image

22 Nov 2022 5:35 AM GMT

Corporates

'കോഡിംഗ് മിടുക്കര്‍ക്ക് ട്വിറ്ററില്‍ ജോലി റെഡി': സെയില്‍സിലേക്കും ആളെയെടുക്കാന്‍ മസ്‌ക്

MyFin Desk

twitter job hiring
X

twitter job hiring 

Summary

നിലവിലുള്ള ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. എഞ്ചിനീയറിംഗ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുക.


സാന്‍ഫ്രാന്‍സിസ്‌കോ: നിലപാടുകള്‍ എടുക്കുന്നതിലെ അസ്വാഭാവികതയാണ് ഒരു തരത്തില്‍ പറഞ്ഞാല്‍ ടെസ്ല സ്ഥാപകന്‍ എലോണ്‍ മസ്‌കിന്റെ 'സെല്‍ഫ് മാര്‍ക്കറ്റിംഗ്' തന്ത്രങ്ങളിലൊന്ന്. ട്വിറ്ററിനെ ഏറ്റെടുത്ത് മൂന്നാഴ്ച്ചയ്ക്കകം ഏകദേശം 7,900 ആളുകളെയാണ് മസക് പിരിച്ചുവിട്ടത്. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നീക്കം എന്നായിരുന്നു അദ്ദേഹം അറിയിച്ചിരുന്നത്. എന്നാലിപ്പോള്‍ പുതിയ ആളുകളെ കമ്പനിയിലേക്ക് ജോലിക്ക് എടുക്കാന്‍ പോവുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മസ്‌ക്. അമേരിക്കന്‍ ടെക്‌നോളജി ന്യൂസ് വെബ്‌സൈറ്റായ ദി വെര്‍ജാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

നിലവിലുള്ള ജീവനക്കാരുമായി നടത്തിയ മീറ്റിംഗിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞതെന്നും റിപ്പോര്‍ട്ടിലുണ്ട്. എഞ്ചിനീയറിംഗ്, സെയില്‍സ് എന്നീ വിഭാഗങ്ങളിലേക്കാണ് പുതിയ നിയമനങ്ങള്‍ നടക്കുക. സോഫ്റ്റ് വെയര്‍ കോഡിംഗില്‍ പ്രാഗത്ഭ്യമുള്ളവര്‍ക്കാണ് മുന്‍ഗണന കൊടുക്കുന്നതെന്ന് മസ്‌ക് പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കമ്പനിയുടെ ആസ്ഥാനം ടെക്‌സസിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനമെടുക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

രണ്ടാം ഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി ഏതാനും ദിവസം മുന്‍പ് 4,400 കരാര്‍ ജീവനക്കാരേയും മസ്‌ക് പിരിച്ചു വിടുകയുണ്ടായി. വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെയാണ് ഇപ്പോള്‍ കമ്പനി ഒഴിവാക്കിയതെന്നാണ് സൂചന. ഇവര്‍ക്ക് ഇക്കഴിഞ്ഞ ദിവസങ്ങളിലായി കമ്പനിയുടെ ഇമെയിലോ, ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും, മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് പിരിച്ചു വിട്ടതെന്നും ജീവനക്കാര്‍ പറയുന്നു.

ഓഫിസില്‍ വന്ന ശേഷം ലോഗിന്‍ ചെയ്യാന്‍ പറ്റാതെ വന്നപ്പോഴാണ് പിരിച്ചുവിടല്‍ സംബന്ധിച്ച് കാര്യങ്ങള്‍ ജീവനക്കാര്‍ അറിയുന്നത്. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് ട്വിറ്റര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

പകുതിയിലധികം പേരെ പിരിച്ചു വിട്ടെങ്കിലും ദിവസങ്ങള്‍ക്ക് ശേഷം ഇവരില്‍ ചിലരെ കമ്പനി തിരിച്ചു വിളിച്ചിരുന്നു. മികച്ച തൊഴില്‍ നൈപുണ്യമുള്ളവരെയാണ് മസ്‌ക് ഇത്തരത്തില്‍ തിരിച്ച് വിളിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഈ 'തിരിച്ചുവിളിക്കല്‍' സംബന്ധിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

സോഫ്റ്റ് വെയര്‍ കോഡിംഗില്‍ മികവുള്ള ആളുകളെയും, വ്യാജ വാര്‍ത്തകള്‍ തടയുന്ന ടീമിനേയുമാണ് മസ്‌കിപ്പോള്‍ തിരിച്ചുവിളിച്ചത്. എന്നാല്‍ എത്രത്തോളം ആളുകളെ തിരികെ ജോലിയില്‍ കയറ്റും എന്നത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ കമ്പനി പുറത്ത് വിട്ടിട്ടില്ല. ഗര്‍ഭിണിയായ യുവതിയെയുള്‍പ്പടെ മസ്‌ക് പിരിച്ചു വിട്ട വാര്‍ത്ത ഏതാനും ദിവസം മുന്‍പ് ഏറെ ശ്രദ്ധ നേടിയിരുന്നു.