image

8 May 2026 7:19 PM IST

Company Results

ലാഭം ഇടിഞ്ഞു; വില്‍പ്പനയില്‍ കുതിച്ചു, ഹ്യുണ്ടായ് ഓഹരി ഉടമകള്‍ക്ക് 210% ലാഭവിഹിതം

MyFin Desk

ലാഭം ഇടിഞ്ഞു; വില്‍പ്പനയില്‍ കുതിച്ചു,  ഹ്യുണ്ടായ് ഓഹരി ഉടമകള്‍ക്ക് 210% ലാഭവിഹിതം
X

Summary

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം ഹ്യുണ്ടായ്ക്ക് ശുഭകരമാണ്. ഏപ്രിലിലെ ആഭ്യന്തര വില്‍പനയില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് വരും മാസങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ നല്‍കുന്നു


മാര്‍ച്ച് പാദത്തില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡിന്റെ ഏകീകൃത ലാഭം 22.22 ശതമാനം ഇടിഞ്ഞ് 1,255.63 കോടി രൂപയായി. ചെലവുകള്‍ വര്‍ദ്ധിച്ചതാണ് ഇതിനു കാരണമായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,614.35 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ലാഭത്തില്‍ കുറവുണ്ടായെങ്കിലും, പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 18,916.15 കോടി രൂപയായി വര്‍ധിച്ചത് കമ്പനിക്ക് ആശ്വാസമായി. ഇതോടൊപ്പം ഓഹരി ഉടമകള്‍ക്കായി പത്ത് രൂപ മുഖവിലയുള്ള ഓഹരിക്ക് 21 രൂപ ലാഭവിഹിതം നല്‍കാനും ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെങ്കിലും തന്ത്രപരമായ ഇടപെടലുകളിലൂടെ മികച്ച മുന്നേറ്റം നടത്താന്‍ കഴിഞ്ഞതായി ഹ്യുണ്ടായ് സിഇഒ തരുണ്‍ ഗാര്‍ഗ് വ്യക്തമാക്കി. ഉല്‍പ്പന്നങ്ങളിലെ വൈവിധ്യവല്‍ക്കരണവും ശക്തമായ കയറ്റുമതിയും കമ്പനിയെ തുണച്ചു. 2026 സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തന വരുമാനം 70,763.33 കോടി രൂപയായി ഉയര്‍ന്നു. വിപണിയിലെ തടസ്സങ്ങളെ അതിജീവിച്ച് ഗുണനിലവാരമുള്ള വളര്‍ച്ച ഉറപ്പാക്കാന്‍ കഴിഞ്ഞത് വരും വര്‍ഷങ്ങളില്‍ ഗുണകരമാകുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം ഹ്യുണ്ടായ്ക്ക് ശുഭകരമാണ്. ഏപ്രിലിലെ ആഭ്യന്തര വില്‍പനയില്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് വരും മാസങ്ങളിലും വലിയ മുന്നേറ്റമുണ്ടാക്കുമെന്ന പ്രതീക്ഷ നല്‍കുന്നു. ഉയര്‍ന്ന ഡിമാന്‍ഡുള്ള വാഹന വിഭാഗങ്ങളില്‍ പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതിലൂടെ ആഭ്യന്തര വിപണിയില്‍ 8 മുതല്‍ 10 ശതമാനം വരെ വോളിയം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

വിപുലീകരണത്തിന്റെ ഭാഗമായി പൂനെ പ്ലാന്റിന്റെ ശേഷി 70,000 യൂണിറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കാന്‍ ഹ്യുണ്ടായ് തീരുമാനിച്ചു. ഇതോടെ 2030-ഓടെ കമ്പനിയുടെ ആകെ ഉല്‍പ്പാദന ശേഷി 1.14 ദശലക്ഷം യൂണിറ്റായി ഉയരും. ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങള്‍ക്കിടയിലും കയറ്റുമതിയില്‍ 8-10 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് കമ്പനി.