image

22 Jan 2023 9:34 AM GMT

Company Results

അള്‍ട്രാടെക് സിമെന്റിന്റെ ലാഭം മൂന്നാം പാദത്തില്‍ 38 ശതമാനം കുറഞ്ഞു

MyFin Desk

അള്‍ട്രാടെക് സിമെന്റിന്റെ ലാഭം മൂന്നാം പാദത്തില്‍ 38 ശതമാനം കുറഞ്ഞു
X

Summary

പ്രവര്‍ത്തന ചെലവുകളില്‍ വന്ന കുത്തനെയുള്ള വര്‍ധനയാണ് ലാഭം കുറയാന്‍ കാരണമെന്നു കമ്പനി ബി എസ് ഇ ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


ഇന്ത്യയിലെ ഏറ്റവും വലിയ സിമെന്റ് സംരംഭമായ ആദിത്യ ബിര്‍ള ശൃംഖലയുടെ അള്‍ട്രാടെക് സിമെന്റിന്റെ ലാഭം മൂന്നാം പാദത്തില്‍ ( ഒക്ടോബര്‍ - ഡിസംബര്‍ 2022 - 23 ) കുത്തനെ ഇടിഞ്ഞു . ലാഭം 37 . 9 ശതമാനം കുറഞ്ഞു 1,062 . 58 കോടി ആയി. കഴിഞ്ഞ വര്‍ഷം, ഈ കാലയളവില്‍ ( 2021 -22 ) കമ്പനിയുടെ ലാഭം 1,710 .14 കോടി ആയിരുന്നു . പ്രവര്‍ത്തന ചെലവുകളില്‍ വന്ന കുത്തനെയുള്ള വര്‍ധനയാണ് ലാഭം കുറയാന്‍ കാരണമെന്നു കമ്പനി ബി എസ് ഇ ക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ഈ കാലയളവില്‍ അള്‍ട്രാടെക്കിന്റെ വരുമാനം 19 . 53 ശതമാനം വര്‍ദ്ധിച്ചു 15520 . 93 കോടിയായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ ഇത് 12984 .93 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ 11422 .05 കോടിയായിരുന്ന കമ്പനിയുടെ പ്രവര്‍ത്തന ചെലവുകള്‍, ഈ വര്‍ഷം ഈ കാലയളവില്‍ ഇത് 23 .65 ശതമാനം കൂടി 14123 . 05 കോടിയായി. ഇന്ധനങ്ങളുടെ വില 33 ശതമാനവും, അത്യാവശ്യ അസംസ്‌കൃത വസ്തുക്കളായ ജിപ്‌സം, ഫ്‌ലൈ ആഷ് , സ്ലാഗ് എന്നിവയുടെ വില 13 ശതമാനവും വര്‍ധിച്ചതാണ് പ്രവര്‍ത്തന ചെലവുകള്‍ കൂടാന്‍ കാരണമായി കമ്പനി പറയുന്നത്.

ഈ മൂന്നാം പാദത്തില്‍ കമ്പനി അതിന്റെ ഉല്പാദന ശേഷിയുടെ 87 ശതമാനം ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം ഉല്പാദന ശേഷിയുടെ 75 ശതമാനം ഉപയോഗിക്കാനെ കമ്പനിക്കു കഴിഞ്ഞുള്ളു. ഈ കാലയളവില്‍, 25 . 86 ദശലക്ഷം മെട്രിക് ടണ്‍ സിമന്റ് വില്‍പ്പന നടത്തി. ഇത് കഴിഞ്ഞ വര്‍ഷത്തിലെ മൂന്നാം പാദത്തിനേക്കാള്‍ 12 ശതമാനം കൂടുതലാണ്. ഒന്നാം ഘട്ട വികസന പദ്ധതിയുടെ ഭാഗമായി 5 . 5 ദശലക്ഷം ടണ്‍ ഉല്പാദനശേഷി കൂട്ടാന്‍ 2020 , ഡിസംബറില്‍ ല്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.

ഈ പാദത്തില്‍ ഈ പുതിയ പ്ലാന്റുകള്‍ ഉല്‍പാദനം ആരംഭിച്ചു. രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായി ഈ വര്‍ഷം ആദ്യ പാദത്തില്‍ പ്രഖ്യാപിച്ച 22 . 6 ദശലക്ഷം ടണ്‍ ഉല്‍പ്പാദനശേഷി കൂട്ടാനുള്ള പ്രവര്‍ത്തങ്ങള്‍ വിവിധ ശാലകളില്‍ പുരോഗമിക്കുന്നു. യന്ത്രസാമഗ്രികള്‍ക്കു ഓര്‍ഡര്‍ നല്‍കി. നിര്‍മാണ പ്രവര്‍ത്തങ്ങള്‍ ആരംഭിച്ചു. ഈ പ്‌ളാന്റുകളില്‍ 2025 ഓടെ ഘട്ടം, ഘട്ട മായി ഉല്‍പാദനം തുടങ്ങാം എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

സര്‍ക്കാര്‍ പശ്ചാത്തല വികസനമേഖലയുടെ വളര്‍ച്ചക്ക് കൊടുക്കുന്ന ഊന്നലും, അതിന്റെ ഫലമായി നഗരങ്ങളില്‍ പാര്‍പ്പിടങ്ങളുടെ വര്‍ധിക്കുന്ന ആവശ്യവും വരും വര്‍ഷങ്ങളില്‍ സിമന്റ് മേഖലയുടെ വളര്‍ച്ചക്ക് കൂടുതല്‍ കരുത്തു നല്‍കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ലാഭത്തിലെ വലിയ കുറവ് ഓഹരി വിപണിയെ നിരാശപ്പെടുത്തി. വെള്ളിയാഴ്ച ( ജനുവരി 20 ) 7,212 . 35 രൂപക്ക് വ്യാപാരം ആരംഭിച്ച ഓഹരി 61 . 35 രൂപ ( 0 . 85 ശതമാനം) നഷ്ടത്തില്‍ 7151 നാണു വ്യാപാരം അവസാനിപ്പിച്ചത്.