image

15 March 2023 9:08 AM GMT

Corporates

'ചെലവുഭാരം' ! ബോണസ് വിതരണം വൈകിപ്പിച്ച് ആപ്പിള്‍, 10,000 പേരെ ഫയര്‍ ചെയ്യാന്‍ മെറ്റ

MyFin Desk

apple delayed bonus distribution
X

Summary

  • ബോണസ് വര്‍ഷത്തില്‍ ഒരു തവണയായി ചൂരുക്കുകയാണെന്ന് ഏതാനും മാസം മുന്‍പ് കമ്പനി അറിയിച്ചിരുന്നു.


കലിഫോര്‍ണിയ: ചെലവ് ചുരുക്കലിന്റെ ഭാഗമായി ചില കോര്‍പ്പറേറ്റ് ഡിവിഷനുകളിലേക്ക് ബോണസ് വിതരണം നടത്തുന്നത് ആപ്പിള്‍ വൈകിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മാത്രമല്ല ഇപ്പോള്‍ ആളുകളെ ജോലിയ്‌ക്കെടുക്കുന്നത് താല്‍ക്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പല ജീവനക്കാരും ഇതിനൊടകം സ്വയം പിരിഞ്ഞു പോയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

സാധാരണയായി പ്രതിവര്‍ഷം രണ്ട് തവണയായിട്ടാണ് ആപ്പിള്‍ ബോണസുകള്‍ നല്‍കി വരുന്നത്. ഇതില്‍ നല്ലൊരു പങ്കും ഉന്നത തസ്തികയില്‍ ഇരിക്കുന്നവര്‍ക്കാണെന്നും സൂചനകളുണ്ട്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന പണപ്പെരുപ്പത്തെയടക്കം നേരിടുന്നതിനായി കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ ചെലവ് ചുരുക്കലിലേക്ക് ശ്രദ്ധയൂന്നുകയാണ് കമ്പനി.

ബോണസ് വര്‍ഷത്തില്‍ ഒരു തവണയായി ചൂരുക്കുകയാണെന്ന് ഏതാനും മാസം മുന്‍പ് കമ്പനി അറിയിച്ചിരുന്നു. എന്നാല്‍ മറ്റ് കോര്‍പ്പറേറ്റുകളില്‍ ഉണ്ടായത് പോലെ ആപ്പിളില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ആപ്പിള്‍ ഉത്പന്നങ്ങളുടെ വില്‍പനയില്‍ ഇടിവ് വന്നതോടെ ഡിസംബറിലവസാനിച്ച പാദത്തില്‍ മാത്രം വരുമാനത്തില്‍ 5 ശതമാനം ഇടിവാണ് കമ്പനി നേരിട്ടത്.

വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

ഇക്കഴിഞ്ഞ നവംബറില്‍ 11,000 പേരെ പിരിച്ചുവിട്ട മെറ്റ ഇപ്പോള്‍ 10,000 പേരെ കൂടി പിരിച്ചുവിടുമെന്ന് അറിയിച്ചിരിക്കുകയാണ്. മാത്രമല്ല 5,000 ഒഴിവുകളിലേക്ക് നിലവില്‍ ആളെ എടുക്കില്ലെന്നും മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു. മാര്‍ക്ക് സുക്കര്‍ബര്‍ഗിനും കുടുംബത്തിനുമായുള്ള സുരക്ഷാ അലവന്‍സ് 14 ദശലക്ഷം യുഎസ് ഡോളറായി ഉയര്‍ത്തിയെന്ന് ഏതാനും ആഴ്ച്ച മുന്‍പ് റിപ്പോര്‍ട്ട് വന്നിരുന്നു.

ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയില്‍ നിന്നും ആയിരക്കണക്കിന് പേരെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയതിന് പിന്നാലെയാണ് സുക്കര്‍ബര്‍ഗിന്റെ സുരക്ഷാ അലവന്‍സ് വര്‍ധിപ്പിച്ചത്. നേരത്തെ ഇത് 4 മില്യണ്‍ യുഎസ് ഡോളറായിരുന്നു. സുക്കര്‍ബര്‍ഗിന്റെ സുരക്ഷ സംബന്ധിച്ച സംവിധാനങ്ങളില്‍ അടിമുടി മാറ്റം വരുത്തുകയാണെന്നും കമ്പനി പുറത്ത് വിട്ട റിപ്പോര്‍ട്ടിലുണ്ട്.

38 കാരനായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫോബ്‌സ് ബില്യണയര്‍ പട്ടികയില്‍ 16ാം സ്ഥാനത്താണ്. 2021ല്‍ മാത്രം സുക്കര്‍ബര്‍ഗിന്റെ പ്രതിഫലം 27 മില്യണ്‍ യുഎസ് ഡോളറായിരുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള കോര്‍പ്പറേറ്റ് ലോകത്ത് കൂട്ടപ്പിരിച്ചുവിടലുകള്‍ ശക്തമാകുമ്പോഴാണ് ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയില്‍ നിന്നും ഇക്കഴിഞ്ഞ നവംബര്‍-ഡിസംബര്‍ കാലയളവിലായി 11,000 പേരെ പിരിച്ചുവിട്ടത്.