31 Oct 2026 9:08 AM IST
ഒമാനിൽ പുതിയ കമ്പനി; സലാല തുറമുഖത്തിന്റെ നടത്തിപ്പ് ഇനി അദാനിയുടെ കൈകളിലോ?
Amritha Elizabeth Abraham
Summary
ഒമാനിലെ പുതിയ സബ്സിഡിയറിയിലൂടെ സലാല തുറമുഖ നടത്തിപ്പ് ലക്ഷ്യമിടുന്ന അദാനി പോർട്ട്സ്, അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ തുറമുഖ-ലോജിസ്റ്റിക്സ് ശൃംഖല അതിവേഗം വിപുലീകരിച്ച് ആഗോള സമുദ്ര വ്യാപാരത്തിൽ നിർണായക സ്വാധീനമുറപ്പിക്കാനുള്ള ശക്തമായ നീക്കത്തിലാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖ ഓപ്പറേറ്ററായ അദാനി പോർട്ട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ഒമാനിൽ പുതിയ സബ്സിഡിയറി കമ്പനി ആരംഭിച്ചു. അദാനിയുടെ സിംഗപ്പൂർ വിഭാഗമായ അദാനി ഇന്റർനാഷണൽ പോർട്ട്സ് ഹോൾഡിങ്സ് വഴി 2026 ഒക്ടോബർ 21 നാണ് 'ഇന്ത്യൻ ഓഷ്യൻ ഗേറ്റ്‌വേ ടെർമിനൽ' എന്ന പേരിൽ പുതിയ കമ്പനി രജിസ്റ്റർ ചെയ്തത്. 5,000 ഒമാനി റിയാൽ വീതമുള്ള 100 ഓഹരികളിലായി ആകെ 5,00,000 ഒമാനി റിയാൽ അഥവാ ഏകദേശം 12.3 കോടി ഇന്ത്യൻ രൂപയുടെ ഓഹരി മൂലധനത്തിലാണ് ഈ യൂണിറ്റ് സ്ഥാപിച്ചിരിക്കുന്നത്. 2017 സെപ്റ്റംബറിൽ ഒമാനിലെ ദുഖം സ്പെഷ്യൽ ഇക്കണോമിക് സോണുമായി ധാരണാപത്രം ഒപ്പിട്ട് ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് അദാനി ഒമാനിൽ നേരിട്ട് സാന്നിധ്യം ഉറപ്പിക്കുന്നത്.
സലാല തുറമുഖവും അദാനിയുടെ പുതിയ നീക്കവും
ഒമാനിലെ ഏറ്റവും വലിയ കണ്ടെയ്നർ ഹബ്ബായ സലാല തുറമുഖത്തിന്റെ നടത്തിപ്പ് ഏറ്റെടുക്കാനുള്ള ഗുഡ് നീക്കമായാണ് വിപണി വിദഗ്ധർ ഇതിനെ കാണുന്നത്. 1998 മുതൽ 30 വർഷത്തെ കരാറിൽ തുറമുഖം നടത്തിവരുന്ന സലാല പോർട്ട് സർവീസസ് കമ്പനിയുടെ കരാർ കാലാവധി 2028 നവംബർ 1 ന് അവസാനിക്കും. ഈ കരാർ ഇനി പുതുക്കി നൽകില്ലെന്ന് ഒമാൻ ഗതാഗത മന്ത്രാലയം 2026 ഒക്ടോബർ 18 ന് മസ്കറ്റ് സ്റ്റോക്ക് എക്സ്ചേഞ്ചിനെ ഔദ്യോഗികമായി അറിയിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെ ഒക്ടോബർ 22 ന് അദാനി പുതിയ കമ്പനിയുടെ വിവരം പുറത്തുവിട്ടതോടെ സലാല തുറമുഖത്തിന്റെ കരാർ അദാനി പോർട്ട്സിന് ലഭിക്കാൻ സാധ്യതയേറി.
ആഗോള വിപണിയിലെ അദാനിയുടെ വമ്പൻ വിപുലീകരണം
ഇന്ത്യയിലെ ആകെ ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും കൈകാര്യം ചെയ്യുന്ന അദാനി പോർട്ട്സ് നിലവിൽ ഇസ്രായേൽ, ശ്രീലങ്കയിലെ കൊളംബോ, ടാൻസാനിയ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര തലത്തിൽ ബിസിനസ് വളർത്തുന്നതിനായി ലോകമെമ്പാടുമുള്ള 20 ലധികം പ്രോജക്ടുകൾ കമ്പനി ഇപ്പോൾ പരിശോധിച്ചുവരികയാണെന്ന് സിഇഒ അശ്വനി ഗുപ്ത വ്യക്തമാക്കി. കൂടാതെ യൂറോപ്പിലെ അഞ്ച് രാജ്യങ്ങളിലായി എട്ട് ടെർമിനലുകളുള്ള ഇവോസ് ടെർമിനൽസിനായി 3.3 ബില്യൺ ഡോളറിന്റെ ബിഡ് സമർപ്പിച്ച അദാനി ഗ്രൂപ്പ്, ഡച്ച് എനർജി സ്റ്റോറേജ് കമ്പനിയായ വിടിടിഐയെ 3.4 ബില്യൺ ഡോളറിന് ഏറ്റെടുക്കാനും ശ്രമിക്കുന്നുണ്ട്. അതേസമയം ബ്രിട്ടനിലെ അസോസിയേറ്റഡ് ബ്രിട്ടീഷ് പോർട്ട്സിനെ കമ്പനി വിലയിരുത്തിയെങ്കിലും മതിയായ ലാഭവിഹിതം ലഭിക്കില്ലെന്ന കാരണത്താൽ ആ ശ്രമം ഉപേക്ഷിച്ചു.
പഠിക്കാം & സമ്പാദിക്കാം
Home
