image

6 Jan 2023 7:57 AM GMT

Company Results

കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ചാകരക്കാലം, ലാഭത്തിലായ സര്‍ക്കാര്‍ കമ്പനികള്‍ ഇവയാണ്

MyFin Desk

public service sector profit
X


കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളില്‍ നിന്ന് തിരിച്ചു വരവിന്റെ പാതയിലാണ് രാജ്യം. പൂര്‍ണമായും അതില്‍ നിന്ന് മുക്തമായിട്ടില്ലെങ്കിലും കോവിഡ് വരുത്തിവച്ച പ്രത്യാഘതങ്ങളില്‍ നിന്ന് ഒരു പരിധി വരെ പൂര്‍വസ്ഥിതിയില്‍ എത്താന്‍ പല മേഖലകള്‍ക്കും കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെയും രാജ്യത്തെയും പൊതു മേഖല കമ്പനികളുടെ കാര്യമെടുക്കുകയാണെങ്കില്‍, കോവിഡിന് മുന്‍പ് നഷ്ടത്തിലായിരുന്ന പലതും തിരിച്ചു വരവില്‍ മികച്ച മുന്നേറ്റമാണ് കാഴ്ച വച്ചത്.


ഡിമാന്‍ഡിലുള്ള കുത്തനെയുള്ള വര്‍ധന ഈ കമ്പനികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച ലാഭമുണ്ടാക്കുന്നതിനു സഹായിച്ചു. പബ്ലിക്ക് എന്റര്‍പ്രൈസ് സര്‍വ്വേ പുറത്തു വിട്ട കണക്കു പ്രകാരം രാജ്യത്ത് ഇത്തരത്തില്‍ 22 കേന്ദ്ര പൊതു മേഖല കമ്പനികള്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തിലായിട്ടുണ്ട്. കേരളത്തില്‍ 11 കമ്പനികളാണ് ലാഭം രേഖപ്പെടുത്തിയത്.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളില്‍ 9 കമ്പനികള്‍ കഴിഞ്ഞ രണ്ട് വര്‍ഷകാലം തുടര്‍ച്ചയായി നഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ പ്രധാനമായും ഊര്‍ജ ഉത്പാദന മേഖലയില്‍ നിന്ന് 4 കമ്പനികളും , പെട്രോളിയം, സിവില്‍ ഏവിയേഷന്‍ എന്നി മേഖലകളില്‍ നിന്ന് 3 കമ്പനികള്‍ വീതവും, റയില്‍വേ, ടൂറിസം, സ്റ്റീല്‍ എന്നി മേഖലകളില്‍ നിന്നായി 2 കമ്പനികള്‍ വീതവും നേട്ടത്തിലായിരുന്നു. ഉയര്‍ന്ന ഡിമാന്‍ഡും, ചെലവില്‍ ഉണ്ടായ കുറവും കമ്പനികളുടെ വരുമാനവും, വിറ്റു വരവും വര്‍ധിക്കുന്നതിന് സഹായിച്ചു.

2021 സാമ്പത്തിക വര്‍ഷത്തില്‍ മാംഗ്ലൂര്‍ റിഫൈനറി ആന്‍ഡ് പെട്രോ കെമിക്കല്‍ 761 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിക്ക് 2,955 കോടി രൂപ ലാഭമുണ്ടായി. രാഷ്ട്രീയ ഇസ്പത് നിഗം, 2021ല്‍ 1,012 കോടി രൂപയുടെ നഷ്ട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ 2022 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 913 കോടി രൂപയുടെ ലാഭത്തിലായി. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഭരത് ഹെവി എലെക്ട്രിക്കല്‍സ് 2,718 കോടി രൂപയുടെ നഷ്ടം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 410 കോടി രൂപയുടെ ലാഭം ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തു.



കേരളത്തിന്റെ കാര്യം പരിശോധിച്ചാല്‍, വ്യാവസായിക മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള സര്‍ക്കാരിന്റെ കാര്യക്ഷമായ ഇടപെടലില്‍ ഫലം കണ്ടു എന്ന് തന്നെ പറയാം. കാര്യമായ മൂലധന നിക്ഷേപമോ മറ്റു നിക്ഷേപങ്ങളോ ഇല്ലാതെ വ്യാവസായിക മന്ത്രാലയത്തിന് കീഴിലുള്ള 42 പൊതു മേഖല സ്ഥാപനങ്ങളില്‍ 11 കമ്പനികള്‍ അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്നും തിരിച്ചെത്തി. പല കമ്പനികളും ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ലാഭവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിംഗ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, 1,928.24 കോടി രൂപയുടെ വിറ്റുവരവാണ് ഈ പൊതു മേഖല കമ്പനികള്‍ക്കുണ്ടായത്. ഇതില്‍ 11 യൂണിറ്റുകളുടെ മാത്രം ലാഭം 216.43 കോടി രൂപയായി. കേരളം മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ്, ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രൊഡറ്റ്സ് (ടിടിപി) എന്നിവ യഥാക്രമം 148.77 കോടി രൂപയുടെയും, 20.93 കോടി രൂപയുടെയും ലാഭമാണ് റിപ്പോര്‍ട്ട് ചെയ്തത്. വസ്ത്ര നിര്‍മാണ യൂണിറ്റുകള്‍ ഇപ്പോഴും നഷ്ടത്തില്‍ തന്നെയാണ് തുടരുന്നത്.