image

20 March 2023 9:01 AM GMT

Technology

ചാറ്റ് ജിപിറ്റി ഉപയോഗിച്ച് കമ്പനി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാന്‍ എയര്‍ ഇന്ത്യ

MyFin Desk

air india to facilitate company operations with chat gpt
X

Summary

  • അടുത്തിടെയാണ് ചാറ്റ് ജിപിറ്റി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്.


ഓപ്പണ്‍ എഐ ഇറക്കിയ ചാറ്റ്‌ബോട്ട് ചാറ്റ് ജിപിറ്റിയുടെ നാലാം വേര്‍ഷന്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കാന്‍ ആലോചിക്കുന്നുവെന്ന് എയര്‍ ഇന്ത്യ സിഇഒ ക്യാംപ് ബെല്‍ വില്‍സണ്‍. എയര്‍ലൈനിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി. കാപ്പാ-ഇന്ത്യാ എവിയേഷന്‍ സമ്മിറ്റ് 2023ല്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അടുത്തിടെയാണ് ചാറ്റ് ജിപിറ്റി പ്ലസ് സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചത്. ചാറ്റ് ജിപിടി പ്ലസ് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്നവര്‍ക്ക് കമ്പനി അടുത്തിടെ അവതരിപ്പിച്ച എഐ ഭാഷാമോഡലായ ജിപിടി -4 അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താനാവും. നേരത്തെയുണ്ടായിരുന്ന 3.5 വേര്‍ഷനെ അപേക്ഷിച്ച് ജിപിറ്റി 4ന് കൃത്യതയുണ്ടാകുമെന്നും മികച്ച സുരക്ഷാ സംവിധാനങ്ങളാണ് 4.0ല്‍ ഉള്‍പ്പെടുത്തിയരിക്കുന്നത്. ഇനി മുതല്‍ മിക്ക തൊഴിലുകള്‍ക്കും ചാറ്റ് ജിപിറ്റിയുടെ ഉപയോഗം അറിഞ്ഞിരിക്കേണ്ടതായി വരുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഓപ്പണ്‍ എഐയുടെ ലാര്‍ജ് ലാംഗ്വേജ് മോഡലായ ജിപിറ്റി 4 വരുന്നതോടെ എഐ ചാറ്റ്ബോട്ട് രംഗത്ത് മത്സരം കടുത്തേക്കും. നിര്‍ദ്ദേശങ്ങള്‍ നല്‍കിയാല്‍ വീഡിയോ വരെ നിര്‍മ്മിച്ച് തരുന്ന വേര്‍ഷനാകും ഇതെന്ന് ഏതാനും ദിവസം മുന്‍പ് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയില്‍ നടക്കുന്ന എഐ ഇന്‍ ഫോക്കസ് ഡിജിറ്റല്‍ കിക്കോഫ് എന്ന പരിപാടിയിലാകും ചാറ്റ് ജിപിറ്റിയുടെ പുതിയ വേര്‍ഷന്‍ അവതരിപ്പിക്കുക. നിലവിലുള്ള ചാറ്റ് ജിപിറ്റി 3.5 വേര്‍ഷനേക്കാള്‍ മികച്ചതാകും ഇതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

ഓപ്പണ്‍ എഐ ചാറ്റ്‌ബോട്ട് തരംഗം സൃഷ്ടിച്ച് ദിവസങ്ങള്‍ക്കകം സമാനമായ ടെക്‌നോളജിയില്‍ എതിരാളി സോഫ്റ്റ് വെയര്‍ ഗൂഗിള്‍ ഇറക്കിയിരുന്നു. ഗൂഗിളിന്റെ എഐ അധിഷ്ഠിത പ്ലാറ്റ്‌ഫോമിന് ബാര്‍ഡ് എന്നാണ് പേര്. നിലവില്‍ ഇത് പബ്ലിക്ക് ടെസ്റ്റിംഗിന് ലഭ്യമാകുമെന്നും പരീക്ഷണഘട്ടത്തിലാണ് ഇതുള്ളതെന്നും ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ വ്യക്തമാക്കിയിരുന്നു. ഗൂഗിളിന്റെ തന്നെ ലാംഡ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ ചാറ്റ്‌ബോട്ട് എന്ന് ഏതാനും ദിവസം മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.