image

9 April 2026 5:42 PM IST

Company Results

റെക്കോര്‍ഡ് ലാഭത്തില്‍ ടിസിഎസ്; ഓഹരിയുടമകള്‍ക്ക് മികച്ച ഡിവിഡന്റ്, വിപണിയെ ഞെട്ടിച്ച് കുതിപ്പ്

MyFin Desk

റെക്കോര്‍ഡ് ലാഭത്തില്‍ ടിസിഎസ്; ഓഹരിയുടമകള്‍ക്ക് മികച്ച ഡിവിഡന്റ്, വിപണിയെ ഞെട്ടിച്ച് കുതിപ്പ്
X

Summary

നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം തൊട്ടു മുന്‍പത്തെ പാദത്തേക്കാള്‍ 29 ശതമാനം വര്‍ധിച്ചു. വരുമാനത്തിലും ലാഭത്തിലും വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടന്നുകൊണ്ടുള്ള ഈ കുതിപ്പ് ഐടി മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്


ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഇന്ത്യന്‍ ഐടി വിപണിയിലെ ഫലപ്രഖ്യാപനങ്ങള്‍ക്ക് ആവേശകരമായ തുടക്കം. 2026 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) അറ്റാദായം 12.2 ശതമാനം വര്‍ദ്ധനവോടെ 13,718 കോടി രൂപയിലെത്തി. നാലാം പാദത്തില്‍ കമ്പനിയുടെ അറ്റാദായം തൊട്ടു മുന്‍പത്തെ പാദത്തേക്കാള്‍ 29 ശതമാനം വര്‍ധിച്ചു.

വരുമാനത്തിലും ലാഭത്തിലും വിപണി വിദഗ്ധരുടെ കണക്കുകൂട്ടലുകളെ മറികടന്നുകൊണ്ടുള്ള ഈ കുതിപ്പ് ഐടി മേഖലയ്ക്ക് പുതിയ ഉണര്‍വ് നല്‍കിയിരിക്കുകയാണ്. പ്രവര്‍ത്തന വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 70,698 കോടി രൂപയിലുമെത്തി.

കമ്പനിയുടെ മിന്നും പ്രകടനത്തിന് പിന്നാലെ ഓഹരിയുടമകള്‍ക്ക് വലിയ സമ്മാനമാണ് ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ ഓഹരിക്കും 31 രൂപ വീതം അന്തിമ ലാഭവിഹിതം നല്‍കാന്‍ കമ്പനി തീരുമാനിച്ചു. ഇതോടെ ഈ സാമ്പത്തിക വര്‍ഷം മാത്രം ലാഭവിഹിതമായി ടിസിഎസ് നല്‍കുന്നത് 39,571 കോടി രൂപയാണ്. തുടര്‍ച്ചയായ മൂന്നാം പാദത്തിലും ബിസിനസ്സില്‍ വലിയ മുന്നേറ്റം കൈവരിക്കാനായെന്നും ഐടി വിപണിയില്‍ തങ്ങളുടെ ആധിപത്യം തുടരുകയാണെന്നും കമ്പനി വ്യക്തമാക്കി.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ നിന്നുള്ള വരുമാനത്തിലും ടിസിഎസ് ചരിത്രം കുറിച്ചു. നാലാം പാദത്തില്‍ മാത്രം എഐ അധിഷ്ഠിത സേവനങ്ങളില്‍ നിന്നുള്ള വാര്‍ഷിക വരുമാനം 2.3 ബില്യണ്‍ ഡോളര്‍ കവിഞ്ഞു. ഈ പാദത്തില്‍ ഒപ്പുവെച്ച 12 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ മൂന്ന് കൂറ്റന്‍ മെഗാ ഡീലുകളും ഉള്‍പ്പെടുന്നു. ഓപ്പണ്‍എഐ, എന്‍വിഡിയ, സിസ്‌കോ തുടങ്ങിയ ആഗോള സാങ്കേതിക ഭീമന്മാരുമായുള്ള സഹകരണം ടിസിഎസിന്റെ എഐ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണ്ണായകമായി.

ഊര്‍ജ്ജം, ഉപഭോക്തൃ ബിസിനസ്സ് തുടങ്ങിയ വിഭാഗങ്ങളിലെ കരുത്തുറ്റ വളര്‍ച്ചയാണ് ടിസിഎസിന് തുണയായത്. യുകെ, വടക്കേ അമേരിക്കന്‍ വിപണികള്‍ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന അറ്റാദായ നിരക്കാണ് (19.8%) ഇത്തവണ രേഖപ്പെടുത്തിയത്.