image

28 Jan 2023 5:18 AM GMT

Stock Market Updates

പലിശ വരുമാനം കൂടി, ബജാജ് ഫിനാൻസിന്റെ ലാഭം 40 ശതമാനം വർധിച്ചു

wilson Varghese

Bajaj Finance
X


നടപ്പു സാമ്പത്തിക വർഷത്തം മൂന്നാം പാദത്തിൽ ബജാജ് ഫിനാൻസിന്റെ ലാഭം വാർഷികാടിസ്ഥാനത്തിൽ 40 ശതമാനം വർധിച്ച് 2,973 കോടി രൂപയായി. അറ്റപലിശ വരുമാനത്തിലുണ്ടായ വർധനവും, കിട്ടാക്കടം പോലുള്ള അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുകയിലുണ്ടായ കുറവുമാണ് നേട്ടത്തിന് കാരണം.

അറ്റ പലിശ വരുമാനം വാർഷികാടിസ്ഥാനത്തിൽ 24 ശതമാനം ഉയർന്ന് 7,435 കോടി രൂപയായി. ഈ പാദത്തിൽ കമ്പനി 7.84 മില്യൺ വായ്പകളാണ് വിതരണം ചെയ്തത്. ഇത് എക്കാലത്തെയും ഉയർന്ന ത്രൈമാസ കണക്കാണ്. വാർഷികാടിസ്ഥാനത്തിൽ 5 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. കൂടാതെ ഡിസംബർ പാദത്തിൽ മാത്രമായി 3.14 ദശലക്ഷം ഉപഭോക്താക്കളാണ് പുതിയതായി ചേർന്നത്. ഇതോടെ കമ്പനിയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 66.05 ദശലക്ഷമായി.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് വരെ 11 ദശലക്ഷം ഉപഭോക്താക്കളാണ് കമ്പനിയുടെ ഭാഗമായത്. കൈകാര്യ ആസ്തിയിൽ 12,476 കോടി രൂപയുടെ വളർച്ചയാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. വില നിർണയത്തിലെ സമ്മർദ്ദം മൂലം മന്ദഗതിയിലുള്ള വളർച്ചയാണ് ഇതിലുണ്ടായിട്ടുള്ളത്. ഇതോടെ കൈകാര്യ ആസ്തി വാർഷികാടിസ്ഥാനത്തിൽ 27 ശതമാനം വർധിച്ച് 2.30 ട്രില്യൺ ആയി.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇത് വരെ കൈകാര്യ ആസ്തി 52,000 -53,000 കോടി രൂപയുടെ വളർച്ച റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബിസ്സിനെസ്സ് ടു ബിസിനെസ്സ് വായ്പ വിതരണം മുൻ വർഷം ഇതേ കാലയളവിൽ റിപ്പോർട്ട് ചെയ്ത 15,107 കോടി രൂപയിൽ നിന്ന് 16,026 കോടി രൂപയായി. നവംബർ ഡിസംബർ മാസങ്ങളിലെ ഉത്സവ കാലത്തേ ഡിമാൻഡ് ഉയർന്നതാണ് ഇതിനു അനുകൂലമായത്.

കിട്ടാക്കടം പോലുള്ള മറ്റു അടിയന്തരാവശ്യങ്ങൾക്കായി മാറ്റി വച്ച തുക വാർഷികാടിസ്ഥാനത്തിൽ 20 ശതമാനം കുറഞ്ഞ് 841 കോടി രൂപയായി. മൊത്ത നിഷ് ക്രിയ ആസ്തി ഈ പാദത്തിൽ 1.14 ശതമാനമായി കുറഞ്ഞു. തൊട്ടു മുൻപുള്ള രണ്ടാം പാദത്തിൽ ഇത് 1.17 ശതമാനമായിരുന്നു. അറ്റ നിഷ്ക്രിയ ആസ്തി തൊട്ടു മുൻപുള്ള പാദത്തിൽ റിപ്പോർട്ട് ചെയ്ത 0.44 ശതമാനത്തിൽ നിന്ന് 0.41 ശതമാനമായി. കമ്പനിയുടെ നിക്ഷേപം ഈ പാദത്തിൽ 42,984 കോടി രൂപയായി. അറ്റ നിക്ഷേപ വളർച്ച 3,562 കോടി രൂപയായി.