image

26 May 2023 4:43 PM GMT

Company Results

ഗ്രാസിമിന്‍റെ അറ്റാദായത്തില്‍ 89‍% ഇടിവ്

MyFin Desk

decline in Grasim net profit
X

Summary

  • ഒരു ഓഹരിക്ക് 10 രൂപ ലാഭ വിഹിതം
  • വിസ്കോസ് ബിസിനസില്‍ തിരിച്ചുവരവ്
  • സിമന്‍റ് വില്‍പ്പന 100 എംടിപിഎ എന്ന നാഴികക്കല്ല് പിന്നിട്ടു


മുന്‍നിര മാനുഫാക്ചറിംഗ് കമ്പനിയായ ഗ്രാസിമിന്‍റെ നാലാം പാദത്തിലെ സ്റ്റാന്‍റ് എലോണ്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 88.5% ഇടിവ് രേഖപ്പെടുത്തി 93.51 കോടി രൂപയിലെത്തി. അതേസമയം പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 4.2 ശതമാനം ഉയർന്ന് 6,645.83 കോടി രൂപയായി. വരുമാനം വിപണി പ്രതീക്ഷകളേക്കാള്‍ നേരിയ തോതില്‍ ഉയര്‍ന്നതാണെങ്കിലും ബോട്ടംലൈന്‍ ആശ്ചര്യകരമാം വിധം നെഗറ്റിവ് ആണെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു. നാലാം പാദത്തിൽ ഗ്രാസിമിന്റെ എബിറ്റ്ഡ 43.4 ശതമാനം ഇടിഞ്ഞ് 426 കോടി രൂപയായപ്പോൾ മാർജിൻ 540 ബേസിസ് പോയിന്‍റിന്‍റെ കുത്തനേയുള്ള ഇടിവോടെ 6.4 ശതമാനത്തിലെത്തി.

2022 -23 സാമ്പത്തിക വര്‍ഷത്തിനായുള്ള ലാഭവിഹിതമായി ഒരു ഓഹരിക്ക് 10 രൂപ വീതം നല്‍കുന്നതിനും ഡയറക്റ്റര്‍ ബോര്‍ഡ് യോഗം ശുപാര്‍ശ ചെയ്തിട്ടുണ്ട്. കമ്പനിയുടെ മറ്റ് വരുമാനം മുൻവർഷത്തെ 87.4 കോടി രൂപയിൽ നിന്ന് 33 ശതമാനം ഉയർന്ന് 116.42 കോടി രൂപയായി. 6,762.3 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 6,463.8 കോടി രൂപയായിരുന്നു.

വിസ്കോസ് ബിസിനസില്‍ നിന്നുള്ള വരുമാനം മുന്‍ പാദത്തെ അപേക്ഷിച്ച് 18 % ഉയര്‍ന്ന് 3,764 കോടി രൂപയിലെത്തി. വിസ്കോസിന്‍റെ എബിറ്റ്ഡ 144 കോടി രൂപയാണ്. മുന്‍ പാദത്തിലിത് 63 കോടി രൂപയായിരുന്നു. കെമിക്കൽസ് ബിസിനസിന്റെ വരുമാനം മുന്‍പാദത്തെ അപേക്ഷിച്ച് 7% കുറഞ്ഞ് 2,397 കോടി രൂപയിലും എബിറ്റ്ഡ 25% കുറഞ്ഞ് 368 കോടി രൂപയിലുമെത്തി.

ആഗോള തലത്തില്‍ തന്നെ വിസ്കോസ് സ്‍റ്റേപ്പിള്‍ ഫൈബര്‍ വ്യവസായം കഴിഞ്ഞ പാദത്തില്‍ നല്ലൊരു തിരിച്ചുവരവ് നടത്തിയെന്നും ചൈനീസ് വിപണികള്‍ വീണ്ടും സജീവമായതാണ് ഇതിന് കാരണമെന്നും കമ്പനി ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ വര്‍ത്തില്‍ കമ്പനിയുടെ മൊത്തം മൂലധന ചെലവിടല്‍ 4,307 കോടി രൂപയാണ്. പെയിന്റ് ബിസിനസ്സിനായുള്ള 1,979 കോടി രൂപ ഉൾപ്പടെയുള്ള കണക്കാണിത്.

സിമന്‍റ് വിൽപ്പന അളവ് 12% വാര്‍ഷിക വര്‍ധനയോടെ 105.7 എംടിപിഎ ആയി. 100 എംടിപിഎ വില്‍പ്പന എന്ന നാഴികക്കല്ല് മറികടക്കുന്ന ആദ്യത്തെ കമ്പനിയായി ഇതിലൂടെ ഗ്രാസിം മാറി. നാലാം പാദത്തിലെ ശേഷി 95% ആണ്. മുന്‍ വര്‍ഷം സമാന പാദത്തിലിത് 90 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി ഏകീകൃത വരുമാനം 20% വർധിച്ച് 63,240 കോടി രൂപയിലും എബിറ്റ്ഡ 11,123 കോടി രൂപയിലുമാണ്. അൾട്രാടെക്കിന്റെ വിപുലീകരണ പരിപാടി ഷെഡ്യൂൾ അനുസരിച്ച് പുരോഗമിക്കുകയാണെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു. 2022 -23ല്‍ കമ്പനി ഗ്രേ സിമന്‍റിന്‍റെ 12.4 എംടിപിഎ അധിക ശേഷി കമ്മീഷൻ ചെയ്തു. ബ്രൗൺഫീൽഡ് സിമന്‍റിന്‍റെ 3 എംടിപിഎ ശേഷിയും കമ്മീഷൻ ചെയ്തു, ഇതോടെ ഇന്ത്യയിലെ മൊത്തം ശേഷി 130 എംടിപിഎ ആയെന്നും കമ്പനി വ്യക്തമാക്കി.