image

2 Feb 2023 12:45 PM IST

Corporates

'എഫ്പിഒയുമായി മുന്നോട്ട് പോകുന്നത് ധാര്‍മ്മികമായി ശരിയല്ലെന്ന് തോന്നി', വീഡിയോ സന്ദേശവുമായി അദാനി

MyFin Desk

adani video
X

Summary

  • ഓഹരി വിപണിയിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ എഫ്.പി.ഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലുണ്ടായതാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.


ഡെല്‍ഹി: ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ (എഫ്പിഒ) പിന്‍വലിച്ചുവെന്ന് അറിയിച്ചതിന് പിന്നാലെ വീഡിയോ സന്ദേശവുമായി അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി. എഫ്പിഒ പിന്‍വലിച്ചത് സംബന്ധിച്ച വിശദീകരണത്തിനൊപ്പം നിക്ഷേപകരുടെ താല്‍പര്യത്തിനാണ് മുന്‍ഗണന നല്‍കുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഓഹരി വിപണിയിലുള്ള സ്ഥിതിഗതികള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തില്‍ എഫ്.പി.ഒയുമായി മുന്നോട്ടുപോകുന്നത് ധാര്‍മികമായി ശരിയല്ലെന്ന വിലയിരുത്തലുണ്ടായതാണ് തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം വിശദീകരിച്ചു.

'സംരംഭകനെന്ന നിലയില്‍ നാല് പതിറ്റാണ്ടായി നടത്തുന്ന വിനീതമായ യാത്രയില്‍ നിക്ഷേപകര്‍ അടക്കമുള്ളവരുടെ അകമഴിഞ്ഞ പിന്തുണയാണ് എനിക്ക് ലഭിച്ചിട്ടുള്ളത്. ജീവിതത്തില്‍ നേടിയ എന്ത് ചെറിയ നേട്ടത്തിനും പിന്നില്‍ നിക്ഷേപകര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസമാണ് ഉള്ളത്. എന്റെ വിജയത്തില്‍ ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം നിക്ഷേപകരുടെ താത്പര്യമാണ് പരമപ്രധാനം. മറ്റുള്ളവയെല്ലാം രണ്ടാമതാണ്'. വീഡിയോ സന്ദേശത്തില്‍ അദാനി വ്യക്തമാക്കി.


എഫ് പിഒ വഴി സമാഹരിച്ച 20,000 കോടി രൂപ നിക്ഷേപകര്‍ക്ക് തിരിച്ചു നല്‍കുമെന്നാണ് കമ്പനി ഇന്നലെ അറിയിച്ചത്. നിലവിലെ വിപണിയിലെ അദാനി ഗ്രൂപ്പ് നേരിടുന്ന പ്രതിസന്ധികളും അനിശ്ചിതാവസ്ഥയും, കണക്കിലെടുത്ത് നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും അതിനാല്‍ എഫ് പിഒ വരുമാനം തിരികെ നല്‍കുമെന്നും കമ്പനി ഒരു പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി 31 ചൊവ്വാഴ്ചയാണ് എഇഎല്‍-ന്റെ എഫ് പിഒ സമാപിച്ചത്. 4.55 കോടി ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നതിലൂടെ 20,000 കോടി രൂപ സമാഹരിക്കാനായിരുന്നു ലക്ഷ്യം. അവസാന ദിനത്തെ റീട്ടെയില്‍ ഇതര നിക്ഷേപകരുടെ പിന്തുണയോടെ 4.62 കോടി ഓഹരികള്‍ക്ക് അപേക്ഷ ലഭിച്ചിരുന്നു.

ഇന്‍സ്റ്റിറ്റിയുഷണല്‍ ഇതര നിക്ഷേപകര്‍ക്ക് 96.16 ലക്ഷം ഓഹരികളും, ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയുഷണല്‍ നിക്ഷേപകര്‍ക്ക് 1.28 കോടി ഓഹരികളും നീക്കിവച്ചതില്‍ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു.