image

13 Jan 2023 5:52 AM GMT

Technology

എച്ച്സിഎല്ലിന്റെ അറ്റാദായം 19 ശതമാനം ഉയര്‍ന്നു, ലാഭം 4,906 കോടി രൂപ

MyFin Desk

HCL
X


ഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ എച്ച്സിഎല്‍ ടെക്നോളജിയുടെ അറ്റ വരുമാനം (കണ്‍സോളിഡേറ്റഡ്) 19 ശതമാനം ഉയര്‍ന്ന് 4,906 കോടി രൂപയായി. സര്‍വീസ് വരുമാനത്തിലുണ്ടായ വളര്‍ച്ചയാണ് കമ്പനിയുടെ ഈ നേട്ടത്തിനു പിന്നില്‍. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,442 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റ വരുമാനം.

കമ്പനി ആദ്യമായാണ് ഒരു പാദത്തില്‍ നികുതിയും, പലിശയും ഒഴിവാക്കുന്നതിനു മുമ്പ് 5,000 കോടി രൂപയുടെ അറ്റ വരുമാനവും, നികുതിയ്ക്ക് ശേഷമുള്ള വരുമാനം 4,000 കോടി രൂപയ്ക്കു മുകളിലും നേടുന്നത്.

എച്ച്സിഎല്‍ ടെക്നോളജിയുടെ കണ്‍സോളിഡേറ്റഡ് റെവന്യു 19.56 ശതമാനം ഉയര്‍ന്ന് 26,700 കോടി രൂപയായി. മുന്‍ വര്‍ഷം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇത് 22,331 കോടി രൂപയായിരുന്നു. സര്‍വീസ് ബിസിനസ്, സോഫ്റ്റ്വേര്‍ ബിസിനസ് എന്നിവയിലെ വളര്‍ച്ചയാണ് ശക്തമായ വരുമാന വളര്‍ച്ചയ്ക്ക് പിന്നിലെന്ന് കമ്പനിയുടെ സിഇഒയും, എംഡിയുമായ സി വിജയകുമാര്‍ അഭിപ്രായപ്പെട്ടു.

കമ്പനിയുടെ പ്രതീക്ഷ കഴിഞ്ഞ പാദത്തിലെ 12 മുതല്‍ 14 ശതമാനം എന്നതില്‍ നിന്നും ഉയര്‍ന്ന് 13.5 ശതമാനം മുതല്‍ 14.5 ശതമാനമായിരുന്നു. എച്ച്സിഎല്‍ ടെക്നോളജി സര്‍വീസ് വരുമാനത്തിലെ വളര്‍ച്ച 16 ശതമാനത്തിനും 16.5 ശതമാനത്തിനുമിടയിലാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം ഡിസംബര്‍ പാദത്തില്‍ 2,22,270 ആണ്. പുതിയതായി കൂട്ടിച്ചേര്‍ത്ത തൊഴിലാളികളുടെ എണ്ണം 2,945 ആണ്.

കമ്പനി ഈ പാദത്തില്‍ 17 വലിയ ഇടപാടുകളാണ് നേടിയത്. അതില്‍ ഏഴെണ്ണം സര്‍വീസ് വിഭാഗത്തിലും, 10 എണ്ണം സോഫ്റ്റ് വേര്‍ വിഭാഗത്തിലുമാണ്. പുതിയ കരാറുകളുടെ ആകെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനം ഉയര്‍ന്ന് 2,347 ദശലക്ഷം ഡോളറിന്റേതാണ്.