16 Aug 2023 2:06 PM IST
Summary
- കൊല്ലത്തുള്ള പിഎംഎഫ് ഹോസ്പിറ്റലുമായി സഹകരണം
- ദുബായിലെ മെഡ്‌കെയർ റോയൽ ഹോസ്പിറ്റൽ ഈ വര്‍ഷം അവസാനം തുറക്കും
- പ്രവർത്തന വരുമാനം 21 ശതമാനം വർധിച്ചു
ജിസിസിയിലെയും ഇന്ത്യയിലെയും പ്രമുഖമായ ആരോഗ്യ സേവന ദാതാക്കളിൽ ഒന്നായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ആദ്യ പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. ഏകീകൃത പ്രവര്‍ത്തന വരുമാനം 21 ശതമാനം വാര്‍ഷിക വളർച്ചയോടെ 3,215 കോടി രൂപയിലെത്തി. എബിറ്റ്ഡ പ്രകടനം 33 ശതമാനം എന്ന ഉയര്‍ന്ന വളര്‍ച്ച നേടി 388 കോടി രൂപയിലെത്തി. ഏകീകൃത ലാഭം 19.85 കോടി രൂപയാണ്, മുന്‍ വര്‍ഷം സമാന പാദത്തില്‍ ഇത് 79.77 ആണ്.
"നിലവിലുള്ള ആശുപത്രികളിലെ കിടക്കകളുടെ എണ്ണത്തിലും വർധിച്ചുവരുന്ന ആവശ്യകത നിറവേറ്റുന്നതിനുള്ള പുതിയ സൗകര്യങ്ങളിലും കഴിഞ്ഞ പാദത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇന്ത്യയിലെയും ജിസിസി മേഖലകളിലെയും ശക്തമായ വളർച്ചക്കൊപ്പം വിവിധ ചെലവുകള്‍ യുക്തിസഹമാക്കിയതും സാമ്പത്തിക ഫലങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്, " ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു.
പുതിയ ആശുപത്രികളുടെയും ആവർത്തിക്കാത്ത അസാധാരണമായ ഇനങ്ങളുടെയും വിവരങ്ങള്‍ ഒഴികെ, നികുതിക്ക് ശേഷമുള്ള അറ്റാദായം 87% വർധിച്ച് 84 കോടി രൂപയായി. ഇന്ത്യന്‍ ബിസിനസില്‍ നിന്നുള്ള വരുമാനം 29 ശതമാനം വർധനയോടെ 838 കോടി രൂപയിലെത്തി, എബിറ്റ്ഡ 47 ശതമാനം വർധിച്ച് 123 കോടി രൂപയായി.
സ്റ്റാന്‍റ് എലോണ്‍ അടിസ്ഥാനത്തില്‍ മൊത്തം അറ്റാദായം 52.82 കോടി രൂപയാണ്, മുന്‍വര്‍ഷം സമാന പാദത്തില്‍ ഇത് 29 .88 കോടി രൂപയാണ്. വരുമാനം 457.23 കോടി, 2022 -23 ആദ്യ പാദത്തില്‍ ഇത് 327.68 കോടി രൂപയാണ്.
നിര്‍വഹണ ഘട്ടത്തിലുള്ള പദ്ധതികള്‍ സ്ഥിരതയോടെ മുന്നേറുകയാണ്. കേരളത്തിലെ കൊല്ലത്തുള്ള പിഎംഎഫ് ഹോസ്പിറ്റലുമായുള്ള സഹകരണവും ആസ്റ്റര്‍ പ്രഖ്യാപിച്ചു. ഇതോടെ 2 വർഷത്തിനുള്ളിൽ ഒ&എം അസറ്റ് ലൈറ്റ് മോഡലിന് കീഴിൽ മൊത്തം 530 കിടക്കകൾ കൂട്ടിച്ചേര്‍ത്തുവെന്ന് ആസാദ് മൂപ്പന്‍ വ്യക്തമാക്കി.
"ജിസിസിയിലെ വരുമാനം 18% വർധിച്ച് 2,377 കോടി രൂപയായി. ഞങ്ങളുടെ തന്ത്രപരമായ പ്രോജക്ടുകളും ആസ്തി ക്രമീകരണവും ഇതില്‍ മുഖ്യപങ്കുവഹിച്ചു. ആശുപത്രികൾ, ക്ലിനിക്കുകൾ, ഫാർമസി സെഗ്‌മെന്റുകൾ എന്നിവയിലുടനീളം ഗണ്യമായ വളർച്ച പ്രകടമായി. എബിറ്റ്ഡ ഗണ്യമായ 27% വർദ്ധനവ് കാണിച്ചു," ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ മിസ്. അലീഷ മൂപ്പൻ പറഞ്ഞു,
സെസ്റ്റ് ഫാർമസിയുടെ വിജയകരമായ സമാരംഭവും ഈ പാദത്തിൽ ഉണ്ടായി. ഡിജിറ്റൽ സംരംഭങ്ങൾ മികച്ച ഫലങ്ങൾ നൽകി. ദുബായിലെ മെഡ്‌കെയർ റോയൽ ഹോസ്പിറ്റൽ ഈ വർഷം അവസാനം തുറക്കുമെന്നും അവര്‍ വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
