്തിലായതോടെ ഡല്‍ഹിയില്‍ സിലിണ്ടറിന് 2,078.5 രൂപയായി. നേരത്തെ ഇത് 1,883 രൂപയായിരുന്നു. കൊല്‍ക്കത്തയില്‍ 218 രൂപയും ചെന്നൈയില്‍ 202.5 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ വാണിജ്യ സിലിണ്ടര്‍ വാങ്ങാന്‍ കൊല്‍ക്കത്തയില്‍ 2,208 രൂപയും ചെന്നൈയില്‍ 2,246 രൂപയും നല്‍കണം. 2,031 രൂപയാണ് മുംബൈയിലെ പുതുക്കിയ നിരക്ക്.
ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷവും ആഗോള എണ്ണ വിതരണം തടസപ്പെടുന്നതുമാണ് സിലിണ്ടര്‍ വില വര്‍ധിക്കാനുള്ള പ്രധാന കാരണം. രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ ലഭിക്കാനില്ലാതെ ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടിയ നിലയിലാണ്. ഈ സാഹചര്യത്തിലാണ് ഇരട്ടപ്രഹരമായി സിലിണ്ടര്‍ വിലയുടെ കുത്തനെ കൂടുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പുള്ള വില വച്ച് കണക്കാക്കിയാല്‍ ഫെബ്രുവരി ഒന്നിനു ശേഷം ഇതുവരെയുണ്ടായ വര്‍ധന 338 രൂപയുടേതാണ്.
രാജ്യത്തെ ഇന്ധന ക്ഷാമം പരിഹരിക്കാനുള്ള കേന്ദ്രത്തിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. സംസ്ഥാനങ്ങള്‍ക്കുള്ള വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിഹിതം കഴിഞ്ഞ ദിവസം 20% കൂടി കേന്ദ്രം പുനഃസ്ഥാപിച്ചിരുന്നു. ഇതോടെ, മിക്ക സംസ്ഥാനങ്ങളുടെയും ആകെ വിഹിതം 70 ശതമാനമായി.
പഠിക്കാം & സമ്പാദിക്കാം
Home
