26 Jan 2026 3:37 PM IST
Summary
മൂന്ന് മാസത്തിനിടെ ബാങ്കിന്റെ ലാഭത്തില്‍ 27 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ ഫീസുകളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ച് 6,100 കോടി രൂപയായി
വായ്പകളിലും നിക്ഷേപങ്ങളിലും മികച്ച വളര്‍ച്ചാ പ്രകടനം കാഴ്ച വച്ച് ആക്‌സിസ് ബാങ്ക്. മൂന്നാം പാദത്തില്‍ അറ്റാദായം 6,490 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 6,304 കോടി രൂപയായിരുന്നു അറ്റാദായം. എന്നാല്‍ ഏറ്റവും ശ്രദ്ധേയമായത് കഴിഞ്ഞ പാദത്തെ അപേക്ഷിച്ചുള്ള വളര്‍ച്ചയാണ്.
വെറും മൂന്ന് മാസത്തിനിടെ ബാങ്കിന്റെ ലാഭത്തില്‍ 27 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബാങ്കിന്റെ പ്രധാന വരുമാന സ്രോതസ്സായ നിക്ഷേപ പലിശയും വായ്പ പലിശയും തമ്മിലുള്ള വ്യത്യാസം 5 ശതമാനം വര്‍ദ്ധിച്ച് 14,287 കോടി രൂപയിലെത്തി.
മൊത്തം പലിശ വരുമാനം 4.3 ശതമാനം ഉയര്‍ന്ന് 32,274 കോടി രൂപയായി. നിക്ഷേപകര്‍ക്ക് നല്‍കേണ്ടി വന്ന പലിശ ഇനത്തില്‍ 17,988 കോടി രൂപയാണ് ബാങ്ക് ചിലവാക്കിയത്.
ബാങ്കിന്റെ ലാഭക്ഷമത സൂചിപ്പിക്കുന്ന എന്‍ഐഎം 3.64 ശതമാനമായി നിലകൊള്ളുന്നു. ബാങ്കിന്റെ ഫീസുകളില്‍ നിന്നുള്ള വരുമാനം 12 ശതമാനം വര്‍ദ്ധിച്ച് 6,100 കോടി രൂപയായി. ഇതില്‍ സിംഹഭാഗവും റീട്ടെയില്‍ ബാങ്കിംഗ് ഫീസുകളില്‍ നിന്നാണ് എന്നത് ബാങ്കിന്റെ ശക്തമായ റീട്ടെയില്‍ സാന്നിധ്യം അടിവരയിടുന്നു.
കോര്‍പ്പറേറ്റ്, കൊമേഴ്‌സ്യല്‍ ബാങ്കിംഗ് ഫീസുകളിലും 11 ശതമാനം വളര്‍ച്ചയുണ്ട്. ട്രേഡിംഗ് ലാഭമായി 61 കോടി രൂപയും ബാങ്ക് സ്വന്തമാക്കി.വായ്പകളിലും നിക്ഷേപങ്ങളിലും ബാങ്ക് മികച്ച വളര്‍ച്ചാ പ്രകടനമാണ് കാഴ്ചവെക്കുന്നത്. എന്നിരുന്നാലും, വരാനിരിക്കുന്ന പലിശ നിരക്ക് മാറ്റങ്ങളും വിപണിയിലെ കടുത്ത മത്സരവും ബാങ്കിന്റെ ലാഭക്ഷമതയെ വരും പാദങ്ങളില്‍ എങ്ങനെ ബാധിക്കുമെന്നത് അറിയേണ്ടതുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
