image

19 Nov 2025 1:14 PM IST

News

നെടുമ്പാശ്ശേരി റെയിൽവേ സ്‌റ്റേഷൻ; നിർമ്മാണം ഡിസംബറിൽ , ആദ്യഘട്ടത്തിനായി 10 കോടി അനുവദിച്ചു

MyFin Desk

railways to add 92 general coaches in 46 trains
X

നെടുമ്പാശ്ശേരിയിൽ റെയിൽവേ സ്റ്റേഷൻ നിർമാണം ഡിസംബറിൽ ആരംഭിക്കും. ഇതിനു മുന്നോടിയായി റെയിൽവേയിലെ വിവിധ ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥരുടെ നേതൃത്തത്തിൽ സ്ഥല പരിശോധന നടത്തി. സ്റ്റേഷൻ കെട്ടിടം, ഫുട്ട് ഓവർബ്രിഡ്ജ്, എസി വെയ്‌റ്റിങ് ഹാൾ, ടിക്കറ്റ് കൗണ്ടർ, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങൾ സജ്ജമാക്കാനാണ് തീരുമാനം. ഓരോ ഡിപ്പാർട്ട്‌മെന്റിനോടും സബ് എസ്റ്റിമേറ്റ് തയ്യാറാക്കി നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. സബ് എസ്റ്റിമേറ്റുകൾ വിശകലനം ചെയ്ത് അന്തിമ എസ്റ്റിമേറ്റ് തയ്യാറാക്കും. 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നിലവിൽ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാനാകില്ല. അതിനാൽ സ്ഥലലഭ്യത സംബന്ധിച്ച് സിയാലുമായി ചർച്ച നടത്തും. ആദ്യഘട്ടത്തിൽ റെയിൽവേയുടെ കൈവശമുള്ള സ്ഥലത്ത് കെട്ടിടം നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. അവിടെ ചതുപ്പായതിനാൽ മണ്ണിട്ട് ഉയർത്തേണ്ടി വരും. സമീപത്ത് നിലവിലുള്ള റോഡിന്റെ ഒരു ഭാഗം ഏറ്റെടുക്കേണ്ടിയും വരും. 600 മീറ്റർ നീളത്തിൽ രണ്ട് പ്ലാറ്റ്‌ഫോമുകൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. വന്ദേഭാരത് അടക്കമുള്ള തീവണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിച്ചേക്കും.

നിലവിലുള്ള റെയിൽവേ ലൈനിനു കിഴക്കുഭാഗത്താണ് റെയിൽവേയ്ക്ക് സ്ഥലമുള്ളത്. റെയിൽവേ ലൈനിന് പടിഞ്ഞാറുഭാഗത്ത് സിയാലിന്റെ സ്ഥലമുണ്ട്. അവിടെ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയാൽ യാത്രക്കാർക്ക് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.