image

3 Nov 2026 3:00 PM IST

Company Results

എസ്ബിഐക്ക് റെക്കോര്‍ഡ് ലാഭം; രണ്ടാം പാദത്തില്‍ 23,038 കോടി

MyFin Desk

record profit for sbi, ₹23,038 crore in the second quarter
X

Summary

ആസ്തി ഗുണനിലവാരത്തിലും എസ്ബിഐ മികച്ച മുന്നേറ്റം നടത്തി. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.36 ശതമാനമായും കുറഞ്ഞു


രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2026-27 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ റെക്കോര്‍ഡ് പ്രകടനം കാഴ്ചവെച്ചു. ബാങ്കിന്റെ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 14.3 ശതമാനം വര്‍ധിച്ച് 23,038 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 20,160 കോടിയായിരുന്നു. അറ്റ പലിശ വരുമാനത്തിലെ 14.7 ശതമാനം വളര്‍ച്ചയും പ്രൊവിഷനിംഗ് ചെലവിലെ കുറവുമാണ് ലാഭവര്‍ധനയ്ക്ക് വഴിയൊരുക്കിയത്.

അറ്റ പലിശ വരുമാനം 42,847 കോടിയില്‍ നിന്ന് 49,143 കോടിയായി ഉയര്‍ന്നു. ത്രൈമാസാടിസ്ഥാനത്തില്‍ 4.6 ശതമാനം വളര്‍ച്ചയാണിത്. എന്നാല്‍, മറ്റ് വരുമാനം 23.8 ശതമാനം ഇടിഞ്ഞ് 11,777 കോടിയായി. പ്രൊവിഷനുകളും നീക്കിയിരുപ്പുകളും 21.9 ശതമാനം കുറഞ്ഞ് 4,217 കോടി രൂപയായത് ബാങ്കിന്റെ ലാഭക്ഷമതയെ ശക്തമായി പിന്തുണച്ചു.

ആസ്തി ഗുണനിലവാരത്തിലും എസ്ബിഐ മികച്ച മുന്നേറ്റം നടത്തി. സെപ്റ്റംബര്‍ 30 വരെയുള്ള കണക്കനുസരിച്ച് മൊത്ത നിഷ്‌ക്രിയ ആസ്തി അനുപാതം 1.39 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.36 ശതമാനമായും കുറഞ്ഞു. മൊത്തം വായ്പകള്‍ 18.2 ശതമാനം വര്‍ധിച്ച് 51.54 ലക്ഷം കോടിയായും നിക്ഷേപങ്ങള്‍ 12.3 ശതമാനം വര്‍ധിച്ച് 62.78 ലക്ഷം കോടിയായും ഉയര്‍ന്നു. പ്രൊവിഷന്‍ കവറേജ് അനുപാതം 74.43 ശതമാനമാണ്.