image

9 Feb 2023 1:04 PM GMT

Company Results

ഐആർസിടിസി അറ്റാദായം 256 കോടി രൂപ; ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 3.50 രൂപ

MyFin Bureau

irctc net profit growth
X

Summary

  • പ്രവർത്തന വരുമാനം 70 ശതമാനം വർധിച്ചു 918 കോടി രൂപ
  • കേറ്ററിംഗ്‌ വിഭാഗത്തിൽ വരുമാനം വാർഷികാടിസ്ഥാനത്തിൽ 275 ശതമാനം വർധിച്ച് 394 കോടി രൂപ


ഡെൽഹി: ഇന്ത്യൻ റെയിൽവേയുടെ ഭാഗമായ ഐആർസിടിസി യുടെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ 22.8 ശതമാനം വർധിച്ച് 256 കോടി രൂപയായി. മുൻ വർഷം സമാന പാദത്തിൽ 208 കോടി രൂപയായിരുന്നു. തൊട്ടു മുൻപുള്ള സെപ്റ്റംബർ പാദത്തിൽ റിപ്പോർട്ട് ചെയ്ത 226 കോടി രൂപയിൽ നിന്ന് 13 ശതമാനത്തിന്റെ വർധനവുണ്ടായി.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 70 ശതമാനം വർധിച്ച 540 കോടി രൂപയിൽ നിന്ന് 918 കോടി രൂപയായി. മൊത്ത ചെലവ് മുൻ വർഷം ഡിസംബർ പാദത്തിൽ രേഖപ്പെടുത്തിയ 274 കോടി രൂപയിൽ നിന്ന് 121 ശതമാനം ഉയർന്ന് 607 കോടി രൂപയായി.

കമ്പനി നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 3.50 രൂപ നിരക്കിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ആകെ 160 കോടി രൂപയുടെ ലാഭവിഹിതമാണ് നൽകുന്നത്. ഈ മാസം 22 നാണ് ലാഭവിഹിതം നൽകുക.

കമ്പനിയുടെ വരുമാനത്തിൽ ശക്തമായ മുന്നേറ്റമാണുണ്ടായിട്ടുള്ളത്. കേറ്ററിംഗ്‌ വിഭാഗത്തിൽ വരുമാനം വാർഷികാടിസ്ഥാനത്തിൽ 275 ശതമാനം വർധിച്ച് 394 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 105 കോടി രൂപയായിരുന്നു.

റെയിൽ നീർ വിഭാഗത്തിൽ നിന്നും വരുമാനം 51 കോടി രൂപയിൽ നിന്നും 55 ശതമാനം വർധിച്ച് 79 കോടി രൂപയായി.

എന്നാൽ ഇന്റർനെറ്റ് ടിക്കറ്റിങ് ബിസിനസിൽ വരുമാനം 4 ശതമാനം കുറഞ്ഞ് 313 കോടി രൂപയിൽ നിന്ന് 301 കോടി രൂപയായി.

ടൂറിസം ബിസിനസിൽ നിന്നുള്ള വരുമാനം വാർഷികാടിസ്ഥാനത്തിൽ 79 ശതമാനം വർധിച്ച് 68 കോടി രൂപയിൽ നിന്ന് 122 കോടി രൂപയായി.

ഇന്ന് ഐആർസിടിസിയുടെ ഓഹരി 1.58 ശതമാനം നേട്ടത്തിൽ 651.45 ര്പയിലാണ് വ്യാപാരമവസാനിപ്പിച്ചത്.