image

14 Jan 2022 9:56 AM IST

Corporates

വന്ദന ലൂത്ര

MyFin Desk

വന്ദന ലൂത്ര
X

Summary

ഖുഷി എന്ന എന്‍ ജി ഒയുടെ വൈസ് ചെയര്‍പേഴ്സണാണ് ലൂത്ര.


ഇന്ത്യന്‍ സംരംഭകയും വി എല്‍ സി സി ഹെല്‍ത്ത് കെയര്‍ ലിമിറ്റഡിന്റെ സ്ഥാപകയുമായ വന്ദന ലൂത്ര 1959 ജൂലൈ 12 ന് ന്യൂഡല്‍ഹിയില്‍ ജനിച്ചു. അച്ഛന്‍ മെക്കാനിക്കല്‍ എഞ്ചിനീയറും, അമ്മ ആയുര്‍വേദ ഡോക്ടറുമായിരുന്നു. അവര്‍ നടത്തിയിരുന്ന ചാരിറ്റബിള്‍ സംരംഭമാണ് അമര്‍ ജ്യോതി. ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതാണ് അമര്‍ ജ്യോതിയുടെ ലക്ഷ്യം . ഇത് വന്ദന ലൂത്രയെ വളരെയധികം സ്വാധീനിച്ചു.

ന്യൂഡല്‍ഹിയിലെ വിമന്‍ പോളിടെക്നിക്കില്‍ നിന്ന് പഠനം കഴിഞ്ഞ ശേഷം സൗന്ദര്യം, ഭക്ഷണം, പോഷകാഹാരം, ചര്‍മ്മ സംരക്ഷണം എന്നിവയില്‍ വൈദഗ്ദ്ധ്യം നേടുന്നതിനായി വന്ദന യൂറോപ്പിലേക്ക് പോയി. 2014-ല്‍ ബ്യൂട്ടി ആന്‍ഡ് വെല്‍നസ് സെക്ടര്‍ സ്‌കില്‍ കൗണ്‍സിലിന്റെ ആദ്യ ചെയര്‍പേഴ്‌സണായി നിയമിതയായി.

ന്യൂ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ഡെവലപ്‌മെന്റ് ഏരിയയില്‍ ബ്യൂട്ടി ആന്റ് വെല്‍നസ് സര്‍വീസ് സെന്ററായി 1989-ല്‍ വി എല്‍ സി സി ആരംഭിച്ചു. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിലും വ്യായാമ ക്രമം അടിസ്ഥാനമാക്കിയുള്ള ഭാര നിയന്ത്രണ പരിപാടികളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. വി എല്‍ സി സിക്ക് ശക്തമായ ദേശീയ അന്തര്‍ദേശീയ സാന്നിധ്യമുണ്ട്. ഭാരം മാനേജ്മെന്റ്, ബ്യൂട്ടി പ്രോഗ്രാമുകള്‍ (ചര്‍മ്മം, ശരീരം, കേശ സംരക്ഷണം, അഡ്വാന്‍സ്ഡ് ഡെര്‍മറ്റോളജി, കോസ്മെറ്റോളജി സൊല്യൂഷനുകള്‍) വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലെ ബ്യൂട്ടി ആന്റ് വെല്‍നസ് സര്‍വീസ് ഇന്‍ഡസ്ട്രിയിലെ പ്രവര്‍ത്തനങ്ങളുടെ ഏറ്റവും വലിയ സ്‌കെയിലുള്ളത് വി എല്‍ സി സിയ്ക്കാണ്. നിലവില്‍ ദക്ഷിണേഷ്യ, തെക്കുകിഴക്കന്‍ ഏഷ്യ, ജിസിസി മേഖല, കിഴക്കന്‍ ആഫ്രിക്ക എന്നിവിടങ്ങളിലെ 153 നഗരങ്ങളിലും 13 രാജ്യങ്ങളിലും 326 സ്ഥലങ്ങളില്‍ സ്റ്റോര്‍ പ്രവര്‍ത്തിക്കുന്നു. പോഷകാഹാര കൗണ്‍സിലര്‍മാര്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, കോസ്മെറ്റോളജിസ്റ്റുകള്‍, ബ്യൂട്ടി പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ 4,000-ത്തിലധികം ജോലിക്കാരുള്ള വി എല്‍ സി സി, വിപണി വിഹിതമനുസരിച്ച് ഇന്ത്യന്‍ സൗന്ദര്യ-ക്ഷേമ വ്യവസായത്തില്‍ മുന്‍നിരയിലാണ്.

കമ്പനി കേശ സംരക്ഷണം, ചര്‍മ്മ സംരക്ഷണം, ശരീര സംരക്ഷണം എന്നിവയുടെ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്നു. ഈ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലെ 100,000 ഔട്ട്‌ലെറ്റുകള്‍ വഴിയും ജിസിസി മേഖലയിലും തെക്ക് കിഴക്കന്‍ ഏഷ്യയിലുടനീളമുള്ള 10,000 ഔട്ട്‌ലെറ്റുകളിലും ഇ-കൊമേഴ്‌സ് ചാനലുകള്‍ വഴിയും വില്‍ക്കുന്നു.

വി എല്‍ സി സി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്യൂട്ടി ആന്‍ഡ് ന്യൂട്രീഷന്‍ എന്ന പേരില്‍ തൊഴിലധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ നടത്തുന്നു. ലൂത്ര ബി ഡബ്ലിയു എസ് എസ് സി -ല്‍ ചെയര്‍പേഴ്‌സണായതിനുശേഷം, ഇന്ത്യയിലെ 55 നഗരങ്ങളിലായി 73 കാമ്പസുകളുള്ള ബ്യൂട്ടി ആന്റ് ന്യൂട്രീഷന്‍ ട്രെയിനിംഗ് സെഗ്മെന്റിലെ ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ വിദ്യാഭ്യാസ അക്കാദമികളുടെ ശൃംഖലയായി അത് വളര്‍ന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ പ്രതിവര്‍ഷം 10,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും ഒന്നിലധികം വിഷയങ്ങളില്‍ കോഴ്സുകള്‍ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.

ടെലിമെഡിസിന്‍ സെന്ററുകള്‍, 3,000 കുട്ടികള്‍ക്ക് ഉച്ചഭക്ഷണ സൗകര്യമുള്ള വിദ്യാലയം, തൊഴില്‍ പരിശീലന സൗകര്യം തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്ന ഖുഷി എന്ന എന്‍ ജി ഒയുടെ വൈസ് ചെയര്‍പേഴ്സണാണ് ലൂത്ര. മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിലെയും സ്റ്റിയറിംഗ് കമ്മിറ്റിയിലെയും പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയില്‍ ഇന്ത്യയുടെ നൈപുണ്യ വികസന മന്ത്രാലയം രൂപീകരിച്ച ഉപസമിതിയിലെയും അംഗമാണ്.

2013-ലെ പത്മശ്രീ ഉള്‍പ്പെടെ, മികവിനും സംരംഭകത്വത്തിനുമുള്ള നിരവധി പുരസ്‌കാരങ്ങള്‍ ലൂത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 2012-ലെ ഏഷ്യന്‍ ബിസിനസ് ലീഡേഴ്‌സ് ഫോറം ട്രയല്‍ബ്ലേസര്‍ അവാര്‍ഡ്, 2010-ലെ എന്റര്‍പ്രൈസ് ഏഷ്യ വുമണ്‍ ഓണ്‍ട്രര്‍പ്രണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് എന്നിവയും ലഭിച്ചു. എ പി എ സി മേഖലയിലെ (ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്ന) 50 പവര്‍ ബിസിനസ് വനിതകളുടെ വിശിഷ്ട വാര്‍ഷിക ഫോബ്‌സ് ഏഷ്യ 2016 പട്ടികയില്‍ ലൂത്ര 26-ാം സ്ഥാനത്താണ്. 50 വനിതാ വിജയികളില്‍ 8 പേര്‍ മാത്രമാണ് ഇന്ത്യയില്‍ നിന്നുള്ളത്. 2011 മുതല്‍ 2015 വരെ തുടര്‍ച്ചയായി അഞ്ച് വര്‍ഷക്കാലം ഫോര്‍ച്യൂണ്‍ മാസികയുടെ 'ഇന്ത്യയിലെ ഏറ്റവും ശക്തരായ 50 സ്ത്രീകളുടെ' വാര്‍ഷിക ലിസ്റ്റില്‍ വന്ദന ലൂത്ര ഇടം നേടിയിട്ടുണ്ട്.