image

19 Nov 2022 9:43 AM GMT

Corporates

ട്വിറ്ററില്‍ കൂട്ടരാജി, മിച്ചമുള്ളത് ആകെ 2,900 പേര്‍ മാത്രം

MyFin Desk

twitter employee lay off
X

twitter employee lay off 

Summary

ട്വിറ്ററില്‍ ഇനി വെറും 2,900 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവരില്‍ നല്ലൊരു ഭാഗം പേരും എപ്പോള്‍ വേണമെങ്കിലും ജോലി നിറുത്താനുള്ള സാധ്യത ഇപ്പോഴുണ്ട്.


സോഷ്യല്‍ മീഡിയ വമ്പനായ ട്വിറ്ററില്‍ കൂട്ടപ്പിരിച്ചുവിടല്‍ തുടര്‍ക്കഥയായതിന് പിന്നാലെ കൂട്ടത്തോടെയുള്ള രാജിയും പെരുകുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളിലായി നൂറുകണക്കിന് ആളുകളാണ് പിരിഞ്ഞു പോയതെന്നും, ഇവരില്‍ പലരും രാജി വെച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കമ്പനിയില്‍ എലോണ്‍ മസ്‌ക് നടപ്പാക്കുന്ന നടപടികളിലെ അതൃപ്തിയും പിരിഞ്ഞു പോയവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഏതാനും ആഴ്ച്ച മുന്‍പ് മസ്‌ക് ട്വിറ്ററിലെ പകുതിയിലധികം ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. അപ്പോള്‍ ഏകദേശം 3,700 പേര്‍ക്കാണ് ജോലി നഷ്ടമായത്. ഇതിന് പിന്നാലെ ഒരാഴ്ച്ച മുന്‍പ് 4,400 കരാര്‍ ജീവനക്കാരെയും പിരിച്ചുവിടുകയുണ്ടായി. വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന.

ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.

ഓഫിസില്‍ വന്ന ശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാതെ വന്നപ്പോഴാണ് പിരിച്ചുവിടല്‍ സംബന്ധിച്ച് കാര്യങ്ങള്‍ ജീവനക്കാര്‍ അറിയുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല. കമ്പനിയുടെ വരുമാനം കുറയുകയാണെന്നും അതിനാലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തേണ്ടി വരുന്നത് എന്നുമായിരുന്നു മസ്‌കിന്റെ വിശദീകരണം.

എന്നാല്‍ പിരിച്ചുവിടല്‍ നടത്തി ഏതാനും ദിവസത്തിനുള്ളില്‍ തൊഴില്‍നൈപുണ്യമുള്ള ചില ജീവനക്കാരെ ട്വിറ്ററിലേക്ക് തിരിച്ചു വിളിച്ചിരുന്നു. എഞ്ചിനീയറിംഗ് വിഭാഗത്തില്‍ (കോഡിംഗ് വിദഗ്ധര്‍) കഴിവ് തെളിയിച്ചവരെയായിരുന്നു ഇത്തരത്തില്‍ തിരിച്ച് വിളിച്ചത്.

എത്രത്തോളം ആളുകളെ തിരികെ ജോലിയില്‍ കയറ്റും എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗര്‍ഭിണിയായ യുവതിയെയുള്‍പ്പടെ മസ്‌ക് പിരിച്ചു വിട്ട വാര്‍ത്ത ഏതാനും ദിവസം മുന്‍പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

ബാക്കി വെറും 2,900 പേര്‍

കമ്പനിയില്‍ തുടരുകയായിരുന്ന ചില എഞ്ചിനീയര്‍മാരെ അമിതമായി ജോലി ചെയ്യിക്കുന്നുവെന്നും പരാതി നേരത്തെ ഉയര്‍ന്നിരുന്നു. മസ്‌ക് ട്വിറ്റര്‍ തലപ്പത്തേക്ക് എത്തിയപ്പോള്‍ ചില എഞ്ചിനീയര്‍മാരുടെ തൊഴില്‍ സമയം 12 മണിക്കൂറായി വര്‍ധിപ്പിച്ചിരുന്നു. എന്നാല്‍ എന്നാല്‍ അധിക സമയം ജോലി ചെയ്യുന്നതിന് ഓവര്‍ടൈം അലവന്‍സ് ഉള്‍പ്പടെയുള്ളവ നല്‍കിയിരുന്നില്ല. മാത്രമല്ല ലീവെടുക്കാനും കമ്പനി അനുവദിച്ചിരുന്നില്ല.

ട്വിറ്ററില്‍ ഇനി വെറും 2,900 പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവരില്‍ നല്ലൊരു ഭാഗം പേരും എപ്പോള്‍ വേണമെങ്കിലും ജോലി നിറുത്താനുള്ള സാധ്യത ഇപ്പോഴുണ്ട്. ഇങ്ങനെ മുന്നോട്ട് പോയാല്‍ ട്വിറ്ററിന്റെ പ്രവര്‍ത്തനം എന്നന്നേക്കുമായി നിലച്ചേക്കും. കമ്പനിയുടെ ടെക്ക് വിഭാഗത്തില്‍ ഇനിയും കൊഴിഞ്ഞു പോകലുകളുണ്ടായേക്കുമെന്നാണ് സൂചന.

ബ്ലൂ ടിക്കിന് ഫീസ്

ട്വിറ്ററില്‍ ബ്ലൂ ടിക്ക് ഫീച്ചര്‍ ലഭിക്കുന്നതിനുള്ള സബ്സ്‌ക്രിപ്ഷന്‍ സേവനം ഈ മാസം 29ന് പുനരാരംഭിക്കുമെന്ന് സിഇഒ എലോണ്‍ മസ്‌ക് ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. വ്യാജ അക്കൗണ്ടുകള്‍ കടന്നു കൂടുന്നുവെന്ന് മനസിലാക്കിയതിന് പിന്നാലെ ഇവ നീക്കം ചെയ്യാനുള്ള ശ്രമത്തിലായിരുന്നു കമ്പനി. കഴിഞ്ഞ രണ്ടാഴ്ച്ചയിലധികമായി ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിനാല്‍ സബ്സ്‌ക്രിപ്ഷന്‍ സേവനം താല്‍ക്കാലികമായി നിറുത്തി വെക്കുകയായിരുന്നു.

ട്വിറ്ററിലെ ഭൂരിഭാഗം വ്യാജ അക്കൗണ്ടുകളും പേജുകളും കമ്പനി നീക്കം ചെയ്തതായാണ് സൂചന. ഒക്ടോബര്‍ 27ന് ട്വിറ്റര്‍ തലപ്പത്തേക്ക് എലോണ്‍ മസ്‌ക് വരുന്നതിന് മുന്‍പ് സെലിബ്രിറ്റികള്‍ക്കും, സര്‍ക്കാര്‍ വകുപ്പുകള്‍ക്കും, ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ക്കും അവരുടെ അക്കൗണ്ട് വേരിഫിക്കേഷന്‍ നടത്തി ബ്ലൂ ടിക്ക് നല്‍കിയിരുന്നു.

ആദ്യഘട്ടത്തില്‍ പ്രത്യേകം ഫീസ് ഈടാക്കാതെയാണ് ബ്ലൂ ടിക്ക് വേരിഫിക്കേഷന്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ ബ്ലൂ ടിക്ക് വേരിഫിക്കേഷന് പ്രതിമാസം എട്ട് ഡോളര്‍ ഈടാക്കുമെന്ന് കമ്പനി ഏറ്റെടുത്ത് ആദ്യ വാരം തന്നെ മസ്‌ക് അറിയിച്ചു. കമ്പനിയുടെ വരുമാനം കൂട്ടുന്നതിനാണ് നീക്കം എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.