image

17 July 2023 8:26 AM GMT

Company Results

എച്ച്ഡിഎഫ്‍സി ബാങ്കിന് പ്രതീക്ഷകള്‍ക്കപ്പുറത്തെ വളര്‍ച്ച; ലാഭം 30% ഉയര്‍ന്നു

MyFin Desk

hdfc bank beats expectations profits rose 30%
X

Summary

  • അറ്റ പലിശ വരുമാനത്തില്‍ 21% ഉയര്‍ച്ച
  • അറ്റ എന്‍പിഎ അനുപാതം മുന്‍പാദത്തെ അപേക്ഷിച്ച് ഉയര്‍ന്നു
  • ആഭ്യന്തര റീട്ടെയിൽ വായ്പകളിൽ ശക്തമായ വളര്‍ച്ച


ജൂണിൽ അവസാനിച്ച പാദത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്ക് രേഖപ്പെടുത്തിയത് അനലിസ്റ്റുകളുടെ പ്രതീക്ഷയ്ക്കും മുകളിലുള്ള പ്രകടനം. അറ്റാദായം 30% വാർഷിക വളർച്ച രേഖപ്പെടുത്തി 11,952 കോടി രൂപയായി, ഏകദേശം 11,000 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തുമെന്നാണ് വിപണി വിദഗ്ധര്‍ പൊതുവില്‍ നിരീക്ഷിച്ചിരുന്നത്. ഏപ്രില്‍ ജൂണ്‍ കാലയളവിലെ മൊത്തവരുമാനം 39 ശതമാനം വാര്‍ഷിക വർധനയോടെ 57,817 കോടി രൂപയായി.

നേടിയ പലിശയും ചെലവഴിച്ച പലിശയും തമ്മിലുള്ള വ്യത്യാസമായ അറ്റ പലിശ വരുമാനം മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 21% ഉയര്‍ച്ചയോടെ 23,599 കോടി രൂപയിലെത്തി.നിഷ്ക്രിയാസ്തിക്കും ആകസ്മിക ചെലവുകള്‍ക്കുമായുള്ള വകയിരുത്തലുകള്‍ക്കു മുമ്പുള്ള പ്രവര്‍ത്തന ലാങം 22% വാര്‍ഷിക വര്‍ധനയോടെ 18,772 കോടി രൂപയില്‍ എത്തിയിട്ടുണ്ട്. വകയിരുത്തല്‍ 2022 -23 ഏപ്രില്‍- ജൂണ്‍ കാലയളവില്‍ 3,188 കോടി രൂപയായിരുന്നത് 2,860 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്.

എച്ച്‍ഡിഎഫ്‍സി-യുമായുള്ള ലയനത്തിനു ശേഷം എച്ച്ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക് 311 കോടിയിലധികം പുതിയ ഓഹരികള്‍ അനുവദിച്ചതായി എച്ച്ഡിഎഫ്‌സി ബാങ്ക് കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ജുലൈ 1നാണ് മാതൃകമ്പനിയും എച്ച്ഡിഎഫ്‌സി ബാങ്കും തമ്മിലുള്ള ലയനം പ്രാബല്യത്തില്‍ വന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് അലോട്ട് ചെയ്ത പുതിയ ഓഹരികള്‍ ഇന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (എന്‍എസ്ഇ) വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

മൊത്ത നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) ജൂൺ അവസാനത്തിലെ കണക്കുപ്രകാരം മൊത്തം വായ്പയുടെ 1.17% ആയിരുന്നു. തൊട്ടു മുന്‍പുള്ള പാദം അവസാനിക്കുമ്പോള്‍ ഇത് 1.12%ഉം, ഒരു വർഷം മുമ്പ് 1.28%ഉം ആയിരുന്നു. അറ്റ എൻപിഎ അനുപാതം ജൂണ്‍ അവസാനത്തില്‍ 0.30% ആണ്. മുന്‍ പാദത്തിന്‍റെ അവസാനത്തിലെ 0.27%ല്‍ നിന്ന് ഉയര്‍ച്ചയാണ് ഉണ്ടായത്. എന്നാൽ മുൻവർഷം ജൂണ്‍ അവസാനത്തില്‍ രേഖപ്പെടുത്തിയ 0.35%ൽ നിന്ന് അറ്റ എൻപിഎ അനുപാതം കുറഞ്ഞിട്ടുണ്ട്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ജൂൺ അവസാനത്തോടെ 18.93% ആയിരുന്നു, ഒരു പാദത്തിന് മുമ്പ് ഇത് 19.26% ആയിരുന്നു. മുഖ്യ അറ്റ ​​പലിശ മാർജിൻ മൊത്തം ആസ്തികളുടെ 4.1% ഉം പലിശ വരുമാനമുള്ള ആസ്തികളുടെ 4.3% ഉം ആണ്.

ജൂണ്‍ പാദത്തിലെ ചെലവ്-വരുമാന അനുപാതം 42.8% ആയിരുന്നു. മൊത്തം ക്രെഡിറ്റ് ചെലവ് അനുപാതം 0.70% ആണ്, ഒരു വർഷം മുമ്പത്തെ 0.91% മായി താരതമ്യം ചെയ്യുമ്പോൾ ഇത് കുറവാണ്.

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ മൊത്തം നിക്ഷേപം ജൂൺ അവസാനത്തോടെ 19 ശതമാനം വളർച്ച നേടി 19.13 ലക്ഷം കോടി രൂപയിലേക്ക് എത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് (കാസ) നിക്ഷേപങ്ങൾ ഏകദേശം 11% വർദ്ധിച്ചു, ഈ പാദത്തിലെ മൊത്തം നിക്ഷേപത്തിന്റെ 42.5% കാസ ആണ്. ആഭ്യന്തര റീട്ടെയിൽ വായ്പകളിൽ 20% എന്ന ശക്തമായ വളർച്ച നേടിയതിന്‍റെ ഫലമായി ബാങ്കിന്‍റെ മൊത്തം വായ്പാ മൂല്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 16% വർധനയോടെ 16.16 ലക്ഷം കോടി രൂപയിലേക്ക് എത്തി. വാണിജ്യ, ഗ്രാമീണ ബാങ്കിംഗ് വായ്പകൾ 29% വളർന്നപ്പോൾ കോർപ്പറേറ്റ്, മറ്റ് ഹോള്‍സെയില്‍ വായ്പകളുടെ വിഭാഗം 11.2% വർധന പ്രകടമാക്കി.

ഉച്ചയ്ക്ക് 1. 52ലെ നില അനുസരിച്ച് എച്ച്ഡിഎഫ്‍സി ബാങ്കിന്റെ ഓഹരികൾ1,673.50 രൂപയിലാണ് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ വ്യാപാരം നടക്കുന്നത്. ഇന്നലത്തെ ക്ലോസിംഗ് വിലയില്‍ നിന്ന് 1.76% ഉയര്‍ച്ചയാണ് ഇത്.