image

5 April 2024 9:32 AM GMT

Company Results

സ്വർണത്തോടൊപ്പം കുതിച്ച് കല്യാണിന്റെ വരുമാനവും

MyFin Desk

സ്വർണത്തോടൊപ്പം കുതിച്ച് കല്യാണിന്റെ വരുമാനവും
X

Summary

  • മാർച്ച് പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനത്തിൽ 34 ശതമാനം വർധനവ് രേഖപ്പെടുത്തി
  • നിലവിൽ കല്യാൺ ജ്വല്ലേഴ്‌സിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 253 ഷോറൂമുകൾ ഉണ്ട്
  • വരുന്ന സാമ്പത്തിക വർഷത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിപണിയിൽ ചുവടുവെക്കാനും കമ്പനി ഒരുങ്ങുകയാണ്


2024 സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ പുറത്തു വിട്ട് കല്യാൺ ജ്വല്ലേഴ്‌സ്. ശക്തമായ വരുമാന വളർച്ചയെ തുടർന്ന് ഓഹരികളും കുതിച്ചുയർന്നു. സ്വർണ വിലയിലുണ്ടായ വർധനവും കമ്പനിയുടെ സ്ഥിരമായ വിൽപന വളർച്ചയും ഓഹരികളുടെ കുതിപ്പിന് കാരണമായി.

വിവാഹ സീസണിന് മുന്നോടിയായുള്ള ശക്തമായ വില്പന മാർച്ച് പാദത്തിലെ കമ്പനിയുടെ സംയോജിത വരുമാനത്തിൽ 34 ശതമാനം വർധനവ് രേഖപ്പെടുത്തി. മുൻ വർഷത്തെ സമാന പാദത്തിലെ വരുമാനത്തെ അപേക്ഷിച്ചാണ്‌ ഈ വർധന. 2023-2024 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ സംയോജിത വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 31 ശതമാനം ഉയർന്നു.

ഉയർന്ന വിൽപ്പനയുടെ പശ്ചാത്തലത്തിൽ കമ്പനിയുടെ ഇന്ത്യൻ ബിസിനസ് നാലാം പാദത്തിൽ 38 ശതമാനം വളർച്ച രേഖപ്പെടുത്തി, ഇത് 2024 സാമ്പത്തിക വർഷത്തെ ഏറ്റവും ഉയർന്ന പാദ വളർച്ചയാണ്. 2024 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിസിനസിൻ്റെ വരുമാനം മുൻവർഷത്തേക്കാൾ 36 ശതമാനം വർധിച്ചു.

ഇതേ കാലയളവിൽ കല്യാൺ ജ്വല്ലേഴ്‌സ് ഇന്ത്യയിൽ 10 പുതിയ 'കല്യൺ' ഷോറൂമുകൾ" ആരംഭിച്ചു.

നിലവിൽ കമ്പനിയുടെ വരുമാനത്തിന്റെ 14 ശതമാനം സംഭാവന ചെയ്യുന്നത് മിഡിൽ ഈസ്റ്റ് ബിസിനസിൽ നിന്നുമാണ്. ഈ കാലയളവിൽ രണ്ട് പുതിയ ഷോറൂമുകളാണു മിഡിൽ ഈസ്റ്റിൽ കമ്പനി ആരംഭിച്ചത്. ഈ മേഖലയിലെ വിൽപ്പന വളർച്ച മാർച്ച് പാദത്തിൽ 14 ശതമാനം വരുമാന വർദ്ധനവിന് കാരണമായി. 2024 സാമ്പത്തിക വർഷത്തിൽ, മിഡിൽ ഈസ്റ്റ് ബിസിനസ് മുൻവർഷത്തെ അപേക്ഷിച്ച് 11 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി.

അക്ഷയ തൃതീയയുടെ മുൻകൂർ ബുക്കിംഗും വിവാഹങ്ങളുമായി ബന്ധപ്പെട്ട വില്പനയും വരും പാദങ്ങളിൽ വരുമാനത്തിന് കരുത്തേകുമെന്ന് കമ്പനി വ്യക്തമാക്കി.

കാൻഡറെ

കല്യാൺ ജ്വല്ലേഴ്‌സിന്റെ കീഴിലുള്ള ഡിജിറ്റൽ-ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാൻഡറെ, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നാലാം പാദത്തിൽ 12 ശതമാനം വരുമാന വളർച്ച രേഖപ്പെടുത്തി. കാൻഡറെയുടെ ഫിസിക്കൽ ഷോറൂമുകളിൽ മികച്ച വിൽപ്പനയാണ് നടന്നതെന്ന് കമ്പനി പറഞ്ഞു.

2024 സാമ്പത്തിക വർഷത്തിൽ 17 ശതമാനം വരുമാന വളർച്ചയാണ് കാൻഡറെ രേഖപ്പെടുത്തിയത്. ഈ കലയളവിൽ കാൻഡേർ 6 ഷോറൂമുകൾ ആരംഭിച്ചു.

വിപുലീകരണം

നിലവിൽ കല്യാൺ ജ്വല്ലേഴ്‌സിന് ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി 253 ഷോറൂമുകൾ ഉണ്ട്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ 130 ഷോറൂമുകൾ ആരംഭിക്കാൻ കമ്പനി പദ്ധതിയിടുന്നു. അതിൽ 80 എണ്ണം കല്യാൺ, 50 കാൻഡറെ എന്നിങ്ങനെയായിരിക്കും.

വരുന്ന സാമ്പത്തിക വർഷത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് വിപണിയിൽ ചുവടുവെക്കാനും കമ്പനി ഒരുങ്ങുകയാണ്. ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും ഓരോ സ്റ്റോർ വീതം സ്ഥാപിക്കാനാണ് കമ്പനിയുടെ പദ്ധതി. വിദേശ വിപണികളിൽ ആറ് ജ്വല്ലറി ഷോറൂമുകൾ തുറക്കാനുള്ള കമ്പനിയുടെ പദ്ധതിയുടെ ഭാഗമാണിത്.

ഓഹരികളിലെ കുതിപ്പ്

കഴിഞ്ഞ 12 മാസത്തിനിടെ കല്യാൺ ജ്വല്ലേഴ്‌സിന്റെ ഓഹരികൾ 300 ശതമാനത്തോളമാണ് ഉയർന്നത്. നടപ്പ് വർഷം ആദ്യം മുതൽ ഇതുവരെ ഓഹരികൾ 21 ശതമാനം നേട്ടം നൽകി. നിലവിൽ കല്യാൺ ഓഹരികൾ എൻഎസ്ഇ യിൽ 429.80 രൂപയിലാണ് വ്യാപാരം തുടരുന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 449.70 രൂപയും താഴ്ന്ന വില 100.95 രൂപയുമാണ്. നിലവിൽ കമ്പനിയുടെ വിപണി മൂല്യം 44,385 കോടി രൂപയാണ്.