image

22 Nov 2022 9:27 AM GMT

Corporates

മസ്‌കിന് വീണ്ടും 'മനംമാറ്റം'; ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നീളും

MyFin Desk

elon musk gesture
X

elon musk gesture

Summary

കഴിഞ്ഞ മൂന്നാഴ്ച്ചയിലധികമായി വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനാല്‍ ബ്ലൂ ടിക്ക് സബ്സ്‌ക്രിപ്ഷന്‍ സേവനം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്നു. ശേഷം 29ന് പുനരാരംഭിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിയും നീളും.


സാന്‍ഫ്രാന്‍സിസ്‌കോ : ട്വിറ്ററിന്റെ ബ്ലൂ ടിക്ക് സേവനം ഈ മാസം 29ന് പുനരാരംഭിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറി സിഇഒ എലോണ്‍ മസ്‌ക്. പ്ലാറ്റ്‌ഫോമിലുള്ള വ്യാജ അക്കൗണ്ടുകള്‍ ഇനിയും നീക്കം ചെയ്യാനുണ്ടെന്നും അതിനാലാണ് തീരുമാനത്തില്‍ നിന്നും പിന്മാറുന്നതെന്നും മസ്‌ക് ട്വീറ്റിലുടെ അറിയിച്ചു.

ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ ഇനി എന്ന് മുതലാകും ആരംഭിക്കുക എന്ന് അറിയിച്ചിട്ടില്ല. വ്യാജ അക്കൗണ്ടുകള്‍ കടന്നു കൂടുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കമ്പനി.

കഴിഞ്ഞ മൂന്നാഴ്ച്ചയിലധികമായി ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനാല്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം താല്‍ക്കാലികമായി നിറുത്തി വെച്ചിരുന്നു. ശേഷം 29ന് പുനരാരംഭിക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതിനിയും നീളും.

ട്വിറ്ററിലെ ഭൂരിഭാഗം വ്യാജ അക്കൗണ്ടുകളും പേജുകളും കമ്പനി നീക്കം ചെയ്തതായാണ് സൂചന. ഒക്ടോബര്‍ 27ന് ട്വിറ്റര്‍ തലപ്പത്തേക്ക് എലോണ്‍ മസ്‌ക് വരുന്നതിന് മുന്‍പ് സെലിബ്രിറ്റികള്‍ക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കും അവരുടെ അക്കൗണ്ട് വേരിഫിക്കേഷന്‍ നടത്തി ബ്ലൂ ടിക്ക് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ പ്രത്യേകം ഫീസ് ഈടാക്കാതെയാണ് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് കമ്പനി ഏറ്റെടുത്ത് ആദ്യ വാരം തന്നെ മസ്‌ക് അറിയിച്ചിരുന്നു. കമ്പനിയുടെ വരുമാനം കൂട്ടുന്നതിനാണ് നീക്കം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇതിനു പിന്നാലെ കമ്പനിയില്‍ വരുമാനം കുറയുന്നുവെന്നും അനാവശ്യ ചെലവുകള്‍ വര്‍ധിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി ജീവനക്കാരിലെ പകുതി പേരെയും മസ്‌ക് പിരിച്ചു വിട്ടു. രണ്ടാം ഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി ഏതാനും ദിവസം മുന്‍പ് 4,400 കരാര്‍ ജീവനക്കാരേയും മസ്‌ക് പിരിച്ചു വിടുകയുണ്ടായി.