30 Jan 2026 7:24 PM IST
Summary
കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ നടന്നുവന്നിരുന്ന ഇഡി റെയ്ഡിനിടെയായിരുന്നു റോയ് ജീവനൊടുക്കിയത്
ദക്ഷിണേന്ത്യയിലെ പ്രമുഖ ബില്‍ഡര്‍മാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. 57 വയസായിരുന്നു. ബെംഗളൂരുവിലെ ലാംഫോര്‍ഡ് റോഡിലുള്ള റിച്ച്മണ്ട് സര്‍ക്കിളിന് സമീപം ഗ്രൂപ്പ് ഓഫീസില്‍ വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനിടയില്‍ ബെംഗളൂരു അശോക് നഗറിലെ ഓഫീസില്‍ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.
ആത്മഹത്യാ ശ്രമത്തിന് പിന്നാലെ എച്ച്എസ്ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കേരളത്തിലെയും കര്‍ണാടകത്തിലെയും മുന്‍നിരക്കാരായ കോണ്‍ഫിഡന്റ് ഗ്രൂപ്പിനെ ചുരുങ്ങിയ കാലം കൊണ്ട് മുന്‍നിരയിലെത്തിച്ച നേതൃത്വമായിരുന്നു സിജെ റോയിയുടേത്. മികച്ച ബില്‍ഡര്‍ എന്നതിലുപരി സിനിമ, വിനോദസഞ്ചാരം, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലും അദ്ദേഹം മികവുപുലര്‍ത്തി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു കൊച്ചി സ്വദേശിയായ ഡോ. റോയ്.
മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് സിനിമയായ കാസനോവ ഉള്‍പ്പെടെയുള്ള മലയാള സിനിമകളും അദ്ദേഹം നിര്‍മ്മിച്ചു. മോഹന്‍ലാല്‍ അവതാരകനായ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് മലയാളത്തിന്റെ ചില സീസണുകളുടെ ടൈറ്റില്‍ സ്‌പോണ്‍സര്‍ കൂടിയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ്.
പഠിക്കാം & സമ്പാദിക്കാം
Home
