image

30 Nov 2022 7:44 AM GMT

Corporates

ടൊയോട്ട കിര്‍ലോസ്‌കര്‍ വൈസ് ചെയര്‍മാന്‍ വിക്രം കിര്‍ലോസ്‌കര്‍ അന്തരിച്ചു

MyFin Desk

vikram kirloskar passed away
X


ഇന്ത്യയിലെ ടൊയോട്ടയുടെ മുഖവും, ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ ഗ്രൂപ്പിന്റെ വൈസ് ചെര്‍മാനുമായ വിക്രം കിര്‍ലോസ്‌കര്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1888 ല്‍ ആരംഭിച്ച കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ നാലാം തലമുറയിലെ അംഗമായിരുന്നു വിക്രം. പമ്പുകള്‍, എഞ്ചിനുകള്‍, കംപ്രസര്‍ എന്നിവ നിര്‍മിക്കുന്ന കമ്പനിയാണ് കിര്‍ലോസ്‌കര്‍. എംഐടി (മസാച്യുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) യില്‍ നിന്നും മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ കിര്‍ലോസ്‌കര്‍ 1998 ലാണ് കിര്‍ലോസ്‌കര്‍ ഗ്രൂപ്പിന്റെ ഭാഗമാകുന്നത്. കിര്‍ലോസ്‌കര്‍ സിസ്റ്റംസ് ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായിരുന്നു അദ്ദേഹം.

നംവബര്‍ 25 ന് ടൊയോട്ട ഇന്നോവ ഹൈക്രോസ് വിപണിയിലവതരിപ്പിച്ചപ്പോഴാണ് അദ്ദേഹം അവസാനമായി പൊതുവേദിയില്‍ വന്നത്. ഇന്ത്യയില്‍ ടൊയോട്ട ഗ്രൂപ്പുമായി സംയുക്ത സംരംഭത്തിലൂടെ രാജ്യത്ത് പ്രധാനപ്പെട്ട ഓട്ടോമൊബൈല്‍ നിര്‍മാണ വ്യവസായം ആരംഭിക്കുന്നതിന് നേതൃത്വം നല്‍കിയ വിക്രം, 2019-20 കാലയളവില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ പ്രസിഡന്റായിരുന്നു. നിലവില്‍ സിഐഐ മാനുഫാക്ചറിംഗ് കൗണ്‍സില്‍, സിഐഐ ട്രേഡ് ഫെയറിന്റെ കൗണ്‍സില്‍ ചെയര്‍മാന്‍, ഹൈഡ്രജന്‍ ടാസ്‌ക് ഫോഴ്‌സ് ചെയര്‍മാന്‍ എന്നീ ഉത്തരവാദിത്തങ്ങളും വഹിച്ചിരുന്നു. റോഡ് ഐലന്‍ഡ് സ്‌കൂള്‍ ഓഫ് ഡിസൈനിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റിയിലും വിക്രം കിര്‍ലോസ്‌കര്‍ അംഗമായിരുന്നു. ഭാര്യ ഗീതാജ്ഞലി കിര്‍ലോസ്‌കര്‍, മകള്‍ മാനസി കിര്‍ലോസ്‌കര്‍.