image

31 Oct 2025 4:17 PM IST

Company Results

മാരുതിയുടെ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ധന

MyFin Desk

മാരുതിയുടെ അറ്റാദായത്തില്‍ എട്ട് ശതമാനം വര്‍ധന
X

Summary

കയറ്റുമതി 42.2 ശതമാനം വര്‍ധിച്ച് 1,10,487 യൂണിറ്റിലെത്തി


രണ്ടാം പാദത്തില്‍ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം 8 ശതമാനം ഉയര്‍ന്ന് 3,349 കോടി രൂപയായി. കയറ്റുമതിയിലെ ശക്തമായ വളര്‍ച്ചയാണ് ഇതിന് കാരണം.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 3,102.5 കോടി രൂപയായിരുന്നുവെന്ന് മാരുതി സുസുക്കി ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള അവരുടെ സംയോജിത മൊത്ത വരുമാനം 42,344.2 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സംയോജിത മൊത്ത വരുമാനം 37,449.2 കോടി രൂപയായിരുന്നു.

രണ്ടാം പാദത്തില്‍ കമ്പനിയുടെ മൊത്തം ചെലവ് 39,018.4 കോടി രൂപയായി ഉയര്‍ന്നു.കഴിഞ്ഞ വര്‍ഷം ഇത് 33,879.1 കോടി രൂപയായിരുന്നു.

രണ്ടാം പാദത്തില്‍ ആഭ്യന്തര മൊത്ത വില്‍പ്പന 5.1 ശതമാനം ഇടിഞ്ഞ് 4,40,387 യൂണിറ്റിലെത്തിയതായി കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു. സെപ്റ്റംബര്‍ 22 മുതല്‍ ജിഎസ്ടി മൂലമുള്ള വിലക്കുറവ് പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ വാഹനങ്ങള്‍ വാങ്ങുന്നത് മാറ്റിവെച്ചതിനാലാണ് വില്‍പ്പന കുറഞ്ഞത്.

എന്നാല്‍ കയറ്റുമതി 42.2 ശതമാനം വര്‍ധിച്ച് 1,10,487 യൂണിറ്റിലെത്തി. ഇത് ഇതുവരെയുള്ള ഏതൊരു പാദത്തിലെയും ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

രണ്ടാം പാദത്തില്‍ മൊത്തം വില്‍പ്പന 1.7 ശതമാനം വര്‍ധിച്ച് 5,50,874 യൂണിറ്റായതായും കമ്പനി അറിയിച്ചു.

ഈ പാദത്തില്‍ കമ്പനിയുടെ അറ്റ വില്‍പ്പന 40,135.9 കോടി രൂപയായി ഉയര്‍ന്നതായും കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 35,589.1 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു.

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍) മാരുതി സുസുക്കി ഇന്ത്യ മൊത്തം 10,78,735 യൂണിറ്റുകള്‍ വിറ്റു. ഇതില്‍ 8,71,276 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 2,07,459 യൂണിറ്റുകളുടെ എക്കാലത്തെയും ഉയര്‍ന്ന അര്‍ദ്ധ വാര്‍ഷിക കയറ്റുമതിയും ഉള്‍പ്പെടുന്നു.