image

8 May 2024 11:12 AM GMT

Company Results

ആസ്തി നിലവാരം മെച്ചപ്പെട്ടു; കാനറ ബാങ്കിൻ്റെ അറ്റാദായം 18.4% ഉയർന്നു

MyFin Desk

ആസ്തി നിലവാരം മെച്ചപ്പെട്ടു; കാനറ ബാങ്കിൻ്റെ അറ്റാദായം 18.4% ഉയർന്നു
X

Summary

  • ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 11 ശതമാനം വർധിച്ച് 9,580 കോടി രൂപയിലെത്തി
  • ഓഹരിയൊന്നിന് 16.10 രൂപയുടെ ലാഭവിഹിതം
  • പ്രവർത്തന ലാഭം രണ്ടു ശതമാനം വർധിച്ച് 7,387 കോടി രൂപയായി


മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൻ്റെ നാലാം പാദത്തിൽ കാനറ ബാങ്കിൻ്റെ അറ്റാദായം 18.4 ശതമാനം ഉയർന്ന് 3757.23 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3174 കോടി രൂപയായിരുന്നു. മെച്ചപ്പെട്ട ആസ്തി നിലവാരവും അറ്റ ​​പലിശ വരുമാനം വർദ്ധിച്ചതും ബാങ്കിൻ്റെ അറ്റാദായം ഉയരാൻ കാരണമായി.

റിപ്പോർട്ടിംഗ് പാദത്തിലെ ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം (NII) 11 ശതമാനം വർധിച്ച് 9,580 കോടി രൂപയിലെത്തി. മുൻവർഷം ഇതേ കാലയളവിൽ 8,617 കോടി രൂപയായിരുന്നു. ബാങ്കിന്റെ അറ്റ ​​പലിശ മാർജിനുകൾ (NIM) 3.07 ശതമാനത്തിലെത്തി. മുൻ പാദത്തിലിത് 3.03 ശതമാനവും കഴിഞ്ഞ വർഷത്തിൽ 3.07 ശതമാനവും ആയിരുന്നു.

ഓഹരിയൊന്നിന് 16.10 രൂപയുടെ ലാഭവിഹിതം കമ്പനിയുടെ ബോർഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ കലയളവിലെ ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 4.23 ശതമാനമായി മെച്ചപ്പെട്ടു. മുൻ പാദത്തിൽ 4.39 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ സമാന പാദത്തിൽ 5.35 ശതമാനമായിരുന്നു. അറ്റ നിഷ്‌ക്രിയ ആസ്തി 1.27 ശതമാനമായി മെച്ചപ്പെട്ടു. കഴിഞ്ഞ പാദത്തിൽ 1.32 ശതമാനവും മുൻ വർഷമിത് 1.73 ശതമാനവും ആയിരുന്നു.

നാലാം പാദത്തിലെ ബാങ്കിന്റെ പ്രവർത്തന ലാഭം രണ്ടു ശതമാനം വർധിച്ച് 7,387 കോടി രൂപയായി. കഴിഞ്ഞ വർഷം സമാന പാദത്തിൽ 7252 കോടി രൂപയായിരുന്നു. ജനുവരി-മാർച്ച് കാലയളവിൽ ബാങ്ക് 2,482 കോടി രൂപ പ്രൊവിഷനുകൾക്കായി നീക്കിവെച്ചിട്ടുണ്ട്. ഇത് മുൻ വർഷത്തേക്കാളും 20 ശതമാനം കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 3,095 കോടി രൂപയായിരുന്നു. ബാങ്കിന്റെ നാലാം പാദത്തിലെ മൂലധന പര്യാപ്തത അനുപാതം 16.28 ശതമാനം. പ്രൊവിഷൻ കവറേജ് റേഷ്യോ (പിസിആർ) 89.10 ശതമാനമാണ്, കഴിഞ്ഞ പാദത്തിൽ ഇത് 89.01 ശതമാനവും മുൻ വർഷം 87.31 ശതമാനവുമായിരുന്നു.

റിപ്പോർട്ടിംഗ് കാലയളവിൽ ആഗോള ബിസിനസ് 11.31 ശതമാനം വർധിച്ച് 2.27 ലക്ഷം കോടി രൂപയിലെത്തി. മാർച്ച് പാദത്തിൻ്റെ അവസാനത്തിൽ ഗ്ലോബൽ അഡ്വാന്സ്സ് 11 ശതമാനം ഉയർന്ന് 9.6 ലക്ഷം കോടി രൂപയായി. ബാങ്കിൻ്റെ ആഭ്യന്തര നിക്ഷേപം 11 ശതമാനം വളർച്ച രേഖപ്പെടുത്തി 12.14 ലക്ഷം കോടി രൂപയിലെത്തി. ആഭ്യന്തര അഡ്വാൻസുകൾ 11 ശതമാനം വർധിച്ച് 9.08 ലക്ഷം കോടി രൂപയായി.

നിലവിൽ കാനറാ ബാങ്കിന് 9604 ശാഖകളുണ്ട്, അതിൽ 3103 ഗ്രാമപ്രദേശങ്ങളിലും 2751 അർദ്ധ നഗരങ്ങളിലും 1907 നഗരങ്ങളിലുമാണ്.

കാനറാ ബാങ്ക് ഓഹരികൾ എൻഎസ്ഇ യിൽ 3.34 ശതമാനം താഴ്ന്ന് 557.50 രൂപയിൽ ക്ലോസ് ചെയ്തു.