image

1 Nov 2026 8:29 AM IST

Company Results

പൊന്നു വിളയിച്ച് മുത്തൂറ്റ്; ലാഭം 2,977 കോടി, വരുമാന വര്‍ദ്ധന 37ശതമാനം

MyFin Desk

പൊന്നു വിളയിച്ച് മുത്തൂറ്റ്; ലാഭം 2,977 കോടി,   വരുമാന വര്‍ദ്ധന 37ശതമാനം
X

Summary

വെറും ഒരു പാദത്തിന്റെ കഥയല്ല, ഈ വര്‍ഷം മുഴുവന്‍ പൊന്നു വിളയുകയാണ് മുത്തൂറ്റിന്


സ്വര്‍ണ വായ്പാ മേഖലയിലെ നമ്പര്‍ വണ്‍ ആയ മുത്തൂറ്റ് ഫിനാന്‍സിന് വീണ്ടും സുവര്‍ണ നേട്ടം. 2027 സാമ്പത്തിക വര്‍ഷത്തെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 27 ശതമാനം കുതിച്ചുയര്‍ന്ന് 2,977 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 2,345 കോടി രൂപയായിരുന്നു ലാഭം. വരുമാനത്തിലും വന്‍ കുതിപ്പാണ്, മൊത്ത വരുമാനം 6,442 കോടിയില്‍ നിന്ന് 8,842 കോടി രൂപയായും പലിശ വരുമാനം 6,304 കോടിയില്‍ നിന്ന് 8,730 കോടി രൂപയായും ഉയര്‍ന്നു.

വെറും ഒരു പാദത്തിന്റെ കഥയല്ല, ഈ വര്‍ഷം മുഴുവന്‍ പൊന്നു വിളയുകയാണ് മുത്തൂറ്റിന്. ഏപ്രില്‍-സെപ്റ്റംബര്‍ ആദ്യ ആറ് മാസത്തിനിടെ അറ്റാദായം 39 ശതമാനം വര്‍ധിച്ച് 6,103 കോടി രൂപ കടന്നു. സുരക്ഷിത വായ്പകള്‍ക്കുള്ള ആവശ്യകത വര്‍ധിക്കുന്നതും വായ്പാ വിപണി കൂടുതല്‍ ഔപചാരികമാകുന്നതുമാണ് ഈ ചരിത്ര വളര്‍ച്ചയ്ക്ക് പിന്നിലെന്ന് കമ്പനി വ്യക്തമാക്കി.

വായ്പാ വിഹിതത്തിലും മുത്തൂറ്റ് റെക്കോര്‍ഡ് ഇട്ടു. കണ്‍സോളിഡേറ്റഡ് ലോണ്‍ AUM 42 ശതമാനം വളര്‍ന്ന് 2.09 ട്രില്യണ്‍ രൂപയിലെത്തി, അതില്‍ സ്വര്‍ണ വായ്പ മാത്രം 46 ശതമാനം വളര്‍ന്ന് 1.93 ട്രില്യണ്‍ രൂപയായി. രണ്ട് ലക്ഷം കോടി കടന്ന വായ്പാ പോര്‍ട്ട്‌ഫോളിയോ കമ്പനിയുടെ വിപണിയിലെ ആധിപത്യം അടിവരയിടുന്നു.

ഇന്ത്യന്‍ സ്വര്‍ണ വായ്പാ വിപണിയില്‍ ഇനിയും വലിയ വളര്‍ച്ചാ സാധ്യതകളുണ്ടെന്ന് മുത്തൂറ്റ് ഫിനാന്‍സ് എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍മാന്‍ ജോര്‍ജ്ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ വായ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന മുത്തൂറ്റ് മണിയുടെ ലയനം പ്രവര്‍ത്തന-സാമ്പത്തിക കാര്യക്ഷമത ഇനിയും വര്‍ധിപ്പിക്കും. മേഖലയിലെ പതിറ്റാണ്ടുകളുടെ പരിചയവുമായി 2027ലും അതിനുശേഷവും വളര്‍ച്ചാ വേഗം കൂട്ടാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.