image

17 Jun 2023 10:00 AM GMT

Company Results

ദലാല്‍ സ്ട്രീറ്റിലെ രണ്ടാമന് തിരിച്ചടി; ടിസിഎസ് ഓഹരിവില 1.27 ശതമാനം ഇടിഞ്ഞു

MyFin Desk

ദലാല്‍ സ്ട്രീറ്റിലെ രണ്ടാമന് തിരിച്ചടി; ടിസിഎസ് ഓഹരിവില 1.27 ശതമാനം ഇടിഞ്ഞു
X

Summary

  • ടിസിഎസ്സുമായുള്ള രണ്ട് ബില്യന്‍ ഡോളറിന്റെ കരാര്‍ ട്രാന്‍സ്അമേരിക്ക ലൈഫ് ഇന്‍ഷ്വറന്‍സ് അവസാനിപ്പിച്ചു
  • ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി റിലയന്‍സാണ്
  • അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നുമുള്ള വരുമാനമാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്


ദലാല്‍ സ്ട്രീറ്റില്‍ രണ്ടാമത്തെ മൂല്യമുള്ള ഓഹരിയായ ടിസിഎസിന്റെ ഓഹരികള്‍ വെള്ളിയാഴ്ച (ജൂണ്‍ 16) ഒരു ശതമാനത്തിലധികം ഇടിഞ്ഞു. വ്യാപാരം അവസാനിച്ചപ്പോള്‍ ടിസിഎസ്സിന്റെ ഓഹരി വില 1.27 ശതമാനം ഇടിഞ്ഞ് 3,175.25 രൂപയിലാണ് ക്ലോസ് ചെയ്തത്.

കമ്പനിയുടെ വിപണിമൂല്യം 11,76,842 കോടി രൂപയില്‍നിന്നും 15,002.11 കോടി രൂപ ഇടിഞ്ഞ് 11,61,840 കോടി രൂപയായി.

ഉയര്‍ന്ന വിപണിമൂല്യമുള്ള കമ്പനി റിലയന്‍സാണ് 17 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യമായി കണക്കാക്കുന്നത്. രണ്ടാമത് ടിസിഎസ്സാണ്. മൂന്നാമന്‍ എച്ച്ഡിഎഫ്‌സിയാണ്. 9 ലക്ഷം കോടി രൂപയാണ് മൂല്യം കല്‍പ്പിക്കുന്നത്.

ടിസിഎസ്സുമായുള്ള രണ്ട് ബില്യന്‍ ഡോളറിന്റെ കരാര്‍ ട്രാന്‍സ്അമേരിക്ക ലൈഫ് ഇന്‍ഷ്വറന്‍സ് അവസാനിപ്പിച്ചതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ടിസിഎസ് ഓഹരിവില ഇടിഞ്ഞത്. 2018-ലായിരുന്നു പത്ത് വര്‍ഷത്തേയ്ക്ക് ടിസിഎസ്സും ട്രാന്‍സ്അമേരിക്ക ലൈഫ് ഇന്‍ഷ്വറന്‍സും കരാറിലേര്‍പ്പെട്ടത്.

ടിസിഎസ്സിന്റെ വാര്‍ഷിക വരുമാനത്തില്‍ ചുരുങ്ങിയത് 200 മില്യന്‍ ഡോളര്‍ നേടാന്‍ സഹായിക്കുന്നതായിരുന്നു ട്രാന്‍സ്അമേരിക്ക ലൈഫ് ഇന്‍ഷ്വറന്‍സുമായുള്ള കരാര്‍.

10 മില്യന്‍ വരുന്ന പോളിസികള്‍ ഒരു ഏകീകൃത പ്ലാറ്റ്‌ഫോമിലേക്ക് ഡിജിറ്റലൈസ് ചെയ്യാന്‍ ലക്ഷ്യമിട്ടുള്ളതാണ്. കരാര്‍ പ്രകാരം, ലൈഫ് ഇന്‍ഷ്വറന്‍സ്, റിട്ടയര്‍മെന്റ് പ്ലാന്‍, ഇന്‍വെസ്റ്റ്‌മെന്റ് സൊല്യൂഷന്‍സ് എന്നിവയുള്‍പ്പെടെ വിവിധ പോളിസികളുടെ നടത്തിപ്പിന്റെ ചുമതല ടിസിഎസ്സിനായിരുന്നു.

അമേരിക്കയില്‍നിന്നും യൂറോപ്പില്‍ നിന്നുമുള്ള വരുമാനമാണ് ഇന്ത്യന്‍ ഐടി കമ്പനികളുടെ പ്രധാന വരുമാന സ്രോതസ്. ഇപ്പോള്‍ ടിസിഎസ്സുമായുള്ള കരാര്‍ ട്രാന്‍സ്അമേരിക്ക ലൈഫ് ഇന്‍ഷ്വറന്‍സ് അവസാനിപ്പിച്ചതും അതേ തുടര്‍ന്ന് ഓഹരിവില ഇടിയുകയും ചെയ്തതോടെ ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരികളില്‍ ജാഗ്രത പുലര്‍ത്താന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുമെന്നത് ഉറപ്പാണ്.

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്സായ ജെപി മോര്‍ഗന്‍, ടിസിഎസ്സിനെയും ഇന്‍ഫോസിസിനെയും എംഫസിസിനെയും (Mphasis) നെഗറ്റീവ് കാറ്റലിസ്റ്റ് വാച്ച് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഈ കമ്പനികളുടെ 2023-24 സാമ്പത്തികവര്‍ഷം ഒന്നാം പാദത്തിലെ വരുമാനം വിപണിയെ നിരാശപ്പെടുത്തുമെന്നും ജെപി മോര്‍ഗന്‍ സൂചിപ്പിച്ചിരുന്നു.