image

25 Jan 2023 9:40 AM GMT

Corporates

മസ്‌കിനെ കണ്ട് പരസ്യക്കാരുടെ കൂട്ടപ്പലായനം, ട്വിറ്ററിന്റെ വരുമാനത്തില്‍ 71% ഇടിവ്

MyFin Desk

slash in twitter income
X

Summary

  • പരസ്യ നിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കമ്പനി പുതിയ ചുവടുവെപ്പുകള്‍ സ്വീകരിക്കുകയാണെന്ന് സ്റ്റാന്‍ഡാര്‍ഡ് മീഡിയ ഇന്‍ഡക്‌സ് (എസ്എംഐ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.


സാന്‍ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ പരസ്യ വരുമാനത്തില്‍ 71 ശതമാനത്തിന്റെ ഇടിവെന്ന് റിപ്പോര്‍ട്ട്. കമ്പനിയെ എലോണ്‍ മസ്‌ക് ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററിന് പരസ്യം നല്‍കിയിരുന്ന മുന്‍നിര കമ്പനികള്‍ പിന്മാറിയതാണ് വരുമാനത്തെ സാരമായി ബാധിച്ചത്. ഡിസംബറിലെ വരുമാനക്കണക്ക് വിശദമാക്കുന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

പരസ്യ നിരക്ക് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ കമ്പനി പുതിയ ചുവടുവെപ്പുകള്‍ സ്വീകരിക്കുകയാണെന്ന് സ്റ്റാന്‍ഡാര്‍ഡ് മീഡിയ ഇന്‍ഡക്‌സ് (എസ്എംഐ) പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ ഉള്ളടക്കമുള്ള പരസ്യങ്ങള്‍ വീണ്ടും കൊണ്ടുവരിക, പരസ്യങ്ങള്‍ പൊസിഷന്‍ ചെയ്യുന്നത് സംബന്ധിച്ച് കമ്പനികള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുക എന്നത് മുതല്‍ പരസ്യ രഹിത സബ്‌സ്‌ക്രിപ്ഷന്‍ വരെ ട്വിറ്റര്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

താരിഫുകളില്‍ ഇത് ഏറ്റവും ഉയര്‍ന്ന നിരക്കുള്ളതാകും പരസ് രഹിത സബ്‌സ്‌ക്രിപഷന്റേത് എന്നാണ് സൂചന. പരസ്യം പൂര്‍ണമായും ഒഴിവായി ട്വിറ്റര്‍ സേവനം ലഭിക്കുന്ന സ്‌കീമിന്റെ കൃത്യം തുക സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാല്‍ പുതിയ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.

പല ഭാഷകളില്‍ 'വൈറലാകുന്ന' ട്വീറ്റുകള്‍ മറ്റ് രാജ്യങ്ങളിലുള്ളവര്‍ക്ക് മനസിലാക്കുന്നതിനായി ട്രാന്‍സ്ലേഷന്‍ (പരിഭാഷ) ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്ന് കമ്പനി സിഇഒ എലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം ട്വീറ്റ് വഴി അറിയിച്ചിരുന്നു. മറ്റ് നാടുകളിലെ സംസ്‌കാരത്തിനും ഭാഷയ്ക്കും കൂടുതല്‍ ഖ്യാതി ലഭിക്കുന്നതിന് ഫീച്ചര്‍ വഴി വയ്ക്കും.

അടുത്തിടെ കമ്പനിയില്‍ നടന്ന കൂട്ടപ്പിരിച്ചുവിടലുകളടക്കം ട്വിറ്ററിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചിരുന്നു. ഇതോടെ ഒട്ടേറെ ഉപഭോക്താക്കളാണ് പ്ലാറ്റ്‌ഫോമില്‍ നിന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്തത്. പരസ്യവരുമാനത്തെ ഉള്‍പ്പടെ ഇത് സാരമായി ബാധിച്ചു തുടങ്ങിയതോടെയാണ് ഉപഭോക്താക്കളുടെ എണ്ണം താഴേയ്ക്ക് പോകാതിരിക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള പുത്തന്‍ ഫീച്ചറുകള്‍ ട്വിറ്റര്‍ അവതരിപ്പിച്ച് തുടങ്ങിയത്.