28 May 2025 2:24 PM IST
തുടര്‍ച്ചയായ രണ്ടു പാദത്തില്‍ ലാഭവുമായി ബിഎസ്എന്‍എല്‍; നേട്ടം 18 വര്‍ഷത്തിനിടെ ആദ്യം
MyFin Desk
Summary
- നാലാം പാദത്തില്‍ ബിഎസ്എന്‍എല്ലിന് 280 കോടി യുടെ അറ്റാദായം
- ബിഎസ്എന്‍എല്ലിന്റെ അറ്റനഷ്ടം 58 ശതമാനം കുറഞ്ഞു
കഴിഞ്ഞ 18 വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായ രണ്ടാമത്തെ പാദ ലാഭ ലാഭവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ബിഎസ്എന്‍എല്‍ 280 കോടി രൂപയുടെ അറ്റാദായം നേടിയതിയതായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍ കമ്പനി 849 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
2007 ന് ശേഷം തുടര്‍ച്ചയായി രണ്ടാം തവണയും ത്രൈമാസ അടിസ്ഥാനത്തില്‍ അറ്റാദായമാണ് ബിഎസ്എന്‍എല്‍ േേനടിയതെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ കമ്പനി 262 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്പനി ഇപ്പോഴും നഷ്ടത്തിലാണ്.2023-24 ല്‍ 5,370 കോടി രൂപയോളം ഉണ്ടായിരുന്ന ബിഎസ്എന്‍എല്ലിന്റെ അറ്റനഷ്ടം 58 ശതമാനം കുറഞ്ഞ് 2,247 കോടി രൂപയായി.
2025 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം 7.8 ശതമാനം വര്‍ധിച്ച് 20,841 കോടി രൂപയായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 19,330 കോടി രൂപയായിരുന്നു.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ എഫ്ടിടിഎച്ച്, കസ്റ്റമര്‍ മൊബിലിറ്റി, എന്റര്‍പ്രൈസ് സെഗ്മെന്റ് എന്നിവ ആരോഗ്യകരമായ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
മൊത്തം വരുമാനം ഏകദേശം 10 ശതമാനം വര്‍ധിച്ച് 23,400 കോടി രൂപയായി, ഇത് ഏതൊരു സാമ്പത്തിക വര്‍ഷത്തിലെയും ഏറ്റവും വലിയ തുകയാണെന്ന് സിന്ധ്യ പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ബിഎസ്എന്‍എല്ലിന്റെ മൊബിലിറ്റി വരുമാനം 6 ശതമാനം വര്‍ധിച്ച് 7,499 കോടി രൂപയായി. ഫൈബര്‍-ടു-ദി-ഹോം (എഫ്ടിടിഎച്ച്) വരുമാനം 10 ശതമാനം വര്‍ധിച്ച് 2,923 കോടി രൂപയായി. എന്റര്‍പ്രൈസ് സെഗ്മെന്റ് ടോപ്പ്ലൈന്‍ ഉള്‍പ്പെടെയുള്ള ലീസ്ഡ് ലൈന്‍ 3.5 ശതമാനം ഉയര്‍ന്ന് 4,096 കോടി രൂപയുമായി.
ബിഎസ്എന്‍എല്ലിന്റെ 4ജി ഇപ്പോള്‍ സജീവമാണെന്നും എല്ലാ ടവറുകളും സമന്വയിപ്പിക്കേണ്ടതുണ്ടെന്നും സിന്ധ്യ പറഞ്ഞു. 4ജി സേവനങ്ങള്‍ക്കായുള്ള 93,450 ടവറുകള്‍ നിര്‍മിച്ചിട്ടുണ്ട്. കമ്പനിയുടെ ആസ്തി ധനസമ്പാദനം 77 ശതമാനം വര്‍ധിച്ച് 1,120 കോടി രൂപയായെന്നും അദ്ദേഹം പറഞ്ഞു.