image

10 Jan 2022 10:34 AM IST

Corporates

ആരാണീ ഇലോണ്‍ മസ്‌ക്?

MyFin Desk

ആരാണീ ഇലോണ്‍ മസ്‌ക്?
X

Summary

മരിക്കുന്നത് ചൊവ്വയില്‍ വച്ചാകണമെന്ന് മസ്‌ക് ഒരിക്കല്‍ പറഞ്ഞത് തന്റെ സ്വപ്നങ്ങള്‍ എത്രത്തോളം വലുതാണ് എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുക്കാന്‍ കൂടിയായിരുന്നു.


സ്റ്റീവ് ജോബ്‌സിനെ അറിയാത്തവരുണ്ടോ? മുകേഷ് അംബാനിയും രത്തന്‍ ടാറ്റയും ആരാണോ അവരുടെ പതിന്മടങ്ങിലധികം ആസ്തിയുള്ള, ബഹിരാകാശ ടൂറിസമെന്ന സ്വപ്ന പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ മികച്ചൊരു സംരംഭകനും ബിസിനസ്സ് മാഗ്‌നറ്റുമാണ് ഇലോണ്‍ റീവ് മസ്‌ക്.

1971 ജൂണ്‍ 28ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ ആണ് ജനനം. നിലവില്‍ സ്പേസ് എക്സ് എന്ന ബഹിരാകാശ ടൂറിസം പദ്ധതിയുടെ സ്ഥാപകനും സിഇഒയും ചീഫ് എഞ്ചിനീയറുമാണ് ഇലോണ്‍ മസ്‌ക്. ടെസ്ല സി ഇ ഒ, പ്രൊഡക്റ്റ് ആര്‍ക്കിടെക്റ്റ് എന്നീ നിലകളിലാണ് ഇദ്ദേഹം പ്രശസ്തി നേടിയത്.

ഫിലാഡല്‍ഫിയയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്സിലും ഇക്കണോമിക്സിലും ബിരുദവും കാലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും നേടി. 1995 ല്‍ Zip2 എന്ന കമ്പനിയിലൂടെ ടെക്‌നോളജി രംഗത്തെ ആദ്യത്തെ ചുവട് വയ്പ്പു നടത്തി.

ദി ബോറിംഗ്, ഇലക്ട്രോണിക് പേയ്മെന്റ് സ്ഥാപനമായ പേപാല്‍ എന്നിവയുടെ സ്ഥാപകനും ന്യൂറോലിങ്ക് ഓപ്പണ്‍ എ ഐ എന്നിവയുടെ സഹസ്ഥാപകനും ആണ് ഇലോണ്‍ മസ്‌ക്. 2021 നവംബര്‍ വരെയുള്ള കണക്കില്‍, 300 ബില്യണ്‍ യു എസ് ഡോളറിലധികം ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ് ഇദ്ദേഹം.

ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് മാപ്പുകളും ബിസിനസ്സ് ഡയറക്ടറികളും നല്‍കുന്ന സേവനമായിരുന്നു Zip2 കമ്പനി നല്‍കിയത്. 1999 ല്‍, കമ്പ്യൂട്ടര്‍ നിര്‍മ്മാതാക്കളായ കോംപാക്ക് 307 മില്യണ്‍ ഡോളറിന് Zip2നെ വാങ്ങി. ഇതിനു ശേഷം ഓണ്‍ലൈന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയായ X.com സ്ഥാപിക്കുകയും അത് പിന്നീട് പേപാല്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു. ഓണ്‍ലൈനില്‍ പണം കൈമാറുന്നതിന് മികച്ച പ്രചാരം ലഭിച്ച പേപാല്‍ 2002-ല്‍ ഒരു ഓണ്‍ലൈന്‍ ലേലത്തില്‍ eBay 1.5 ബില്യണ്‍ ഡോളറിന് സ്വന്തമാക്കി.

2002ലാണ് റോക്കറ്റുകള്‍ നിര്‍മ്മിക്കുന്നതിനായി സ്‌പേസ് എക്‌സ്‌പ്ലോറേഷന്‍ ടെക്‌നോളജീസ് (സ്‌പേസ് എക്‌സ്) സ്ഥാപിക്കുന്നത്. അതിന്റെ ആദ്യ രണ്ട് റോക്കറ്റുകള്‍ ഫാല്‍ക്കണ്‍ 1 ( 2006 ല്‍ വിക്ഷേപിച്ചു), കുറച്ചു കൂടെ വലിയ മോഡലായ ഫാല്‍ക്കണ്‍ 9 ( 2010ല്‍ വിക്ഷേപിച്ചു) എന്നിവയായിരുന്നു. വളരെ കുറഞ്ഞ ചെലവിലായിരുന്നു ഇതിന്റെ രൂപകല്‍പ്പന. മൂന്നാമത്തെ റോക്കറ്റായ, ഫാല്‍ക്കണ്‍ ഹെവി ( 2018-ല്‍ വിക്ഷേപിച്ചു) ഭ്രമണപഥത്തിലേക്ക് 117,000 പൗണ്ട് (53,000 കിലോഗ്രാം) വഹിക്കാന്‍ പാകത്തിലായിരുന്നു രൂപകല്‍പ്പന ചെയ്തത്.

ഏറ്റവും വലിയ എതിരാളിയായ ബോയിംഗ് കമ്പനിയുടെ ഡെല്‍റ്റ IV ഹെവിയുടെ മൂന്നിലൊന്ന് ചെലവിലായിരുന്നു ഏകദേശം ഇരട്ടി ഭാരം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ഇതിന്റെ നിര്‍മ്മാണം.സ്പേസ് എക്സിന്റെ സി ഇ ഒ എന്നതിന് പുറമേ, ഫാല്‍ക്കണ്‍ റോക്കറ്റുകള്‍, ഡ്രാഗണ്‍, ഗ്രാസ്ഷോപ്പര്‍ എന്നിവയുടെ നിര്‍മ്മാണത്തിലും മുഖ്യ ഡിസൈനര്‍ കൂടിയായിരുന്നു ഇലോണ്‍ മസ്‌ക്.

ഇലക്ട്രിക് കാറുകളുടെ സാധ്യത തിരിച്ചറിഞ്ഞ് 2004ലാണ് സംരംഭകരായ മാര്‍ട്ടിന്‍ എബര്‍ഹാര്‍ഡിനേയും മാര്‍ക്ക് ടാര്‍പെനിംഗിനേയും ചേര്‍ത്ത് ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ല മോട്ടോഴ്സ് (ടെസ്ല) ആരംഭിച്ചത്. 2006-ല്‍ ടെസ്ല അതിന്റെ ആദ്യത്തെ കാറായ റോഡ്സ്റ്റര്‍ അവതരിപ്പിച്ചു. ഒറ്റ ചാര്‍ജില്‍ 245 മൈല്‍ (394 കിലോമീറ്റര്‍) സഞ്ചരിക്കാന്‍ ഈ കാറിനു കഴിയുമായിരുന്നു.

മുന്‍കാല ഇലക്ട്രിക് വാഹനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, നാല് സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ പൂജ്യം മുതല്‍ 60 മൈല്‍ (97 കിലോമീറ്റര്‍) വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ഒരു സ്പോര്‍ട്സ് കാറായിരുന്നു റോഡ്സ്റ്റര്‍. 2010 ല്‍ കമ്പനിയുടെ പ്രാരംഭ പബ്ലിക് ഓഫര്‍ ഏകദേശം 226 മില്യണ്‍ ഡോളര്‍ സമാഹരിച്ചു.

രണ്ട് വര്‍ഷത്തിന് ശേഷം ടെസ്ല മോഡല്‍-എസ് സെഡാന്‍ അവതരിപ്പിച്ചപ്പോള്‍ അതിന്റെ പ്രകടനവും രൂപകല്‍പ്പനയും വാഹന നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. 2015 ല്‍ വിപണിയിലെത്തിയ മോഡല്‍ X ലക്ഷ്വറി എസ് യു വി കമ്പനിക്ക് കൂടുതല്‍ പ്രശംസ നേടി കൊടുത്തു. കുറഞ്ഞ വിലയിലുള്ള മോഡല്‍ 3 2017 ല്‍ ഉല്‍പ്പാദനം ആരംഭിച്ചതോടെ എല്ലാവര്‍ക്കും സ്വീകാര്യമായ ടെസ്ലയുടെ ഒരു മോഡലായി ഇതു മാറി.

2016 ല്‍, മനുഷ്യ മസ്തിഷ്‌കത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സുമായി സംയോജിപ്പിക്കുന്നതിനായി ന്യൂറോ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ന്യൂറാലിങ്കില്‍ മസ്‌ക് സഹസ്ഥാപകനായി. മസ്തിഷ്‌കത്തെ യന്ത്രങ്ങളുമായി ബന്ധിപ്പിക്കാനുള്ള ഉപകരണങ്ങള്‍ സൃഷ്ടിക്കുക എന്നതാണ് ഈ കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

2016 ല്‍ തന്നെ ടണലുകള്‍ നിര്‍മ്മിക്കുന്നതിനായി ദി ബോറിംഗ് എന്ന കമ്പനിയും ഇദ്ദേഹം സ്ഥാപിച്ചു. മസ്‌ക് ഫൗണ്ടേഷന്റെ ചെയര്‍മാന്‍ കൂടിയാണ് ഇലോണ്‍ റീവ് മസ്‌ക്. ദുരന്ത മേഖലകളിലും മറ്റും സൗരോര്‍ജ്ജ സംവിധാനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് ഈ ഫൗണ്ടേഷന്റെ ലക്ഷ്യം. 2002 മുതല്‍, ഫൗണ്ടേഷന്‍ 350-ലധികം സംഭാവനകള്‍ റിസര്‍ച്ചിനു വേണ്ടിയും മറ്റും ഫൗണ്ടേഷന്‍ നല്‍കിക്കഴിഞ്ഞു. ഗുണഭോക്താക്കളില്‍ വിക്കിമീഡിയ ഫൗണ്ടേഷന്‍, പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി, കിംബാള്‍സ് ബിഗ് ഗ്രീന്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്നു.

2010, 2013, 2018, 2021 വര്‍ഷങ്ങളില്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ ലോക പട്ടികയില്‍ ഇദ്ദേഹം മുന്‍നിരയിലുണ്ട്. മരിക്കുന്നത് ചൊവ്വയില്‍ വച്ചാകണമെന്ന് മസ്‌ക് ഒരിക്കല്‍ പറഞ്ഞത് തന്റെ സ്വപ്നങ്ങള്‍ എത്രത്തോളം വലുതാണ് എന്ന് ലോകത്തിനു മനസ്സിലാക്കി കൊടുക്കാന്‍ കൂടിയായിരുന്നു.