image

23 Nov 2022 7:37 AM GMT

Corporates

ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കല്‍: അദാനിയടക്കം 13 കമ്പനികള്‍ അന്തിമ പട്ടികയില്‍

MyFin Desk

future group
X

future group


ഡെല്‍ഹി: റിലയന്‍സ് റീട്ടെയില്‍, അദാനി ഗ്രൂപ്പിന്റെ സംയക്ത സ്ഥാപനമായ ഏപ്രില്‍ മൂണ്‍ റീട്ടെയില്‍ എന്നിവയ്ക്കു പുറമേ 11 സ്ഥാപനങ്ങള്‍ കടത്തിലായ ഫ്യൂച്ചര്‍ റീട്ടെയിലിനെ ഏറ്റെടുക്കുന്നതിനുള്ള ലേലനടപടികളുടെ അന്തിമ പട്ടികയില്‍ ഇടം നേടി. നവംബര്‍ 10 ന് പുറത്തിറക്കിയ താല്‍ക്കാലിക പട്ടികയെക്കുറിച്ച് ഫ്യൂച്ചര്‍ റീട്ടെയിലിന്റെ ഓഹരിയുടമകളില്‍ നിന്നും എതിര്‍പ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ കമ്പനികളെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് റെസലൂഷന്‍ പ്രൊഫഷണല്‍ ഫോര്‍ ഫ്യൂച്ചര്‍ റീട്ടെയില്‍ വ്യക്തമാക്കുന്നു.

റിലയന്‍സ് റീട്ടെയില്‍, ഏപ്രില്‍ മൂണ്‍ റീട്ടെയില്‍ എന്നിവയ്ക്ക് പുറമെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിംഗ്സ്, ധരംപാല്‍ സത്യപാല്‍, നല്‍വ സ്റ്റീല്‍ ആന്‍ഡ് പവര്‍, ഷാലിമാര്‍ കോര്‍പ്പറേഷന്‍, എസ്എന്‍വികെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് മാനേജ്മെന്റ്, യുണൈറ്റഡ് ബയോടെക്, ഡബ്ല്യുഎച്ച് സ്മിത്ത് ട്രാവല്‍ എന്നിവയാണ് പട്ടികയിലെ മറ്റ് പ്രമുഖ സ്ഥാപനങ്ങള്‍.

വായ്പകളില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന് ബാങ്ക് ഓഫ് ഇന്ത്യ ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ പാപ്പരത്വ നടപടികള്‍ ആരംഭിച്ചിരുന്നു. എഫ്ആര്‍എല്‍ ഉള്‍പ്പെടെ 19 ഫ്യൂച്ചര്‍ ഗ്രൂപ്പ് കമ്പനികളെ 24,713 കോടി രൂപയ്ക്ക് റിലയന്‍സ് ഏറ്റെടുക്കാനൊരുങ്ങിയത് ആമസോണിന്റെ നിയമപരമായ വെല്ലുവിളിയെ തുടര്‍ന്ന് വായ്പാദാതാക്കള്‍ തള്ളിക്കളഞ്ഞിരുന്നു.

ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് താല്‍പര്യ പത്രം (ഇഒഐ) സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി നവംബര്‍ മൂന്നായിരുന്നു. എഫ്ആര്‍എല്ലിന് നിലവില്‍ 23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 302 പാട്ടത്തിനെടുത്ത റീട്ടെയില്‍ സ്റ്റോറുകളുണ്ട്. അതില്‍ ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ പോലുള്ള 30 വലിയ സ്റ്റോറുകളും, 272 ചെറിയ സ്റ്റോറുകളും ഉള്‍പ്പെടുന്നു.

ബാങ്ക് ഓഫ് ഇന്ത്യയുടെ പരാതിയില്‍, നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ (എന്‍സിഎല്‍ടി) മുംബൈ ബെഞ്ച് ജൂലൈ 20 ന് എഫ്ആര്‍എല്ലിനെതിരെ സിഐആര്‍പി (കോര്‍പ്പറേറ്റ് ഇന്‍സോള്‍വന്‍സി റെസല്യൂഷന്‍ പ്രോസസ്സ്) ആരംഭിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു.